ADVERTISEMENT

തിരുവനന്തപുരം ∙ മതിയായ തയാറെടുപ്പില്ലാതെ ആരംഭിച്ച പച്ചത്തേങ്ങാ സംഭരണ പദ്ധതിക്കു തുടക്കത്തിൽ തന്നെ ഇടർച്ച. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതി മൂന്നു ദിവസം പിന്നിട്ടിട്ടും ഭൂരിഭാഗം ജില്ലകളിലും ഇതുവരെ സംഭരണം ആരംഭിക്കാൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിൽ സംഭരണത്തിനുള്ള സംഘങ്ങൾ ഏതൊക്കെയെന്നു നിശ്ചയിക്കാൻ പോലും കൃഷി വകുപ്പിനു സാധിച്ചിട്ടില്ല.

ഡ്രയിങ് യാർഡ് ഉള്ള സംഘങ്ങൾക്കു മാത്രം അനുമതി നൽകിയാൽ മതിയെന്ന നിബന്ധന കർശനമാക്കിയതോടെ അനുബന്ധ പശ്ചാത്തല സൗകര്യങ്ങളുള്ള സംഘങ്ങളെ കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഉദ്യോഗസ്ഥർ. സാമ്പത്തികശേഷിയും ഭദ്രതയുമുള്ള സംഘങ്ങൾക്കു സംഭരണ ചുമതല നൽകണമെന്നാണു സർക്കാർ നിർദേശമുള്ളത്. കേരഫെഡിന്റെ അധീനതയിലുള്ള പല സംഘങ്ങൾക്കും സംഭരണശേഷി സൗകര്യങ്ങൾ കുറവാണ്.

തേങ്ങ സംഭരിച്ചു കൊപ്രയാക്കി കേന്ദ്ര ഏജൻസിയായ നാഫെഡിനു കൈമാറാനാണു തീരുമാനിച്ചിരിക്കുന്നത്. കർഷകർക്കു മുൻകൂർ പണം നൽകണമെന്ന വ്യവസ്ഥയും പദ്ധതിയിൽ നിന്നു സഹകരണ സംഘങ്ങൾ പിന്മാറുന്നതിനു കാരണമായിട്ടുണ്ടെന്നാണു സൂചന. ഭൂരിഭാഗം ജില്ലകളിലും ഒരാഴ്ചവരെ കാത്തിരിക്കണം എന്ന നിർദേശമാണു കർഷകർക്കു ലഭിച്ചിരിക്കുന്നത്. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കേരളത്തിലില്ലാത്ത സാഹചര്യവും മെല്ലെപ്പോക്കിനു കാരണമായിട്ടുണ്ട്. കിലോഗ്രാമിന് 27 രൂപയാണു സർക്കാർ താങ്ങുവില പ്രഖ്യാപിച്ചത്.

ഇറക്കുകൂലി, വാഹനത്തിൽ കൊണ്ടുപോകുന്നതിനുള്ള കൂലി എന്നീ ഇനങ്ങളിൽ 400 രൂപ സൊസൈറ്റികൾക്കും നിശ്ചയിച്ചിട്ടുണ്ട്. സംഭരണം നടത്തേണ്ട സൊസൈറ്റികളെ തീരുമാനിക്കാൻ ജില്ലാതല സമിതികൾ പല തവണ യോഗം ചേർന്നിട്ടും മികച്ച സൊസൈറ്റികളെ കണ്ടെത്താൻ വൈകുന്നതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com