ADVERTISEMENT

കൊച്ചി∙തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 138 കോടി രൂപയും കോട്ടയം വഴിയുളള പാത ഇരട്ടിപ്പിക്കലിനു 99.25 കോടി രൂപയും ബജറ്റ് വിഹിതം അനുവദിച്ചു. പാത ഇരട്ടിപ്പിക്കൽ ഒഴികെയുളള പദ്ധതികളിൽ കാര്യമായ വിഹിതം സംസ്ഥാനത്തിന് ഇല്ലാത്തതു കനത്ത തിരിച്ചടിയാണ്.

ആലപ്പുഴ വഴി പാത ഇരട്ടിപ്പിക്കലിനു 47കോടി രൂപ നീക്കി വച്ചിട്ടുണ്ടെങ്കിലും എസ്റ്റിമേറ്റിന് അംഗീകാരമില്ലാത്തതിനാൽ പണം ചെലവാക്കാൻ‍ കഴിയില്ല. ഇതോടെ സ്ഥലമേറ്റെടുപ്പ്, അലൈൻമെന്റ് തർക്കം തുടങ്ങിയ പ്രശ്നങ്ങളുളള പദ്ധതികൾക്കൊന്നും കാര്യമായ വകയിരുത്തലില്ല. പദ്ധതി െചലവു പങ്കിടുന്ന കാര്യത്തിൽ സംസ്ഥാനവും കേന്ദ്രവും തീരുമാനത്തിലെത്താത്തതിനാൽ അങ്കമാലി- എരുമേലി ശബരി പാതയ്ക്കു കാര്യമായ വിഹിതമില്ല. ഒന്നര കോടി രൂപയാണു ആകെയുളളത്.

budget

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നു കാണിക്കാൻ ഗുരുവായൂർ–തിരുനാവായ പാതയ്ക്കു 50 ലക്ഷം രൂപയുണ്ട്. അന്തിമ അലൈൻമെന്റ് നിശ്ചയിക്കാൻ കഴിയാത്തതാണു പദ്ധതിക്കു തിരിച്ചടിയായത്. 1518 കോടി ചെലവു കണക്കാക്കുന്ന ഷൊർണൂർ–എറണാകുളം മൂന്നാം പാതയ്ക്കു ടോക്കൺ തുകയായ ഒരു കോടി മാത്രമുണ്ട്. നേമം പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കാൻ ആവശ്യപ്പെട്ടതോടെ പദ്ധതിക്കു കാര്യമായ പരിഗണന ലഭിച്ചിട്ടില്ല.

കൊച്ചുവേളി ടെർമിനൽ വികസനം, പാലക്കാട് ടൗൺ സ്റ്റേഷനിലെ പിറ്റ്‌ലൈൻ പദ്ധതി എന്നിവയ്ക്കും അനുമതിയില്ല. എറണാകുളത്തെ മൂന്നാം പിറ്റ്‌ലൈൻ തീർക്കാൻ 8 കോടി രൂപ വേണ്ടിടത്തു 88 ലക്ഷം രൂപയാണുളളത്. കണ്ണൂർ സ്റ്റേഷനിൽ അധിക പ്ലാറ്റ്ഫോമിനു ഇടക്കാല ബജറ്റിൽ അനുവദിച്ച 2 കോടി നിലനിർത്തി. ആലപ്പുഴ വഴിയുളള പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി അമ്പലപ്പുഴ–ഹരിപ്പാട് രണ്ടാം പാത തീർക്കാൻ മാത്രമാണു റെയിൽവേ ഉദ്ദേശിക്കുന്നത്. 26 കോടി രൂപയാണ് ഇതിനുളളത്. അമ്പലപ്പുഴ മുതൽ എറണാകുളം വരെ പദ്ധതിക്ക് എസ്റ്റിമേറ്റിന് അനുമതിയില്ല.

കൊച്ചുവേളി ടെർമിനൽ വികസനത്തിനു 33 കോടി രൂപയുടെ പദ്ധതിയാണു ഡിവിഷൻ സമർപ്പിച്ചിരുന്നത്. എന്നാൽ പഴയ പ്രവൃത്തികളുടെ ബില്ല് കൊടുത്തു തീർക്കാനുളള 28 ലക്ഷം രൂപയാണു ലഭിച്ചത്. കന്യാകുമാരി– തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിനു ഭൂമിയേറ്റെടുക്കാൻ 100 കോടി, നേമം ടെർമിനലിനു മുൻപു അനുവദിച്ച 73 കോടി രൂപയ്ക്കു പുറമേ 40 കോടി രൂപ എന്നിവയാണു നിർമാണ വിഭാഗം ചോദിച്ചിരുന്നത്. കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 138 കോടിയുണ്ടെങ്കിലും ഭൂമിയേറ്റെടുക്കാൻ കാര്യമായ തുക നീക്കി വച്ചിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com