ADVERTISEMENT

Q- പല കമ്പനികളും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് എൻസിഡി നിക്ഷേപം ക്ഷണിക്കുന്നുണ്ടല്ലോ. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന എൻസിഡി നിക്ഷേപങ്ങളെക്കുറിച്ചു വിശദമാക്കാമോ? ഇത്തരം സ്ഥാപനങ്ങളുടെ നിയമപരമായ ഘടനയും വ്യക്തമാക്കുമല്ലോ?

A- നോൺ കൺവേർട്ടിബിൾ ഡിബഞ്ചേഴ്‌സ് (എൻസിഡി) അഥവാ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ പല കമ്പനികളും പുറപ്പെടുവിക്കുന്നുണ്ട്. ചെറുകിട നിക്ഷേപകർക്ക് ഒരു നിശ്ചിത ശതമാനം മാറ്റിവച്ചുകൊണ്ടാണ് എൻസിഡി പുറപ്പെടുവിക്കുന്നത്. സാധാരണ ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാൾ ഉയർന്ന വാർഷിക പലിശ നിരക്കാണ് എൻസിഡികളിൽ പണം നിക്ഷേപിക്കുമ്പോൾ ലഭിക്കുക. ദീർഘ കാലത്തേക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ പണം ഇട്ടിട്ടുള്ളവർക്ക് നിശ്ചയമായും എൻസിഡി നിക്ഷേപങ്ങളെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

 നിക്ഷേപ സ്ഥാപനം

റിസർവ് ബാങ്കിന്റെ അംഗീകാരമുള്ള നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി(എൻബിഎഫ്സി)കളിൽ, നിക്ഷേപം (deposit) സ്വീകരിക്കാൻ അനുവാദമില്ലാത്തവയാണ് എൻസിഡി മുഖാന്തരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. ഇവയിൽത്തന്നെ ആസ്തി മൂല്യം 500 കോടിയിൽ കൂടുതലുള്ളവയെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയിൽ താരതമ്യേന പ്രധാനപ്പെട്ടവ എന്നു കണക്കാക്കി സിസ്റ്റമിക്കലി ഇംപോർട്ടന്റ് എന്ന് പറയും. ഉദാഹരണത്തിന് അടുത്തിടെ എൻസിഡി വിപണയിൽ ഇറക്കിയ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് തുടങ്ങിയവ എൻബിഎഫ്‌സി - എൻഡിഎസ്‌ഐ അഥവാ നോൺ ഡിപ്പൊസിറ്റ് ഹോൾഡിങ് സിസ്റ്റമിക്കലി ഇംപോർട്ടന്റ് എൻബിഎഫ്സി യായാണ് റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ളത്. മണപ്പുറം ഫിനാൻസ്, കൊശമറ്റം ഫിനാൻസ്, ടാറ്റാ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവ്വീസസ്, ജെഎം ഫിനാൻഷ്യൽ പ്രൊഡക്ട് ലിമിറ്റഡ്, മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ എൻസിഡികൾ ഇപ്പോൾ വിപണിയിൽ നിക്ഷേപത്തിനായി തുറന്നിട്ടുണ്ട്.

 നിക്ഷേപ ഘടന

നിക്ഷേപത്തിനായി തുറക്കുമ്പോൾ മുഖവിലയ്ക്ക് എൻസിഡികൾ വാങ്ങാം. 1000 രൂപയുടെ മുഖവിലയുള്ള 10 എൻസിഡികളാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. 10 വർഷം വരെ വ്യത്യസ്ത കാലാവധിക്ക് നിക്ഷേപം നടത്താം. വാഗ്ദാനം ചെയ്യുന്ന വാർഷിക നിരക്കിൽ പലിശ, ആവശ്യമുള്ള ഇടവേളകളിൽ പണമായോ പുനർ നിക്ഷേപം നടത്തിയോ ലഭിക്കുന്നു. നിക്ഷേപ കാലാവധി എത്തുമ്പോൾ മുഖവിലയും തിരികെ വാങ്ങിയിട്ടില്ലാത്ത പലിശയും ലഭിക്കുന്നു. വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് കൂപ്പൺ റേറ്റ് എന്നറിയപ്പെടുന്നു.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നതിനാൽ ആവശ്യമുള്ളപ്പോൾ എൻസിഡി നിക്ഷേപം വിറ്റ് പണമാക്കി മാറ്റാവുന്നതാണ്. വിപണിയിലെ പലിശ നിരക്കുകൾ കുറയുമ്പോൾ ഉയർന്ന കൂപ്പൺ റേറ്റുള്ള എൻസിഡികൾക്ക് വിപണിയിൽ മുഖവിലയെക്കാൾ ഉയർന്ന മൂല്യമുണ്ടാകും.

