ADVERTISEMENT

സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനി അരാംകോ റിലയൻസ് ഇൻഡസ്ട്രീസിന്റെ എണ്ണ–കെമിക്കൽ ബിസിനസിന്റെ 20% ഓഹരി 1500 കോടി ഡോളറിനു ( ഏകദേശം 1,05,000 കോടി രൂപ) സ്വന്തമാക്കുന്നു. റിലയൻസിന്റെ ജാംനഗർ റിഫൈനറിയിലേക്ക് ദിവസവും 5 ലക്ഷം ബാരൽ അസംസ്കൃത എണ്ണ അരാംകോ നൽകുമെന്നും റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക കമ്പനിയും ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയും തമ്മിലുള്ള സഹകരണമാണിതെന്നും ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇതു വലിയ പങ്കു വഹിക്കുമെന്നും അംബാനി പറഞ്ഞു.

ഇന്ത്യയിൽ നടന്നിട്ടുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപ ഇടപാടാണ് റിലയൻസ്– അരാംകോ പങ്കാളിത്തം. റഷ്യയിലെ വൻകിട എണ്ണക്കമ്പനിയായ റോസ് നെഫ്റ്റ് 2017ൽ എസ്സാർ ഓയിലിനെ സ്വന്തമാക്കിയത് 1290 കോടി ഡോളറിനായിരുന്നു. റിലയൻസന്റെ എണ്ണ– കെമിക്കൽ ബിസിനസിന് 7500 കോടി ഡോളർ മൂല്യം കണക്കാക്കിയാണ് അരാംകോയുമായുള്ള ഇടപാട്. ഇടപാട് പൂർത്തിയാകുന്നതോടെ, അഞ്ചു വർഷത്തിനകം എണ്ണ–കെമിക്കൽ ബിസിനസ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രത്യേക ഉപകമ്പനിയായി മാറ്റും. അരാംകോയ്ക്ക് 20% ഓഹരി പങ്കാളിത്തമുണ്ടാകുന്ന രീതിയിലാണിത്. അങ്ങനെ കണക്കാക്കുമ്പോൾ 1500 കോടി ഡോളർ എന്ന തുക മാറാമെന്നും റിലയൻസ് സൂചിപ്പിച്ചു.

അരാംകോയും യുഎഇയുടെ അഡ്നോക്കും ചേർന്നു പകുതി ഓഹരിയെടുക്കുന്ന പുതിയ റിഫൈനറി ആരംഭിക്കാൻ റിലയൻസ് നേരത്തേ തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ ഇടപാട് അതിനു പുറമെയാണ്. സൗദിയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ എണ്ണ ശുദ്ധീകരണരംഗത്തു നേരിട്ടെത്തുന്നത് അരാംകോയുടെ തന്ത്രപരമായ നീക്കമാണ്.

റിലയൻസിന്റെ ഇന്ധന വിതരണ (റീട്ടെയിൽ) ബിസിനസിൽ ബ്രിട്ടിഷ് എണ്ണ വിപണന കമ്പനിയായ ബിപി 49% പങ്കാളിത്തമെടുക്കുമെന്നും അംബാനി പറഞ്ഞു. 7000 കോടി രൂപയാണ് ഇതുവഴി റിലയൻസിനു ലഭിക്കുക. 1400 റീട്ടെയിൽ പെട്രോൾ പമ്പുകളും 31 വിമാനത്താവളങ്ങളിൽ വിമാന ഇന്ധന വിതരണ സൗകര്യവും റിലയൻസിനുണ്ട്. പെട്രോളിയം റീട്ടെയിൽ ബിസിനസിന്റെ 51% ഓഹരി കയ്യാളുന്നത് അരാംകോയ്ക്ക് 20% പങ്കാളിത്തമുള്ള റിലയൻസ് ആയിരിക്കുമെന്ന് അംബാനി വിശദീകരിച്ചു. 2021 മാർച്ച് 31 ആകുമ്പോഴേക്ക് റിലയൻസിന്റെ കടമില്ലാത്ത കമ്പനിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അംബാനി പറഞ്ഞു. എണ്ണ ബിസിനസിലെ ഓഹരി വിൽപനയ്ക്കു പുറമെ ജിയോയുടെ ടവറുകളും മറ്റും വിൽപനയ്ക്കു വയ്ക്കാനും ശ്രമമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com