ബജറ്റ് വാർഷിക തമാശ ഇന്ത്യയിൽ മാത്രം: ഡോ.സുർജിത് ഭല്ല

budget
SHARE

കൊച്ചി∙ ബജറ്റുകൾ ഇന്നലെ ഇന്ന് നാളെ...ഡോ.സുർജിത് ഭല്ല ബജറ്റുകളുടെ പരിണാമം ചൂണ്ടിക്കാട്ടി. പഴയ കാലത്തെ ബജറ്റുകളിൽ എപ്പോഴും നികുതി കൂടലും കുറയലും കയറ്റുമതി–ഇറക്കുമതി ചുങ്കങ്ങളുടെ കൂടലും കുറയലും ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല.

ബജറ്റ് പഴയ കാലത്ത് അക്കൗണ്ടിങ് പ്രസ്താവനയായിരുന്നു. ഒരുതരം കണക്കുപുസ്തകം. ധനക്കമ്മി, റവന്യൂ കമ്മി തുടങ്ങിയ കണക്കുകൾ വരും.

ഇപ്പോൾ അത്തരം കണക്കുകളുടെ പ്രസക്തി കുറഞ്ഞിരിക്കുന്നു. പരോക്ഷ നികുതി കണക്കുകളില്ല, ജിഎസ്ടി കാരണം. പ്രത്യക്ഷ നികുതികളുടെ കണക്കുകളിലും കുറവുണ്ട്. ഇറക്കുമതിച്ചുങ്കങ്ങളിൽ കാര്യമായ വ്യത്യാസമില്ല.

അമേരിക്കയുടെയോ ബ്രിട്ടന്റെയോ ബജറ്റിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? അവിടെങ്ങും ഇത്തരം ‘വാർഷിക തമാശ’ ഇല്ല. ഇന്ത്യയിലാണ് ഇത്ര പ്രധാന്യം.

പഴയകാലത്ത് ഏതൊക്കെ വ്യവസായികൾ സർക്കാരിന്റെ ‘നല്ല പിള്ള’മാരും ‘ചീത്ത പിള്ള’മാരുമെന്ന് ബജറ്റിൽ അറിയാമായിരുന്നു. നല്ല പിള്ളമാരുടെ വ്യവസായങ്ങളുടെ നികുതി കുറയ്ക്കും, അല്ലാത്തവരുടേതു കൂട്ടും. ഇത്തരം രീതികൾ പഴഞ്ചനായി. ഇതാണു പഴയ കാലത്തെ ബജറ്റ്.

ഇന്നത്തെ കാലത്ത് ബജറ്റിൽ വളരെ കുറച്ചു മാത്രമേ കണക്കുകൾ ഉള്ളൂ. എന്നാൽ പൂർണമായി ഇല്ലാതായിട്ടുമില്ല. ഇത്തവണയും ആദായനികുതിയിൽ വർധന ഉയർന്ന വരുമാനക്കാർക്കു വന്നു. കശുവണ്ടി, സ്വർണം തുടങ്ങിയവയുടെ ചുങ്കം കൂട്ടി.

ഇനി ഭാവി ബജറ്റുകളിൽ ഇത്തരം നികുതികളുടെ കൂടലും കുറയലും ഇല്ലാതാകും. സ്ഥിരം നിരക്കുകൾ വർഷങ്ങളോളം തുടരും. വരവു ചെലവ് കണക്കുകളുടെ രേഖ അല്ലാതാകും ബജറ്റ്.

ബിജെപിക്കും ഘടകകക്ഷികൾക്കും ലഭിച്ച സീറ്റുകളുടെ എണ്ണം നെഹ്‌റു–ഇന്ദിരാഗാന്ധി കാലത്ത് ഭരണകക്ഷിക്കു ലഭിച്ചിരുന്ന ലോക്സഭാ സീറ്റുകളുടെ എണ്ണത്തിനു തുല്യമാണ്. അതിനർഥം പരിഷ്കരണങ്ങളുമായി ധൈര്യമായി മുന്നോട്ടുപോകാമെന്നാണ്. പ്രതീക്ഷകളും വളരെ ഉയരെ.

ഈ ബജറ്റിന്റെ പിന്നിലൊരു ദർശനമുണ്ട്, പക്ഷേ പ്രായോഗിക ലക്ഷ്യങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA