ADVERTISEMENT
ഡ്രൈവറായ ഞാൻ വീടുകളിൽ ഡയറക്ട് സെല്ലിങ് നടത്തിയാണ് ജീവിക്കുന്നത്. ആവശ്യത്തിന് മൂലധനം ഇല്ല എന്നതാണ് എന്റെ പ്രശ്‌നം. എനിക്ക് ജൻ ധൻ അക്കൗണ്ട് ഉള്ള പൊതുമേഖല ബാങ്കിൽ 5000 രൂപയുടെ ഓവർഡ്രാഫ്റ്റിന് അപേക്ഷിച്ചപ്പോൾ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. ബ്ലേഡ് പലിശയ്ക്ക് ആയിരം രൂപ എടുത്താൽ 900 രൂപയേ കയ്യിൽ കിട്ടുകയുള്ളൂ. ദിവസം 100 രൂപ വച്ച് 10 ദിവസം തിരിച്ചടയ്ക്കണം. 10,000 രൂപ വായ്പയായി കിട്ടിയാൽ മാസത്തിൽ 3 തവണ കച്ചവടത്തിൽ റൊട്ടേറ്റ് ചെയ്യാം അടുത്ത മാസം തുടരുകയുമാകാം. പരിഹാര മാർഗം നിർദ്ദേശിക്കാമോ?

കൃഷി, ചെറുകിട സംരംഭങ്ങൾ തുടങ്ങിയ മുൻഗണനാ മേഖലകളിൽ സംരംഭങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് ലളിത വ്യവസ്ഥകളിൽ പൊതുമേഖല ഉൾപ്പെടെ വാണിജ്യ ബാങ്കുകൾ, റീജനൽ റൂറൽ ബാങ്കുകൾ, സഹകരണ അർബൻ ബാങ്കുകൾ എന്നിവയിലൂടെ വായ്പകൾ നൽകുന്നതിന് റിസർവ് ബാങ്ക് വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സ്വയം കണ്ടെത്തിയ ചെറുകിട കച്ചവട സംരംഭകനെന്ന നിലയിൽ ബാങ്കുകളിൽനിന്നു തന്നെ വായ്പ ലഭിക്കുന്നതാണ്. ഉപയോഗപ്പെടുത്താവുന്ന പ്രധാന അവസരങ്ങൾ ഇവയൊക്കെയാണ്.

ജൻ ധൻ അക്കൗണ്ട്

പ്രധാനമന്ത്രി ജൻ ധൻ പദ്ധതി പ്രകാരം തുടങ്ങിയിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിൽ ഓവർ ഡ്രാഫ്റ്റ് ആയി ലഭിക്കുന്ന തുക 10000 രൂപയായി ഉയർത്തിയിട്ടുണ്ട്. കൂടാതെ വായ്പ ലഭിക്കുന്നതിനുള്ള പ്രായപരിധി 18 മുതൽ 60 വയസ്സുവരെ എന്നായിരുന്നത് 65 വയസ്സുവരെയായി ഉയർത്തിയിട്ടുമുണ്ട്. പ്രത്യേക ഉപാധികളൊന്നും ആവശ്യപ്പെടാതെ നൽകുന്ന ഇത്തരം വായ്പകൾ സൂക്ഷ്മ സംരംഭങ്ങൾക്ക് നൽകുന്ന മുൻഗണനാ വായ്പകളായി പരിഗണിക്കേണ്ടതാണെന്നും റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്.