നിക്ഷേപകന് എപ്പോൾ വേണമെങ്കിലും കമ്പനിക്കു തിരികെ നൽകി പണം കൈപ്പറ്റാൻ സൗകര്യമുള്ള എൻസിഡികളെ പുട്ട് ഓപ്ഷൻ ഉള്ള എൻസിഡികൾ എന്നറിയപ്പെടുന്നു. മറിച്ച്, കമ്പനിക്ക് ആവശ്യമുള്ളപ്പോൾ നിക്ഷേപകരിൽനിന്ന് എൻസിഡി തിരികെ വാങ്ങി പണം നൽകാൻ സൗകര്യമുണ്ടെങ്കിൽ കോൾ ഓപ്ഷൻ എന്നും അറിയപ്പെടുന്നു.

എൻസിഡികളുടെ സുരക്ഷിതത്വം

സെക്യുവേഡ് എൻസിഡികൾ എന്നും അൺ സെക്യുവേഡ് എൻസിഡികൾ എന്നും രണ്ട് വിഭാഗമുണ്ട്. കടപ്പത്രങ്ങൾ പൊതുവെ സ്ഥിരനിക്ഷേപങ്ങളേക്കാൾ ഉയർന്ന സുരക്ഷിതത്വമുള്ള ആസ്തികളാണ്. സെക്യുവേഡ് എൻസിഡികളിൽ കമ്പനിയുടെ സ്ഥാവര ജംഗമ സ്വത്തുക്കളിലും മറ്റ് സാധാരണ ആസ്തികളിലും നിക്ഷേപകർക്ക് മുൻഗണനാ ക്രമത്തിൽ അവകാശം ലഭിക്കുന്ന രീതിയിൽ നിക്ഷേപ തുകയും പലിശയും സുരക്ഷിതമാക്കിയിട്ടുണ്ട്. നിക്ഷേപം നടത്തുന്നതിന് മുമ്പ് എൻസിഡികൾ സെക്യുവേഡ് ആണോ അല്ലയോ എന്ന് പ്രോസ്‌പെക്റ്റസിൽ വ്യക്തമാക്കിയിട്ടുണ്ടാകും.

റേറ്റിങ് പ്രധാനം

ക്രിസിൽ, ഐസിആർഎ തുടങ്ങി എൻസിഡി നിക്ഷേപങ്ങൾക്ക് റേറ്റിംഗ് നൽകുന്ന വിവിധ സ്ഥാപനങ്ങളുണ്ട്. സമയത്തിന് പലിശ വിതരണം ചെയ്യുന്നതിനും വീഴ്ച വരുത്താതെ മുതൽ തിരികെ ലഭിക്കുന്നതിനും ഉള്ള സാധ്യത റേറ്റിങ്ങിലൂടെ വ്യക്തമാക്കിയെങ്കിൽ മാത്രമേ എൻസിഡികൾ വിപണിയിൽ ഇറക്കാൻ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അനുവാദം നൽകുകയുള്ളൂ. ഓരോ എൻസിഡികൾക്കും ലഭിച്ചിട്ടുള്ള റേറ്റിങ് പ്രോസ്‌പെക്റ്റസിൽ വ്യക്തമാക്കിയിട്ടുണ്ടാകും. വ്യത്യസ്ത കമ്പനികൾ നൽകുന്ന റേറ്റിംഗിനെക്കുറിച്ചുള്ള വിശദീകരണം അതാത് കമ്പനികളുടെ വെബ്‌സൈറ്റിൽ നിന്നും പരിശോധിക്കാം. ഉയർന്ന റേറ്റിങ് ഉള്ള എൻസിഡികൾക്ക് നഷ്ട സാധ്യത കുറവായതിനാൽ താരതമ്യേന പലിശ നിരക്ക് കുറയും. മുതിർന്ന പൗരന്മാർക്ക് പലിശ നിരക്കിൽ അധിക ആനുകൂല്യം ലഭിക്കുന്നുണ്ട്.

നികുതി ബാധ്യത

സ്രോതസ്സിൽ നിന്ന് നികുതി കിഴിവ് ചെയ്യതെയാണ് എൻസിഡികളിൽ പലിശ വിതരണം ചെയ്യുന്നത്. പലിശയായി ലഭിക്കുന്ന തുക നിക്ഷേപകന്റെ മറ്റ് വരുമാനത്തോടൊപ്പം കൂട്ടി ഓരോരുത്തർക്കും ബാധകമായ നിരക്കിൽ ആദായ നികുതി നൽകണം. കാലാവധി എത്തുമ്പോൾ മുഖവിലയേക്കാൾ ഉയർന്ന തുക ലഭിക്കുന്ന അവസരങ്ങളിൽ ക്യാപിറ്റൽ ഗെയിൻ ടാക്‌സ് ബാധകമാകും.
സ്ഥിര വരുമാനം ലക്ഷ്യമിട്ട് കൊണ്ട് മധ്യകാല-ദീർഘകാല നിക്ഷേപങ്ങൾ നടത്തുവാൻ ഉദ്ദേശിക്കുന്നവർക്ക് എൻസിഡികൾ താരതമ്യേന മികച്ച അവസരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com