ADVERTISEMENT

ന്യൂഡൽഹി ∙ നിലവിലെ ആദായ നികുതി നിയമത്തിനു(1961) പകരമായുള്ള പ്രത്യക്ഷ നികുതി കോഡ് (ഡിടിസി) സംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അംഗം അഖിലേഷ് രഞ്ജൻ അധ്യക്ഷനായ കർമസമിതി തയാറാക്കിയ റിപ്പോർട്ട് ധനമന്ത്രി നിർമല സീതാരാമനു കൈമാറി. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പുറത്തുവന്നിട്ടില്ല.

കോർപറേറ്റ് നികുതി നിരക്കു കുറച്ച പശ്ചാത്തലത്തിൽ, നേരത്തെ കമ്പനികൾക്കു നൽകിയിരുന്ന ചില ഇളവുകൾ പിൻവലിച്ചേക്കുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കമ്പനികളുടെ ലയനവുമായി ബന്ധപ്പെട്ട നടപടികൾ എളുപ്പമാക്കുന്നതിനും മറ്റും  വ്യവസ്ഥകൾ വേണമെന്ന് കോർപറേറ്റ് കൂട്ടായ്മകൾ ആവശ്യമുന്നയിച്ചിരുന്നു.

വ്യക്തിഗത ആദായ നികുതി നിരക്കിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ, ശമ്പളക്കാരായ നികുതിദായകർക്ക് റിട്ടേൺ ഫയൽ ചെയ്യാനുള്ള സംവിധാനം കൂടുതൽ സുഗമമാക്കാനുള്ള നിർദ്ദേശങ്ങളുണ്ടാകാം. ആദായ നികുതി നൽകുന്ന വ്യക്തികളെ സംബന്ധിച്ച് സഹകരണ ബാങ്കുകൾ, എൽഐസി, ക്രെഡിറ്റ് കാർഡ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനം ശക്തമാക്കുമെന്നാണു സൂചന.

നികുതിവെട്ടിപ്പും കള്ളപ്പണവും തടയാൻ ഇത്തരത്തിലുള്ള തേഡ് പാർട്ടി വിവരങ്ങൾ പരമാവധി ലഭ്യമാകേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. നിലവിലെ നിയമത്തിലെ നിർവചനങ്ങളും നികുതി പരിശോധന സംബന്ധിച്ച വ്യവസ്ഥകളും പരിഷ്കരിക്കുക എളുപ്പമാകില്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. നിലവിലെ വ്യവസ്ഥകൾ പലപ്പോഴായി കോടതിയുടെ വ്യാഖ്യാനത്തിനു വിധേയമായിട്ടുള്ളതാണ്.

അതുകൊണ്ടുതന്നെ നിയമത്തിൽ നിലവിലുള്ള പ്രയോഗങ്ങളിലും മറ്റും മാറ്റം വരുത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കാം. പ്രത്യേകിച്ചും, കേസുകൾ പരമാവധി കുറയ്ക്കാനുള്ള ശ്രമം നടക്കുമ്പോൾ. എന്നാൽ, കോടതിവിധികളുടെ അടിസ്ഥാനത്തിലുള്ള ചില മാറ്റങ്ങൾ കോഡിൽ ഉൾപ്പെടുമെന്നാണ് സൂചന. 50 ലക്ഷം രൂപയിൽ കൂടുതൽ ഉൾപ്പെടുന്ന കേസുകളിൽ മാത്രമേ അപ്പീൽ നൽകേണ്ടതുള്ളുവെന്ന് പ്രത്യക്ഷ നികുതി ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ ആദ്യത്തെ അപ്പീൽ പരിഗണിക്കുന്നതിന് ഏകാംഗ സംവിധാനമാണുള്ളത്. അതിനു പകരം, ആദ്യംതന്നെ ട്രൈബ്യൂണൽ രീതിയിൽ 2 കമ്മിഷണർമാരുള്ള അപ്പീൽ സംവിധാനമുണ്ടാക്കുന്നത് തീർപ്പുകളുടെ നിലവാരം മെച്ചപ്പെടാൻ സഹായിക്കുമെന്ന അഭിപ്രായം ഉന്നയിക്കപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com