ADVERTISEMENT

തിരുവനന്തപുരം∙മൂന്നു വർഷം കഴിയുമ്പോൾ സംസ്ഥാനത്തു വിതരണം ചെയ്യുന്ന മൊത്തം വൈദ്യുതിയുടെ 21% പാരമ്പര്യേതര ഊർജ മേഖലയിൽ നിന്നായിരിക്കണമെന്നും കുറവു വരുന്ന ഓരോ യൂണിറ്റിനും ഒരു രൂപ വീതം പിഴ ചുമത്തുമെന്നും കേന്ദ്രം. ഇതനുസരിച്ചു 2022ൽ കേരളത്തിൽ വിതരണം ചെയ്യുന്ന വൈദ്യുതിയിൽ 400 കോടി യൂണിറ്റ് എങ്കിലും പാരമ്പര്യേതര ഊർജ മേഖലയിൽ ഉൽപാദിപ്പിക്കുന്നത് ആയിരിക്കണം.

ഒരു വർഷം വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 10.5% സോളർ മേഖലയിൽ നിന്നും 10.5% കാറ്റ്, മാലിന്യം, ചെറുകിട ജലപദ്ധതികൾ തുടങ്ങിയവയിൽ നിന്നുമായിരിക്കണമെന്നാണു കേന്ദ്ര ചട്ടം. ഇതു സംസ്ഥാനത്ത് ഉൽപാദിപ്പിക്കുകയോ പുറത്തു നിന്നു വാങ്ങുകയോ ചെയ്യാം. ഇതനുസരിച്ച് രണ്ടു വിഭാഗത്തിലുമായി 200 കോടി യൂണിറ്റ് വീതം ഉൽപാദിപ്പിക്കുകയോ പുറത്തു നിന്നു വാങ്ങുകയോ വേണം.1600 മെഗാവാട്ടിന്റെ സോളർ നിലയങ്ങൾ സ്ഥാപിച്ചാലേ വർഷം 200 കോടി യൂണിറ്റ് ലഭിക്കൂ. കാറ്റ്, ചെറുകിട ജലപദ്ധതി തുടങ്ങിയവയിൽ നിന്ന് 200 കോടി യൂണിറ്റ് ലഭിക്കാൻ 1000 മെഗാവാട്ടിന്റെ നിലയങ്ങൾ സ്ഥാപിക്കണം.

സോളറിൽ നിന്ന് 1000 മെഗാവാട്ട് ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടാണു വൈദ്യുതി ബോർഡ് ‘സൗര’ പദ്ധതി പ്രഖ്യാപിച്ചത്. പുരപ്പുറ സോളർ പദ്ധതി, സ്വകാര്യ സംരംഭകരുടെ സോളർ പദ്ധതി തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. സ്വകാര്യ സംരംഭകർ താൽപര്യം കാട്ടാത്തതിനാൽ വീണ്ടും ടെൻഡർ വിളിക്കും.സംസ്ഥാനത്തു ചെറുകിട ജലവൈദ്യുത നിലയങ്ങളും കാറ്റാടി നിലയങ്ങളും സ്ഥാപിക്കാൻ സ്ഥല പരിമിതിയുണ്ട്. കേന്ദ്ര സ്ഥാപനമായ സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ വിവിധ പ്രദേശങ്ങളിലായി 2500 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങൾ സ്ഥാപിക്കാൻ ടെൻഡർ വിളിച്ചിട്ടുണ്ട്.

ഈ നിലയങ്ങളിൽ നിന്നു യൂണിറ്റിന് 2.83 രൂപയ്ക്ക് 200 മെഗാവാട്ട് വാങ്ങാൻ വൈദ്യുതി ബോർഡ് കഴിഞ്ഞ ദിവസം കരാർ ഒപ്പു വച്ചു.2 വർഷത്തിനുള്ളിൽ 40 കോടി യൂണിറ്റു വരെ ലഭിക്കുമെന്നാണു പ്രതീക്ഷ.എൻടിപിസിയും കാറ്റാടി നിലയങ്ങൾക്കു ടെൻഡർ വിളിച്ചിട്ടുണ്ട്.യൂണിറ്റിന് 2.87 രൂപയ്ക്ക് അവരിൽ നിന്ന് 200 മെഗാവാട്ട് വാങ്ങാൻ ധാരണ ആയി.അടുത്ത 3 വർഷം ഏതു സംസ്ഥാനത്തുള്ള കാറ്റാടി നിലയത്തിൽ നിന്നു വൈദ്യുതി വാങ്ങിയാലും പ്രസാരണച്ചെലവും പ്രസാരണ നഷ്ടവും നൽകേണ്ടെന്നാണു കേന്ദ്ര വ്യവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com