ADVERTISEMENT

ന്യൂഡൽഹി ∙ ‌ഇ– വീസ നിരക്കിലും കാലാവധിയിലും മാറ്റങ്ങളുമായി ടൂറിസം രംഗം കൊഴുപ്പിക്കാൻ ഇന്ത്യ. 5 വർഷത്തേക്ക് ഇ–വീസ അനുവദിക്കുന്നതിനു പുറമേ, താരതമ്യേന തിരക്കു കുറഞ്ഞ സീസണിൽ കുറഞ്ഞ നിരക്കിൽ ഇ–വീസ അനുവദിക്കുമെന്നു കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പ്രഖ്യാപിച്ചു. പുതിയ മാറ്റങ്ങൾക്കൊപ്പം ടൂറിസം വളർച്ചയിൽ കേന്ദ്രവും സംസ്ഥാനവും യോജിച്ചുള്ള പ്രവർത്തനവും സംസ്ഥാന ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

സഞ്ചാരികളുടെ തിരക്കേറിയ ജൂലൈ– മാർച്ച് നിരക്കായിരിക്കില്ല ഏപ്രിൽ– ജൂൺ സമയത്ത്. ജൂലൈ– മാർച്ച് കാലത്ത് 30 ദിവസത്തെ ഇ–വീസയ്ക്ക് 1800 രൂപ(25 ഡോളർ) വരെ നൽകേണ്ടിവരുമെങ്കിൽ ഏപ്രിൽ– ജൂൺ സമയത്ത് ഇതിന് 700 രൂപ (10 ഡോളർ) മതിയാവും. ഇ–വീസയുടെ കാലാവധിയും വർധിപ്പിച്ചു. 1 വർഷത്തേക്ക് 2900 രൂപ (71.69 ഡോളർ) നൽകുന്നതിനു പകരം 5800 രൂപ (80 ഡോളർ) മുടക്കിയാൽ 5 വർഷത്തേക്ക് ഇ–വീസ ലഭിക്കും.

കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം മന്ത്രാലയം സമർപ്പിച്ച നിർദേശം ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു കഴിഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കൂടിയായാൽ ഇതു നടപ്പാവും. ഇ–വീസ അപേക്ഷ നടപടികൾ ലഘൂകരിക്കാനുള്ള നടപടികളും മന്ത്രാലയം നടത്തുന്നുണ്ട്. ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം പോർട്ടലിന്റെ ഹിന്ദി പതിപ്പ് മന്ത്രി അവതരിപ്പിച്ചു. അറബിക്, ചൈനീസ്, സ്പാനിഷ് പതിപ്പുകൾ ഉടൻ പുറത്തിറക്കും. ഇന്ത്യയെക്കുറിച്ചു വിദേശ സഞ്ചാരികൾക്കുള്ള ധാരണ മനസ്സിലാക്കാൻ സംസ്ഥാനതലത്തിൽ സർവേ നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

കേരള ‘മോഡലിന്’ കയ്യടി

ടൂറിസം മന്ത്രിമാരുടെ ദേശീയ സമ്മേളനത്തിൽ കയ്യടി നേടി കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതി. കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലാണ് കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രാദേശിക ജനവിഭാഗങ്ങളെ ടൂറിസം മേഖലയുമായി ബന്ധിപ്പിക്കുന്നതിന്റെ മാതൃകയായാണു കേരളം പരിചയപ്പെടുത്തിയത്. ടൂറിസം പ്രമോഷന് സമൂഹമാധ്യമ പ്രചാരണം ഫലപ്രദമായി ഉപയോഗിക്കുന്ന സംസ്ഥാനമാണു കേരളമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഞ്ചാരികളുടെ പരാതി പരിഹാരത്തിന് ഉൾപ്പെടെ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നു. ടൂറിസം സെക്രട്ടറി റാണി ജോർജ് അവതരണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com