ADVERTISEMENT

കൊച്ചി ∙ പൊതു മേഖലയിലെ ബാങ്കുകളുടെ ഓഹരികളെ അടിസ്‌ഥാനമാക്കിയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ്  ഫണ്ട് (ഇടിഎഫ്) ഈ സാമ്പത്തിക വർഷം  നിലവിൽ വരും. വിവിധ ബാങ്കുകളുടെ ഓഹരികളിൽ വെവ്വേറെ നിക്ഷേപം നടത്തുന്നതിന്റെ പ്രയോജനം ഫണ്ടിന്റെ യൂണിറ്റുകൾ സ്വന്തമാക്കുന്നതിലൂടെ മാത്രം നിക്ഷേപകർക്കു ലഭിക്കുന്ന സംവിധാനമാണിത്.കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച രണ്ട് ഇടിഎഫുകൾ നിലവിലുണ്ട്. 2014ൽ ആരംഭിച്ച സിപിഎസ്‌ഇ ഇടിഎഫാണ് ഒന്ന്. ഒഎൻജിസി, ഇന്ത്യൻ ഓയിൽ, ഭാരത് ഇലക്‌ട്രോണിക്‌സ് തുടങ്ങി 11 കേന്ദ്ര പൊതു മേഖല സംരംഭ (സിപിഎസ്‌ഇ) ങ്ങളെ അടിസ്‌ഥാനമാക്കിയുള്ള ഫണ്ടാണിത്.

രണ്ടാമത്തേതു 2017ൽ ആരംഭിച്ച ഭാരത് – 22 ഇടിഎഫാണ്. 16 കേന്ദ്ര പൊതു മേഖല സംരംഭങ്ങൾ, പൊതു മേഖലയിലെ മൂന്നു ബാങ്കുകൾ, സർക്കാരിനു ന്യൂനപക്ഷ പങ്കാളിത്തമുള്ള മൂന്നു സ്വകാര്യ കമ്പനികൾ എന്നിവയുടെ ഓഹരികളെ അടിസ്‌ഥാനമാക്കിയുള്ള ഫണ്ടാണിത്.  പിഎസ്‌ബി ഇടിഎഫ് എന്ന പേരിൽ പൊതു മേഖലയിലെ ബാങ്കുകളുടെ ഓഹരികളെ മാത്രം അടിസ്‌ഥാനമാക്കിയുള്ള ഫണ്ട് ആരംഭിക്കാൻ സർക്കാരിനു പ്രചോദനമായിരിക്കുന്നതു സിപിഎസ്‌ഇ ഇടിഎഫ്, ഭാരത് – 22 ഇടിഎഫ് എന്നിവയുടെ വൻ വിജയമാണ്.പിഎസ്‌ബി ഇടിഎഫിന്റെ ‘ബാസ്‌കറ്റ്’ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങി 19 പൊതു മേഖല ബാങ്കുകളുടെ ഓഹരികളടങ്ങുന്നതായിരിക്കും.

ധനസ്‌ഥാപനമായ ഐഎഫ്‌സിഐ, ഇൻഷുറൻസ് കമ്പനികളായ ന്യൂ ഇന്ത്യ അഷ്വറൻസ്, ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികൾ കൂടി ഉൾപ്പെടുത്തി ‘ബാസ്‌കറ്റ്’ വിപുലമാക്കിയാലോ എന്ന് ആലോചനയുണ്ട്.ധന മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാർട്‌മെന്റ് ഓഫ് ഇൻവെസ്‌റ്റ്‌മെന്റ്  ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റാണ് ഇക്കാര്യം പരിഗണിക്കുന്നത്.പൊതു മേഖലയിലെ ബാങ്കുകളിൽ സർക്കാരിനുള്ള ഓഹരി പങ്കാളിത്തം കുറച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണു പിഎസ്‌ബി ഇടിഎഫ് ആരംഭിക്കാനുള്ള നീക്കമെന്നു കരുതാം.

അതേസമയം, പിഎസ്‌ബി ഇടിഎഫ് ചില്ലറ നിക്ഷേപകർക്ക് എത്രമാത്രം ആകർകമായിരിക്കും എന്നറിയാൻ പദ്ധതി ആരംഭിക്കുന്നതുവരെ കാത്തിരിക്കണം. സിപിഎസ്‌ഇ ഇടിഎഫ്, ഭാരത് – 22 ഇടിഎഫ് എന്നിവ കോർപറേറ്റ് നിക്ഷേപകർക്കും ഉന്നത ആസ്‌തിമൂല്യമുള്ളവർ (എച്ച്‌എൻഐ) ക്കും മാത്രമാണ് ഏറെ ഗുണകരമായതെന്ന് ആക്ഷേപമുയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com