ADVERTISEMENT

തിരുവനന്തപുരം∙ ദുരിതം വിതച്ച പ്രളയകാലത്തും മദ്യം കൈവിടാതെ മലയാളികൾ. സംസ്ഥാനത്തു ബവ്റിജസ് കോർപറേഷൻ വഴി പ്രളയമാസം വിറ്റഴിച്ചത് 1229 കോടി രൂപയുടെ മദ്യം. ജൂലൈ വിൽപനയെക്കാൾ അധികം ലഭിച്ചതു 71 കോടി. സംസ്ഥാനത്തു 9878.83 കോടി രൂപയുടെ മദ്യമാണു ഈ വർഷം വിറ്റത്. മുൻ വർഷത്തെ അപേക്ഷിച്ചു 637.45 കോടിയുടെ വർധന.

മഴയുടെ ദുരിത പെയ്ത്തിലും സംസ്ഥാനത്തെ ഭൂരിഭാഗം മദ്യശാലകളും തുറന്നു പ്രവർത്തിച്ചതാണു കാരണം. കൊരട്ടി, ചങ്ങനാശേരി തുടങ്ങി ചില ഷോപ്പുകൾ രണ്ടു ദിവസം പ്രവർത്തിച്ചില്ല. മുൻ പ്രളയത്തിൽ മുപ്പതോളം ഔട്ട്‌ലെറ്റുകളാണു ഓഗസ്റ്റിൽ അടച്ചിട്ടത്. അന്നു 1143 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. ഇത്തവണ 86 കോടി രൂപ മാത്രമാണു അധികം നേടാനായത്.

റെക്കോർഡ് നേട്ടം പ്രതീക്ഷിച്ച ഓഗസ്റ്റിലെ വിൽപന ഇത്തവണയും പെരുമഴ കവർന്നു. എല്ലാക്കാലത്തും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണു വിൽപന കുതിച്ചുയരുന്നത്. ഓണം സീസണിലെ 10 ദിവസത്തെ വിൽപനയിലാണു ഇനി കോർപറേഷന്റെ കണ്ണ്. കഴിഞ്ഞ സാമ്പത്തിക വർഷം 14508.10 കോടി രൂപയാണു മദ്യവിൽപനയിലൂടെ ബെവ്കോ നേടിയത്.

സർവകാല നേട്ടമായി അന്നു കൂടിയത് 1567 കോടി. ഈ വർഷം തിരിച്ചടിയുണ്ടാകുമെന്നു കരുതിയ ജൂണിലും വിൽപന വർധിച്ചു. ജൂണിൽ ഏറ്റവും കൂടുതൽ വിൽപന നടന്ന ഷോപ്പ് തിരൂരിലെ 10003 –ാം നമ്പർ ഔട്ട്‌ലെറ്റാണ്. ഏറ്റവും പിന്നിലായത് മൂന്നാറിലെ ഷോപ്പും. പുതുതായി മദ്യശാലകൾ ആരംഭിച്ചിട്ടില്ലെങ്കില്ലും ഈ വർഷം 9 ഷോപ്പുകൾ മാറ്റി സ്ഥാപിച്ചു. ഓരോ സാമ്പത്തിക വർഷവും 1000 മുതൽ 1500 കോടിരൂപ വരെ വരുമാനം വർധിക്കുന്നതായി കോർപറേഷന്റെ കണക്കു വ്യക്തമാക്കുന്നു.

2017–18 കാലയളവിൽ 12937.20 കോടിയായിരുന്ന വ്യാപാരം കഴിഞ്ഞ സാമ്പത്തിക വർഷം 14508.10 കോടിയായി വർധിച്ചു. പത്തു വർഷത്തെ കണക്കു പരിശോധിക്കുമ്പോൾ അയ്യായിരം കോടിയിൽ നിന്നു 10000 കോടി രൂപയുടെ വർധന സംസ്ഥാനത്തെ വിൽപനയിലുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com