ADVERTISEMENT

മുംബൈ ∙ സമ്പദ് വ്യവസ്ഥയിലെ സാധ്യതകൾ കണ്ടെത്തി പ്രയോജനപ്പെടുത്തുകയും ഒപ്പം വെല്ലുവിളികൾ നേരിടാൻ വഴിതേടുകയുമാണു വേണ്ടതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.

‘കഷ്ടകാല’ത്തിന്റെ വക്താക്കളാകാതെ സാധ്യതകളിലേക്ക് നോക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കടുത്ത പ്രതിസന്ധി നേരിടുമ്പോഴും ചിരിച്ചുകാട്ടുന്ന ‘പാൻഗ്ലോസിയൻ മുഖം’ വേണമെന്നല്ല; പക്ഷേ ഏതു സമ്പദ്‌വ്യവസ്ഥയിലും ‘മൂഡ്’ വളരെ പ്രധാനമാണ്. തകർച്ച പ്രവചിച്ച്, നിരാശ പ്രകടിപ്പിച്ച് ഇരിക്കുന്നവരെ ഇപ്പോൾ ധാരാളമായി കാണുന്നുണ്ട്.

സംരംഭകരും നയമുണ്ടാക്കുന്നവരും നിയന്ത്രണ സംവിധാനങ്ങളുമൊക്കെ ഒന്നിച്ചു പ്രവർത്തിക്കുകയാണു വേണ്ടത്. ചില മേഖലകളിൽ പ്രതിസന്ധിയുടെ സൂചനകളുണ്ടെന്നതിൽ തർക്കമില്ല. കഠിനമായ ആഗോള സാഹചര്യങ്ങളുടെ പ്രതിഫലനവും കാണണം; നമുക്ക് ഒറ്റപ്പെട്ടു നിലനിൽക്കാനാവില്ല.

വലിയ ബാങ്കിതര ധനസ്ഥാപനങ്ങൾ (എൻബിഎഫ്സി) തകരില്ലെന്ന് ഉറപ്പാക്കുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. എന്നാൽ എൻബിഎഫ്സികളുടെ ആസ്തി ബാധ്യതകളുടെ മേന്മ പരിശോധിക്കാൻ ഇപ്പോൾ നീക്കമില്ല. എല്ലാ പ്രധാന എൻബിഎഫ്സികളും റിസർവ് ബാങ്കിന്റെ നിരീക്ഷണത്തിലാണ്. അവയും ബാങ്കുകളും തമ്മിലുള്ള ഇടപാടുകളും നിരീക്ഷിക്കുന്നത് ഏതവസരത്തിലും ഏറ്റവും വലിയ 50 എൻബിഎഫ്സികൾ പരാജയപ്പെടുന്നില്ലെന്ന് ഉറപ്പാക്കും.

പാൻഗ്ലോസിന്റെ മുഖം

ഫ്രഞ്ച് ചിന്തകൻ വോൾട്ടെയർ 1759ൽ പ്രസിദ്ധീകരിച്ച ആക്ഷേപഹാസ്യ കൃതിയായ കാൻഡീഡിലെ കഥാപാത്രമാണു ഡോ. പാൻഗ്ലോസ്. യാഥാർഥ്യ ബോധ്യത്തോടെ സാഹചര്യങ്ങളെ സമീപിക്കുന്നതിനു പകരം അടിസ്ഥാനമില്ലാത്ത ശുഭാപ്തി വിശ്വാസം പ്രചരിപ്പിക്കുന്നയാളാണ് പാൻഗ്ലോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com