ADVERTISEMENT

കൊച്ചി∙കൈത്തറി വിപണിയുടെ പുഷ്ക്കല കാലമായ ഓണം സീസണിൽ കൈത്തറി ഉൽപന്നങ്ങൾ മുണ്ടു വിപണിയുടെ 10% പോലുമില്ല. യന്ത്രത്തറികളിൽ ഉൽപാദിപ്പിക്കുന്ന മുണ്ടുകൾ പല ബ്രാൻഡ് പേരുകളിലും അല്ലാതെയും തമിഴ്നാട്ടിൽനിന്നു വന്നു മറിയുന്നു. സ്കൂളുകളിൽ സൗജന്യ യൂണിഫോം നൽകാനായി സർക്കാർ ആവിഷ്കരിച്ച പദ്ധതി മുണ്ടും സെറ്റും പോലുള്ള പരമ്പരാഗത ഉൽപന്നങ്ങളിൽ നിന്നു നെയ്ത്തുകാരെ അകറ്റിയെന്നും പരാതി ഉയരുന്നു.

വർഷം 120 കോടിയുടെ യൂണിഫോം

സൗജന്യ സ്കൂൾ യൂണിഫോം നൽകാനായി വർഷം ഏകദേശം 120 കോടി രൂപ ചെലവിട്ട് സർക്കാർ 45 ലക്ഷം മീറ്റർ തുണി വാങ്ങുന്നുണ്ട്. കൂലിയും ഉടനെ കിട്ടുന്നതിനാൽ ആകെ നെയ്ത്തുകാരിൽ 75% പേരും അതിലേക്കു മാറി. മുണ്ടും, സെറ്റ് മുണ്ടും സാരിയും തോർത്തും മറ്റും നെയ്യാൻ ആളില്ല. നെയ്ത്തുകാരിലെ 25% പേർ മാത്രമാണ് ഇപ്പോഴും പരമ്പരാഗത ഉൽപന്നങ്ങളുടെ നെയ്ത്ത് തുടരുന്നത്. ഈ സ്ഥിതി തുടർന്നാൽ കേരളത്തിന്റെ പ്രശസ്തമായ കൈത്തറി വസ്ത്രങ്ങൾ അന്യം നിൽക്കുമെന്ന സ്ഥിതിയാണ്.

ഇതു മുതലാക്കുന്നത് തമിഴ്നാട്ടിൽ നിന്നുള്ള ബ്രാൻഡഡ് ഉൽപന്നങ്ങളാണ്. വൻ പ്രചാരണ കോലാഹലത്തോടെ കേരള മുണ്ടു വിപണിയിൽ അവർ നിലയുറപ്പിച്ചിട്ടുണ്ട്. കൈത്തറി എന്ന പേരുവച്ചു നടക്കുന്ന പല സ്വകാര്യ മേളകളിലും ഉൽപന്നങ്ങൾ യന്ത്രത്തറികളുടേതാണ്.

2500 കോടിയുടെ മുണ്ടു വിപണി

സംസ്ഥാനത്ത് 5 ലക്ഷം പുരുഷൻമാരെങ്കിലും സ്ഥിരമായി മുണ്ട് ധരിക്കുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഒരു മുണ്ടിന് ശരാശരി 500 രൂപ വില വച്ച് വർഷം കുറഞ്ഞത് 10 മുണ്ടിന് 5000 രൂപയുടെ ചെലവ് ഒരാൾക്കുണ്ട്. അങ്ങനെ 5 ലക്ഷം പേർ വാങ്ങുമ്പോൾ കസവുമുണ്ടുകളും ചേർത്ത് 2500 കോടിയുടെ വിപണിയാണ്. കേരള കൈത്തറി വിപണിയാകട്ടെ വർഷം കഷ്ടിച്ച് 350 കോടിയുടേതുമാത്രം. ഹാൻടെക്സിന്  അതിൽ 33 കോടിയുടെ വിൽപന മാത്രമാണുള്ളത്. ബാക്കി വിപണിയാകെ തമിഴ്നാട് മുണ്ടുകൾ കയ്യടക്കുന്നു.

പവർ ലൂമിന്റെ പവർ

ഒരു നെയ്ത്തുകാരൻ ദിവസം 5 മീറ്റർ അഥവാ ഒന്നരമുണ്ട് നെയ്യുന്നു. യന്ത്ര തറി ഓരോന്നിനും 25 മീറ്റർ നെയ്യാം. ഒരാൾക്ക് അത്തരം 5 തറികൾ നോക്കാം. സ്വാഭാവികമായും ഉൽപാദനച്ചെലവ് കുറയുന്നു. നെയ്ത്തുകാരന്റെ ദിവസക്കൂലി ഉൾപ്പടെ കൈത്തറി മുണ്ട് ഒരെണ്ണത്തിന് 500 രൂപയെങ്കിലും ചെലവുണ്ട്. കൈത്തറി മുണ്ടിന് 700 രൂപ മുതലും സെറ്റിന് 1400 രൂപ മുതലും വില വരുന്നത് അതുകൊണ്ടാണ്. അതിന്റെ പാതി വിലയിലും താഴെ യന്ത്രത്തറി മുണ്ടുകൾ ലഭിക്കും.

ഓണം റിബേറ്റ്

കൈത്തറി മുണ്ടുകൾക്ക് ഓണത്തിനു നൽകുന്ന 20% റിബേറ്റ് ഇന്ന് ആരംഭിക്കും. കൈത്തറി ഉൽപന്നങ്ങളുടെ വാർഷിക വിൽപനയുടെ 60% ഇന്നു മുതൽ ഓണം വരെയുള്ള ദിവസങ്ങളിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com