ADVERTISEMENT

മുംബൈ ∙ ജെറ്റ് എയർവേയ്സിന്റെ ഭാവി ഇനി നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) കയ്യിൽ.ജെറ്റിനെ ഏറ്റെടുക്കാൻ ഉറച്ച നിർദേശങ്ങൾ ആരും സമർപ്പിക്കാത്ത സാഹചര്യത്തിലാണ് എസ്ബിഐ നേതൃത്വം നൽകുന്ന 26 ബാങ്കുകളുടെ കൂട്ടായ്മ എൻസിഎൽടിയുടെ തീരുമാനത്തിനു വിട്ടത്. പുതിയ നിക്ഷേപകനെ കണ്ടെത്തുന്നതിന്റെ ചുമതല ഈ കൂട്ടായ്മക്കായിരുന്നു. ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്സി നിയമപ്രകാരമാണ് (ഐബിസി) നടപടി.

എത്തിഹാദ്–ഹിന്ദുജ കൂട്ടുകെട്ട് സമർപ്പിച്ച നിർദേശം മാത്രമാണ് ലഭിച്ചതെന്ന് എസ്ബിഐ വ്യക്തമാക്കി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽനിന്ന് ചില ഇളവുകൾ നിക്ഷേപകൻ ആവശ്യപ്പെട്ടിരുന്നു. ഐബിസി പ്രകാരം മാത്രമാണ് ഇത് സാധിക്കൂ. ജെറ്റിന് വായ്പ നൽകിയ ഷമാം വീൽസ്, ഗാഗർ എന്റർപ്രൈസസ് എന്നീ സ്ഥാപനങ്ങൾ കമ്പനിക്കെതിരെ പാപ്പരത്ത നടപടി സ്വീകരിക്കണമെന്ന് എൻസിൽടിയോട് ആവശ്യപ്പെട്ടിരുന്നു.ഇതിനായുള്ള വാദം 20ന് നടക്കും. ഇതിന്റെ ഭാഗമായി ജെറ്റിന് നോട്ടിസ് നൽകാനും എൻസിഎൽടി ഉത്തരവിട്ടിരുന്നു. ഏപ്രിൽ 17നാണ് ജെറ്റ് സർവീസ് നിർത്തിവച്ചത്. 36,000 കോടിയുടെ ബാധ്യതയാണ് ഉള്ളത്. ഇതിൽ 8000 കോടി ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് നൽകാനുള്ളതാണ്. 23,000  ജീവനക്കാർ ഉണ്ട്.

ജെറ്റിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ള കമ്പനികളിൽ നിന്ന് ബാങ്കുകളുടെ കൂട്ടായ്മ താൽപര്യപത്രം ക്ഷണിച്ചുവെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചിരുന്നില്ല. എത്തിഹാദിന് 24 ശതമാനം പങ്കാളിത്തമുണ്ടെങ്കിലും  കൂടുതൽ നിക്ഷേപം നടത്താൻ അവർ താൽപര്യം കാണിച്ചില്ല.  ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കലിന് ഇടയ്ക്ക് താൽപര്യം കാണിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറി. ജെറ്റ് എയറിന്റെ ഒാഹരി വിലയും കുത്തനെ ഇടിഞ്ഞു. ബിഎസ്ഇയിൽ വില 17 ശതമാനം കുറഞ്ഞ് 68.30 രൂപയായി.  വിപണി മൂല്യം 776 കോടിയിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com