ADVERTISEMENT

നെടുമ്പാശേരി ∙ സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ മികച്ച വരുമാനവുമായി ഇൻഡിഗോയും സ്പൈസ്ജെറ്റും. രാജ്യത്ത് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ടായിട്ടുണ്ട്.

എക്കാലത്തെയും വലിയ ലാഭമാണ് പ്രമോട്ടർമാർ തമ്മിലുള്ള അധികാര വടംവലികൾക്കു നടുവിലും ഇൻഡിഗോയ്ക്ക് നേടാനായത്. 1203 കോടി രൂപയുടെ ലാഭമാണ് ഇൻഡിഗോ ഏപ്രിൽ–ജൂൺ ത്രൈമാസ കാലയളവിൽ നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ലാഭം 28 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തന വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 8445 കോടി രൂപയിൽ നിന്നു 46.4 ശതമാനം വർധിച്ച് ഈ വർഷം 9420 കോടി രൂപയായി.

സ്പൈസ്ജെറ്റിന്റേതും ചരിത്രത്തിലെ ഉയർന്ന ലാഭമാണ് ഏപ്രിൽ–ജൂൺ ത്രൈമാസത്തിൽ നേടിയത്: 262 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിൽ കമ്പനി 38 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു.

2019 ഏപ്രിൽ–ജൂൺ കാലയളവിൽ 3145 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. മുൻ വർഷം ഇതേ കാലയളവിലെ വരുമാനം 2253 കോടി രൂപ മാത്രമായിരുന്നു. ജെറ്റ് എയർവെയ്സ് സർവീസുകൾ നിർത്തിയതുമൂലം കൂടുതൽ സർവീസുകൾ നടത്താനായതും യാത്രക്കാരുടെ എണ്ണം വർധിച്ചതും ആണ് ഇരു കമ്പനികളുടെയും വരുമാനത്തിലെ കുതിച്ചുകയറ്റത്തിന് കാരണമായത്.

രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ജൂൺ മാസത്തിൽ കഴിഞ്ഞ വർഷം ജൂണിലേതിനെക്കാൾ7.9 ശതമാനം വർധിച്ചു.
 ആഗോളതലത്തിൽ ജൂൺമാസത്തിലെ വിമാനയാത്രക്കാരുടെ എണ്ണത്തിലെ വർധന 5% മാത്രമാണെന്ന് രാജ്യാന്തര വ്യോമഗതാഗത സംഘടന(അയാട്ട)യുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
 ജെറ്റ് എയർവേയ്സ് പ്രവർത്തനം നിർത്തിയതോടെ സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെങ്കിലും സർക്കാർ ഇടപെട്ട് ജെറ്റിന്റെ സ്ലോട്ടുകൾ മറ്റു കമ്പനികൾക്ക് നൽകിയതോടെയാണ് യാത്രക്കാരുടെ എണ്ണം കുറയാതെ നിലനിർത്താനായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com