ADVERTISEMENT

പ്രളയത്തിന്റെ ഓർമയുണർത്തി കാലവർഷം കനക്കുമ്പോൾ, അതിജീവനത്തിന്റെ കരളുറപ്പോടെ മുന്നോട്ടുള്ള വഴിയൊരുക്കാൻ കേരളത്തിനു മാതൃകയാവുകയാണ് ചേക്കുട്ടിയും ചേന്ദമംഗലത്തെ നെയ്ത്തുകാരും. ചേറുപുരണ്ട തുണിയിൽനിന്ന് നെയ്ത്തുകാർക്കു പുതുജീവിതം സമ്മാനിച്ച ചേക്കുട്ടിയെ ഇനി നെയ്ത്തു സഹകരണ സംഘങ്ങൾ ഏറ്റെടുക്കും.

അതിജീവനത്തിന്റെ ആഗോള മാതൃകയെന്ന നിലയിൽ രാജ്യാന്തര വേദികളിലുൾപ്പെടെ ശ്രദ്ധനേടിയ ചേക്കുട്ടി ഇതുവഴി പൊതു ഉടമസ്ഥതയിലുള്ള സാമൂഹിക സംരംഭമാവും. ചേന്ദമംഗലത്തെ ഏഴു കൈത്തറി സഹകരണ സംഘങ്ങൾ ചേർന്നു രൂപീകരിക്കുന്ന ‘റെസിലീയന്റ് ചേന്ദമംഗല’ത്തിന്റെ നേതൃത്തിലാകും ഇനിയുള്ള പ്രവർത്തനങ്ങൾ.  ചേക്കുട്ടിയെന്ന പേരിൽ പാവകൾ ഒരുക്കുകയല്ല, നാടിന് അതിജീവനത്തിന്റെ വഴികാട്ടിയാവുകയാണ് ലക്ഷ്യം.

പ്രളയത്തിന്റെ കഥ പറഞ്ഞുകൊണ്ടു തന്നെ ഏതു ദുരന്തത്തെയും ചെറുത്തുനിൽക്കാൻ നാടിന്റെ പ്രാപ്തരാക്കുന്ന പദ്ധതികളാണ് ചേന്ദമംഗലത്ത് ഒരുങ്ങുന്നത്. ഇതിനൊപ്പം ടൂറിസം വികസനം കൂടി സാധ്യമാക്കാൻ ഒൻപതു കേന്ദ്രങ്ങളിലായി ചേക്കുട്ടി മ്യൂസിയം, ചേക്കുട്ടി കഫേ എന്നിവയും ഒരുക്കും. ഇതിനായി സംസ്ഥാന സർക്കാരിന്റേതുൾപ്പെടെ സഹകരണം വരുംനാളുകളിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ‘റെസിലീയന്റ് ചേന്ദമംഗലം’

ചേക്കുട്ടി ഇതുവരെ നേടിയത്

പ്രളയത്തിന്റെ ചേറും ചെളിയും പുരണ്ട കൈത്തറി തുണിയിൽ നിന്ന് അതിജീവനത്തിന്റെ പാഠമായാണ് ചെറുപാവക്കുട്ടികൾ  ഒരുങ്ങിയത്.  കത്തിച്ചുകളയാൻ കൂട്ടിയിട്ട ആ തുണികൾ വരുമാനമായതും ചേറുപുരണ്ട ചേക്കുട്ടിയെ ഒരുക്കാൻ നാടൊരുമിച്ചതും ലോകത്തിന്റെ വിവിധ വേദികളിൽ അതിജീവനത്തിന്റെ കൈത്തിരിയായി ചേക്കുട്ടി മാറിയതും പുതിയൊരു മാതൃക സൃഷ്ടിച്ചാണ്.

അമ്പതിനായിരത്തിലേറെ സന്നദ്ധ പ്രവർത്തകർ ഒൻപതു രാജ്യങ്ങളിലായി ചേക്കുട്ടി പാവകളെയൊരുക്കി. ഇതുവരെ വിൽപന നടത്തിയത് 1,60,000ത്തോളം ചേക്കുട്ടികൾ,  ഓൺലൈൻ വിൽപന വഴിമാത്രം ലഭിച്ചത്  41 ലക്ഷം രൂപ. ഇതിനു പുറമേ വിവിധ കമ്പനികളുടെ സിഎസ്ആർ പ്രവർത്തനങ്ങൾ ഉൾപ്പെടെ  കണക്കിൽപെടുത്തിയാൽ ചേക്കുട്ടി വഴി ചേന്ദമംഗലത്തെത്തിയത് ഏതാണ്ട് 83 ലക്ഷം രൂപ.

