ADVERTISEMENT

തിരുവനന്തപുരം ∙ മഴക്കെടുതികളിൽ സംസ്ഥാനത്ത് 1022.43 കോടി രൂപയുടെ കൃഷിനാശം. ഏറ്റവും കൂടുതൽ നഷ്ടമുള്ള ജില്ലകൾ ഇവ: പാലക്കാട്– 219.79 കോടി രൂപ, വയനാട്– 205.03 കോടി രൂപ , തൃശൂർ– 131.99കോടി രൂപ.

കഴിഞ്ഞ പ്രളയത്തിലെന്ന പോലെ നെൽകൃഷിക്കാണു വ്യാപകനാശം. 17,071 ഹെക്ടറിൽ 256.04 കോടിയുടെ നഷ്ടം. പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് ഏറെ നെൽക്കൃഷിനാശം. 408 ഏക്കറിലെ മൂപ്പെത്താത്ത കൃഷി വെള്ളത്തിൽ മുങ്ങി. നഷ്ടം 61.21 കോടി. വിവിധ ജില്ലകളിലായി കായ്ഫലമുള്ള 40,614 തെങ്ങുകൾ നശിച്ചു. 10,079 മൂപ്പെത്തിയ തെങ്ങുകളും നഷ്ടമായി. ഓണത്തിനു വിളവെടുക്കാൻ പാകത്തിനു പരിപാലിച്ചിരുന്ന 86.06 ലക്ഷം ഏത്തവാഴകളാണ് ഇല്ലാതായത്. ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി പ്രകാരം നടത്തിവന്ന പച്ചക്കറി കൃഷിയും ഇല്ലാതായി.

paddy
വെള്ളം കയറിയ പാടത്തുനിന്ന് മോട്ടർ ഉപയോഗിച്ച് വെളളം പമ്പ് ചെയ്തു നീക്കുന്നു. കുട്ടനാട്ടിൽനിന്നുള്ള കാഴ്ച. ചിത്രം: മനോരമ

14 ജില്ലകളിലായി 27,792 ഹെക്ടറിലെ കൃഷിയാണു നശിച്ചത്. 95,729 കർഷകർക്കാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും എല്ലാം നഷ്ടമായത്. അടിയന്തര നഷ്ടപരിഹാരമായി 160.96 കോടി രൂപ നൽകേണ്ടി വരുമെന്നു കൃഷിവകുപ്പു കണക്കാക്കുന്നു.

ഇൻഷുറൻസ് ഉണ്ടെങ്കിൽ കൂടുതൽ നഷ്ടപരിഹാരം
വിള ഇൻഷുർ ചെയ്ത കർഷകർക്കു നഷ്ടപരിഹാരത്തുകയിൽ ആനുപാതിക വർധനയുണ്ടാകും. തെങ്ങുനശിച്ച കർഷകനു 500 രൂപ ലഭിക്കും; വിള ഇൻഷുറൻസ് ഉണ്ടെങ്കിൽ 2000 രൂപ വരെ. തെങ്ങ്, കമുക്, റബർ, കശുമാവ്, വാഴ, മരച്ചീനി, കൈതച്ചക്ക, തേയില, കൊക്കോ, ഗ്രാമ്പൂ, ജാതി, പയർ–കിഴങ്ങു വർഗങ്ങൾ തുടങ്ങി 25 ഇനം വിളകൾക്കു പരിരക്ഷ ലഭിക്കും.

plantation

ആനുകൂല്യത്തിനായി കൃഷിഭവനുകളിലോ ബാങ്കിലോ 1800–425–7064 എന്ന ഇൻഷുറൻസ് ടോൾ ഫ്രീ നമ്പറിലോ വിവരം അറിയിക്കണം.
കഴിഞ്ഞ പ്രളയകാലത്ത് 50 ശതമാനത്തിലധികമുള്ള നെൽക്കൃഷി നാശം പൂർണ നാശനഷ്ടമായി കണക്കാക്കി വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നഷ്ടപരിഹാരം നൽകിയിരുന്നു.

4 ദിവസത്തെ ലോട്ടറി വിൽപന ഉപേക്ഷിച്ചു
പന്തളം ∙ മഴക്കെടുതി പരിഗണിച്ച് സർക്കാർ 4 ദിവസങ്ങളിലെ ലോട്ടറി വിൽപന ഉപേക്ഷിച്ചു. 23 മുതൽ 26 വരെയുള്ള നിർമൽ, കാരുണ്യ, പൗർണമി, വിൻ വിൻ എന്നിവയുടെ വിൽപനയാണ് വേണ്ടെന്നു വച്ചത്. അതേസമയം, മഴക്കെടുതിയെത്തുടർന്ന് മാറ്റിവച്ച 9 മുതൽ 12 വരെ തീയതികളിലെ നറുക്കെടുപ്പ് യഥാക്രമം 23 മുതൽ 26 വരെ നടക്കും. ഇന്നലെ മുതൽ 22 വരെയുള്ള ടിക്കറ്റുകളുടെ നറുക്കെടുപ്പ് അതതുദിവസം നടക്കും.

തുടർച്ചയായ മഴ മൂലം വിൽപന ഗണ്യമായി കുറഞ്ഞെന്ന ഏജന്റുമാരുടെ പരാതി പരിഗണിച്ചാണ് സർക്കാർ നറുക്കെടുപ്പിലും വിൽപനയിലും മാറ്റം വരുത്തിയത്. നേരത്തെ അച്ചടിച്ചതിനാൽ 9 മുതൽ 12 വരെയുള്ള ലോട്ടറികളുടെ വിൽപന ഒഴിവാക്കാൻ സർക്കാരിന് കഴിയുമായിരുന്നില്ല. ഈ ദിവസങ്ങളിലാണ് മഴക്കെടുതികൾ രൂക്ഷമായിരുന്നത്.

അതിനാലാണ് നറുക്കെടുപ്പ് നീട്ടിയത്. ഈ ദിവസത്തെ ടിക്കറ്റുകൾ മാറ്റിവച്ച നറുക്കെടുപ്പ് തീയതികൾ വരെ ഏജന്റുമാർക്ക് വിൽക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ പ്രളയകാലത്തും സർക്കാർ, സമാനമായ രീതിയിൽ നറുക്കെടുപ്പ് മാറ്റി, ഒരാഴ്ചയോളം പുതിയ ലോട്ടറിയുടെ വിൽപന ഉപേക്ഷിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com