സൂക്ഷ്മ സംരംഭക വായ്പ

വിവിധ സേവനങ്ങൾ നൽകുന്നതിനായി നടത്തുന്ന സൂക്ഷ്മ സംരംഭങ്ങൾക്ക് 10ലക്ഷം രൂപ വരെ വായ്പകൾ മുൻഗണനാ വിഭാഗത്തിൽപ്പെടുത്തി നൽകുന്നുണ്ട്.  50,000 രൂപ വരെ വ്യക്തികൾക്കു നൽകുന്ന വായ്പകൾ ഒറ്റയ്‌ക്കൊറ്റയ്ക്കു നൽകിയാലും സ്വയം സഹായ സംഘങ്ങൾക്കായി കൂട്ടായി നൽകിയാലും മുൻഗണനാ വിഭാഗത്തിൽപ്പെടും. കൂടാതെ പണമിടപാടുകാരിൽനിന്ന് കൊള്ളപ്പലിശയ്ക്ക് എടുത്ത ഒരുലക്ഷം രൂപ വരെയുള്ള വായ്പകൾ തിരിച്ചടച്ച് സാമ്പത്തിക സമ്മർദങ്ങളിൽനിന്നു രക്ഷ നേടുന്നതിനും മുൻഗണനാ വിഭാഗത്തിൽപ്പെടുത്തി ബാങ്കുകൾ വായ്പ നൽകും.

ദുർബല വിഭാഗം

ഉൽപാദന മേഖലയിലുൾപ്പെടെ മറ്റ് വരുമാന മാർഗങ്ങൾ തേടുന്നതിനുമായി 15,000 രൂപ വരെയുള്ള വായ്പകൾക്ക് ഡിഫറൻഷ്യൽ റേറ്റ് ഓഫ് ഇന്ററസ്റ്റ് സ്‌കീം പ്രകാരം 4% വാർഷിക പലിശ നിരക്കാണ് ഈടാക്കുക. പട്ടികജാതി- പട്ടികവർഗക്കാർ, ന്യൂനപക്ഷങ്ങൾ, ചെറുകിട -നാമമാത്ര കർഷകർ, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, ചെറിയ വായ്പ ആവശ്യമുള്ള സ്ത്രീകൾ എന്നിവരെയൊക്കെയാണ് ദുർബല വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്നവർ. നടപടിക്രമങ്ങളുടെ നൂലാമാലകളും ജാമ്യ വ്യവസ്ഥകളും ഒഴിവാക്കിയാണ് വായ്പകൾ ലഭ്യമാക്കുന്നത്.

മുദ്ര വായ്പകൾ

പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം സാധാരണക്കാർ തുടങ്ങുന്ന സ്വയം സംരംഭങ്ങൾക്ക് 50,000 രൂപാ മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ വാണിജ്യ ബാങ്കുകൾ വഴി നടപ്പാക്കുന്നുണ്ട്. കാർഷികേതര മേഖലയിൽപ്പെട്ട ഉൽപാദന സംരംഭങ്ങളും സേവനങ്ങൾ നൽകുന്ന സംരംഭങ്ങളും മാത്രമല്ല, തെരുവോരങ്ങളിൽ വരെ കച്ചവടം ചെയ്യുന്നവർക്കും മുൻഗണാനാടിസ്ഥാനത്തിൽ മുദ്ര വായ്പകൾ ലഭ്യമാക്കുന്നുണ്ട്.

സ്വയം സഹായ സംഘങ്ങൾ

ഒറ്റയ്ക്ക് ബാങ്കുകളെ സമീപിച്ച് വായ്പ തരപ്പെടുത്താനാകാത്ത സന്ദർഭങ്ങളിൽ സംരംഭകരുടെ കൂട്ടായ്മകൾ സ്വയംസഹായ സംഘങ്ങളായി രൂപീകരിച്ചും ബാങ്കുകളിൽനിന്ന് വായ്പ നേടാം. സംരംഭകർക്ക് ഓരോരുത്തർക്കായി ആദ്യ റൗണ്ടിൽ 60,000 രൂപ വരെയും പിന്നീട് ഉയർന്ന വായ്പകൾക്കും അർഹതയുണ്ടാകും. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളായതിനാൽ വസ്തു ജാമ്യം ഉൾപ്പെടെ അധിക ജാമ്യം വേണ്ടിവരില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com