ചേന്ദമംഗലത്തിന്റെ സ്വന്തം േചക്കുട്ടി


‘‘ പ്രളയദുരന്തത്തിന്റെ നാളുകളിൽ പല വിഭാഗങ്ങളിൽ നിന്നുളള, പല നാടുകളിൽ നിന്നുള്ളവരുടെ പിന്തുണയും സഹായവും ഞങ്ങൾക്കു കിട്ടി. ഇപ്പോൾ ഞങ്ങൾക്കു നേരെ നിൽക്കാമെന്ന നിലയിലായി. ഇനി തിരികെ കൊടുക്കാനുള്ള ഉത്തരവാദിത്തം ഞങ്ങളുടേതാണ്. പ്രാദേശിക സമൂഹത്തിനു ഗുണപ്പെടുന്നതിനൊപ്പം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിദുരന്തങ്ങൾക്കിരയാവുന്നവർക്കു മുന്നിൽ മാതൃകയാകാനാവണം’’, കരിമ്പാടം നെയ്ത്തുസഹകരണ സംഘത്തിന്റെ സെക്രട്ടറി അജിത്ത് കുമാർ പറഞ്ഞു.

ചേന്ദമംഗലത്തെ 7 കൈത്തറി സഹകരണ സംഘങ്ങൾ ചേർന്നു രൂപീകരിക്കുന്ന  ‘റെസീലിയന്റ് ചേന്ദമംഗലം  സഹകരണ സംഘമായി റജിസ്റ്ററ്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് നെയ്ത്തുകാർ. ഇതിനായി ഏഴിന അജൻഡയും ഒരുക്കിയിട്ടുണ്ട്. ചേന്ദമംഗലത്തെ നെയ്ത്തുകാരുടെ ഉന്നമനം തന്നെയാണ് ആദ്യ ലക്ഷ്യം. ചേക്കുട്ടിയെന്ന ബ്രാൻഡിനു കീഴിൽ പുതിയ ഉത്പന്നങ്ങൾ ഒരുക്കുക വഴി  ജില്ലയിൽ പുതിയൊരു സസ്റ്റെയ്‌നബിൾ വിപണിയുണ്ടാക്കുക., വിവിധ സഹകരണ സംഘങ്ങളിലെ ഉത്പന്നങ്ങൾ കൈമാറി വിപണനം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങൾക്കൊപ്പം കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങളിൽ അതിജീവനം ലക്ഷ്യമിട്ടുള്ള പരിശീലനങ്ങളും പദ്ധതികളും സജ്ജമാക്കുക എന്നതും അജൻഡയിൽപെടുന്നു.

അതിജീവന ദിനം

ചേക്കുട്ടിയുടെ ഒന്നാം പിറന്നാളെത്തുന്ന സെപ്റ്റംബർ  9 ലോക അതിജീവനദിനമായി ആചരിക്കാനാണ് നെയ്ത്തുകാരുടെ തീരുമാനം. പ്രളയത്തിൽ തകർന്ന തറികൾ അറ്റകുറ്റപ്പണി നടത്തിയതിനു ശേഷമുള്ള പുതിയ തുണികളിൽ നിന്നുണ്ടാക്കുന്ന ബ്രാൻഡ് ന്യൂ  ചേക്കുട്ടി ഉത്പന്നങ്ങൾ അന്ന് അവതരിപ്പിക്കും. ചേക്കുട്ടി പാവകൾക്കൊപ്പം ചേക്കുട്ടി കുപ്പായം, ഷർട്ടുകൾ, സാരികൾ, കുട്ടികൾക്കുള്ള തലയിണകൾ, കീ ചെയിൻ, ലാൻയാഡുകൾ, േബബി ക്ലോത്‌സ് തുടങ്ങിയവയും വിപണിയിലെത്തിക്കും. ഇതിനൊപ്പം ചേന്ദമംഗലത്തേക്കു വിനോദസഞ്ചാരികളെയെത്തിക്കാൻ ഉത്തരവാദ ടൂറിസം രംഗത്തും ചേക്കുട്ടി സാന്നിധ്യം അറിയിക്കും.

ചേക്കുട്ടി മ്യൂസിയം

പ്രളയദുരിതം ഓർക്കാനിഷ്ടമുണ്ടാകില്ലെങ്കിലും മറന്നുകളയാനുള്ളതല്ല പ്രളയമെന്ന് ചേന്ദമംഗലത്തിനു തീർച്ചയുണ്ട്. ഈ വർഷം വിനോദസഞ്ചാര സീസൺ ആരംഭിക്കുമ്പോഴേക്കും ചേന്ദംഗലത്തും പരിസരത്തുമായി കണ്ടെത്തിയിട്ടുള്ള 9 ഇടങ്ങളിൽ ചേക്കുട്ടി പ്രളയ മ്യൂസിയം ഒരുക്കും. നെയ്ത്തുകേന്ദ്രങ്ങളും പെരിയാർ തീരത്തെ യാൺബാങ്ക് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളുമാണ് ഇതിൽപെടുക. കേരളത്തിന്റെ പ്രളയാതിജീവന കഥ അനുഭവിച്ചവർ തന്നെ പങ്കുവയ്ക്കും, പ്രളയവഴികളിലൂടെയുള്ള സഞ്ചാരം ഉൾപ്പെടെ 9 ഇടങ്ങളിലെ യാത്രതന്നെ സമ്പൂർണമായ സഞ്ചാര അനുഭവമാകും.

