ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ മഴയ്ക്കൊപ്പം തമിഴ്നാട്ടിലും കർണാടകയിലും മഴയിൽ കൃഷിയിടങ്ങളിൽ വെള്ളം കയറിയതോടെ അവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവു കുറഞ്ഞു. 4 ദിവസംകൊണ്ട് പച്ചക്കറിയുടെ വിലയിൽ ഗണ്യമായ വർധനയും രേഖപ്പെടുത്തിക്കഴിഞ്ഞു.

മഴയുടെ നില ഇതേ രീതിയിൽ തുടരുകയാണെങ്കിൽ പച്ചക്കറിവില കുത്തനെ ഉയരുമെന്നാണ് വിപണിയിൽനിന്നു ലഭിക്കുന്ന സൂചന.
ഒട്ടൻചത്രം, കോയമ്പത്തൂർ, ബെംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിൽനിന്നെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പച്ചക്കറികൾ കൊച്ചിയിലെത്തിട്ടുണ്ട്. എന്നാൽ മൂന്നാർ വഴി മാത്രം പച്ചക്കറി വന്നിട്ടില്ല. എത്തിയ പച്ചക്കറിയിൽ വെള്ളം കയറി നശിച്ചവയുമുണ്ട്.

കാരറ്റിനു മാത്രം ഒരൊറ്റ ദിവസംകൊണ്ട് മൊത്തവിപണിയിൽ 10 മുതൽ 15 വരെ രൂപയുടെ വർധന കിലോഗ്രാമിനുണ്ട്. 55–60 രൂപ കിലോഗ്രാമിനു വിലയുണ്ടായിരുന്ന കാരറ്റാണ് ഇന്നലെ ഒറ്റയടിക്ക് 70 രൂപയിലെത്തിയത്. ഇതു ചില്ലറ വിപണിയിലെത്തുമ്പോൾ 90 രൂപയോ അതിൽക്കൂടുതലോ ആവാം. വ്യാഴാഴ്ച 20 രൂപ കിലോഗ്രാമിനു വിലയുണ്ടായിരുന്ന പച്ചമുളകിന് വെള്ളിയാഴ്ച 30 രൂപയും ഇന്നലെ 50 രൂപയുമാണ് മൊത്തവിപണിയിലെ വില. ദിവസേന ഒന്നോ രണ്ടോ രൂപയാണ് സവാളവിലയിൽ കൂടിക്കൊണ്ടിരിക്കുന്നത്. 23 രൂപയിലെത്തിക്കഴിഞ്ഞു. ചില്ലറവില ഇതിനകം 30 രൂപയിലെത്തിക്കഴിഞ്ഞു.

വെള്ളം കയറിയതോടെ വയനാട്ടിലെയും കുടകിലെയും തോട്ടങ്ങളിൽനിന്ന് ഇഞ്ചി പറിക്കാനാവാത്തതിനാൽ വിപണിയിൽ ഇഞ്ചിയെത്തിയിട്ടില്ല. വില കുത്തനെ ഉയർന്നുകഴിഞ്ഞു. മൂത്തതിന് 200 രൂപയും ഇളയതിന് 110 രൂപയുമാണ് കിലോവില.

ചില്ലറവിപണിയിൽ ഇത് യഥാക്രമം 300 രൂപയും 160 രൂപയുമാകും. ചേനക്ക് വെള്ളിയാഴ്ച 25 രൂപയും ഇന്നലെ 30 രൂപയുമാണു വില. ചെറിയ ഉള്ളിക്ക് ഒരൊറ്റ ദിവസംകൊണ്ട് 10 രൂപ കൂടി 58 രൂപയെത്തി. ചില്ലറവില 70 മുതൽ 80 രൂപ വരെയായിക്കഴിഞ്ഞു. മഴ കനക്കുന്നതോടെ കൂടുതൽ സ്ഥലങ്ങളിലെ പച്ചക്കറികൾക്ക് നാശം സംഭവിച്ചാൽ അതും വിലവർധനയ്ക്കു വഴിയൊരുക്കുമെന്നാണ് ആശങ്ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com