ADVERTISEMENT

Q- ഏതാനും വർഷം ഖത്തറിൽ ജോലി ചെയ്ത ഞാൻ 2018 ജൂണിൽ ഇന്ത്യയിലേക്കു മടങ്ങി. എന്റെ എൻആർഒ അക്കൗണ്ടിൽ 2018–19 ൽ ലഭിച്ച  പലിശയിൽനിന്ന് ബാങ്ക് 30% ഇൻകംടാക്സ് സ്രോതസ്സിൽ പിടിച്ചതായി കാണുന്നുണ്ട്. എൻആർഇ അക്കൗണ്ടിൽ നിന്നുള്ള പലിശയിൽ നിന്നു സ്രോതസ്സിൽ നികുതി പിടിച്ചിട്ടില്ല. 60 വയസ് തികഞ്ഞ സീനിയർ പൗരനാണ് ഞാൻ. കൊച്ചിയിൽ എനിക്കുള്ള ഫ്ലാറ്റിൽനിന്നു വർഷം 1,20,000 രൂപ മാത്രമാണ് പലിശയില്ലാതെയുള്ള ഏക വരുമാനം. സീനിയർ പൗരൻമാർക്ക് 50,000 രൂപ വരെ പലിശയ്ക്ക് നികുതി ഒഴിവുണ്ടെന്നും മാത്രമല്ല പലിശയിൽ നിന്നു 10% മാത്രമാണ് നികുതി പിടിക്കാറുള്ളതെന്നും സുഹൃത്ത് പറയുന്നു. മാത്രമല്ല നികുതി പിടിക്കാതിരിക്കാൻ ഫോം 15ജി കൊടുത്താൽ മതിയെന്നാണു പറയുന്നത്. ഇത് ശരിയാണോ? ബാങ്ക് പലിശയിൽനിന്നു 30% നിരക്കിൽ പിടിച്ച പലിശ റീഫണ്ട് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?

A- പലിശയിൽനിന്ന് 194എ വകുപ്പനുസരിച്ച് 10% നിരക്കിൽ നികുതി പിടിക്കുന്നത് റസിഡന്റ് ആയവരുടെ കാര്യത്തിലാണ്. നോൺ റസിഡന്റാണെങ്കിൽ 195–ാം വകുപ്പനുസരിച്ച് 30% നിരക്കിലാണ് ബാങ്ക് സ്രോതസ്സിൽ നികുതി പിടിക്കുക. താങ്കൾ ജൂണിൽ ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും നോൺറസിഡന്റിൽ നിന്നു റസിഡന്റ് ആവുന്ന വിവരം ബാങ്കിന്റെ ശ്രദ്ധയിൽ വരാത്തതുകൊണ്ടാണ് അവർ പഴയ പടി 30% നിരക്കിൽ സ്രോതസ്സിൽ നികുതി പിടിച്ചതെന്നു വ്യക്തമാണ്.

നികുതി ബാധകമായ വരുമാനമില്ലെങ്കിൽ റസിഡന്റ് ആണെങ്കിൽ ഫോം 15 ജിയിൽ ഡിക്ലറേഷൻ നൽകിയാൽ ബാങ്ക് പലിശയിൽ നിന്നും സ്രോതസ്സിൽ നികുതി പിടിക്കുന്നതല്ല (സീനിയർ പൗരൻമാർ ഫോം 15 എച്ചിലാണ് പക്ഷേ ഡിക്ലറേഷൻ നൽകേണ്ടത്). എൻആർഒ അക്കൗണ്ടിലെ പലിശയ്ക്ക് നികുതി ബാധകമാണെങ്കിലും സീനിയർ പൗരൻ ആയതിനാൽ 80 ടിടിബി വകുപ്പനുസരിച്ച് 50,000 രൂപ വരെയുള്ള പലിശയ്ക്ക് കിഴിവിന് താങ്കൾ അർഹനാണ്. എൻആർഇ അക്കൗണ്ടിലെ പലിശയ്ക്ക് 10(4) വകുപ്പ് പ്രകാരം ഒഴിവുണ്ട്. പക്ഷേ ഇന്ത്യയിൽ സ്ഥിരതാമസത്തിനു മടങ്ങിയതിനാൽ താങ്കൾ എൻആർഇ അക്കൗണ്ട് തുടരാൻ പാടില്ല. സാധാരണ അക്കൗണ്ടായി മാറ്റേണ്ടതുണ്ട്. 2018–19 സാമ്പത്തിക വർഷത്തിൽ ബാങ്ക് സ്രോതസ്സിൽ പിടിച്ച നികുതി മടക്കി ലഭിക്കാൻ റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഈ മാസം 31 ആണ് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി. അതിനു ശേഷം പിഴ ബാധകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com