പ്രധാനകേന്ദ്രങ്ങളിൽ ബോട്ടുകളും കയാക്കുകളും വിന്യസിച്ച് ടൂറിസം മെച്ചപ്പെടുത്തുന്നതിനൊപ്പം ദുരന്തജാഗ്രത ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിനൊപ്പം പ്രാദേശികജനതയെ ഭാവിയിലെ രക്ഷാപ്രവർത്തനത്തിൽ പ്രാപ്തരാക്കാൻ പ്രഥമശുശ്രൂഷ, നീന്തൽ പരിശീലനം നൽകാനും ലക്ഷ്യമിടുന്നു.

ഓണം സ്റ്റോക്ക് കുറയാനിട

തറികളുടെ പ്രവർത്തനം കഴിഞ്ഞ ജനുവരിയിൽ തന്നെ പൂർണതോതിൽ പുനരാരംഭിച്ചെങ്കിലും ഓണവിപണിയിൽ മുൻകാലങ്ങളെ അപേക്ഷിച്ചു സ്റ്റോക്ക് കുറയാനാണു സാധ്യതയെന്നു പറയുന്നു, പ്രളയം ഏറ്റവുമധികം ബാധിച്ച േചന്ദമംഗലം 47 സംഘത്തിന്റെ െസക്രട്ടറി പി.എ. സോജൻ. സാധാരണ മഴയെത്തും മുമ്പേ തന്നെ സ്റ്റോക്ക് സജ്ജമാക്കുകയാണ് പതിവ്.. പലപ്പോഴും ഒരു വർഷത്തെ ഉത്പാദനത്തിന്റെ 75% സ്റ്റോക്ക് സീസൺ ആകും മുമ്പേ സംഘങ്ങളിലുണ്ടാകും. അതുകൂടാതെ ആ സമയത്തുണ്ടാക്കുന്നവയും.

പക്ഷേ കഴിഞ്ഞ പ്രളയത്തോടെ സ്റ്റോക്ക് പൂർണമായും നശിച്ചു. ഇപ്പോൾ ജനുവരിയിൽ ജോലി തുടങ്ങിയതിനുശേഷമുള്ള ഉൽപ്പന്നങ്ങൾ മാത്രമേ കയ്യിലുള്ളൂ. അതുകൊണ്ട് എണ്ണത്തിൽ ഓണക്കോടികൾ കുറവായിരിക്കും. നല്ല രീതിയിൽ ജോലി നടക്കുന്നുണ്ട്. പക്ഷേ  മഴ തുടങ്ങിയതോടെ കാലാവസ്ഥയിലുള്ള മാറ്റവും ഇനിയുള്ള പ്രൊഡക്‌ഷനെ ബാധിക്കും. കോട്ടൺ ആണല്ലോ ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം നൂലിനെ ബാധിക്കും. അതുകൊണ്ട് ജോലിയിൽ ഇനി വേഗം കൂട്ടാനാകില്ല. കൂടാതെ നെയ്ത്തുകാർ ഏറെയും മധ്യവയസ്സു പിന്നിട്ടവരാണ്. ഭൂരിപക്ഷം പേർക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്. ശാരീരിക വേദനങ്ങളും ബുദ്ധിമുട്ടുകളുമുണ്ട്.

ഗോപിനാഥ് പാറയിൽ, (സംരംഭകൻ, ചേക്കുട്ടി കോ ഫൗണ്ടർ)

ചേന്ദമംഗലത്തിനു കൈത്താങ്ങാവുകയായിരുന്നു ചേക്കുട്ടിയുടെ ലക്ഷ്യം. അതുവഴിയുള്ള വരുമാനം നേരിട്ടു സംഘങ്ങളിലേക്കാണ് എത്തിയത്. ഇനിയങ്ങോട്ട് എന്തുചെയ്യണമെന്ന ആലോചന വന്നു. വൈൻഡ് അപ് ചെയ്താലോയെന്നായിരുന്നു ആലോചന. അതിനായി ചേന്ദമംഗലത്തെ നെയ്തു സംഘങ്ങളുമായി യോഗം വച്ചു. പക്ഷേ പ്രതീക്ഷിക്കാത്ത ചർച്ചയാണ് അവിടെയുണ്ടായത്.

ഇതുവരെ പലരുടെയും സഹായം ഇവിടെയെത്തി, ഇനി ഞങ്ങൾക്ക് അതു തിരികെ കൊടുക്കണമെന്നായിരുന്നു അവരുടെ നിലപാട്. വലിയൊരു പ്രകൃതിദുരന്തം കഴിഞ്ഞു പുറത്തേക്കുവരുന്ന ഒരു സമൂഹമാണ് ഇങ്ങനെയൊരു കാര്യത്തിനു മുന്നോട്ടുവരുന്നതെന്നോർക്കണം, ഇങ്ങനെയാണ് മികച്ച അതിജീവന മാതൃകകളുണ്ടാവുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com