ADVERTISEMENT

ഓണക്കാലത്തു ചേന്ദമംഗലം കൈത്തറിക്കു പുത്തൻ ഉണർവ്. ഇക്കുറി മികച്ച വിൽപനയാണു നടക്കുന്നത്. ഒരു വർഷം മുൻപുണ്ടായ പ്രളയത്തിന്റെ നഷ്ടങ്ങൾ ഇനി മറക്കാം. പ്രളയത്തിനു ശേഷം കൈത്തറിക്കു ലഭിച്ച പ്രചാരവും പരമ്പരാഗത വ്യവസായത്തെ നിലനിർത്തണമെന്ന ചിന്ത ജനങ്ങളിൽ ഉടലെടുത്തതും വിൽപനയിലെ കുതിപ്പിനു കാരണമായി.

ഓണക്കാലം ലക്ഷ്യമിട്ടു ജില്ലയിലെ 13 കൈത്തറി സംഘങ്ങളിലുമായി 5 കോടിയോളം രൂപയുടെ തുണിത്തരങ്ങളൊരുക്കി. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ഇത്രയേറെ പ്രചാരവും വിൽപനയും നടന്ന കാലഘട്ടം ഉണ്ടായിട്ടില്ലെന്നു പറവൂർ കൈത്തറി നെയ്ത്തു സഹകരണ സംഘം പ്രസിഡന്റ് ടി.എസ്.ബേബി പറഞ്ഞു.
പറവൂർ കൈത്തറി നെയ്ത്തു സഹകരണ സംഘത്തിനു നഗരത്തിൽ തന്നെ 4 വിപണന കേന്ദ്രങ്ങളുണ്ട്.

അതിലൊന്ന് ഓണക്കാലത്തു തുടങ്ങിയ പ്രത്യേക സ്റ്റാൾ ആണ്. മറ്റു സംഘങ്ങളെല്ലാം ഡിപ്പോകളിലാണു വിൽപന നടത്തുന്നത്. ജില്ലാ ബാങ്കും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് എറണാകുളത്തു നടത്തുന്ന മേളയ്ക്കുപുറമെ പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്നുണ്ട്.

സർക്കാറിന്റെ റിബേറ്റ് പ്രകാരമുള്ള 20% കിഴിവ് ഇന്നുവരെ ഉൽപന്നങ്ങൾ വാങ്ങുന്നവർക്കു ലഭിക്കും. വിവിധ സഹകരണ ബാങ്കുകൾ  അവരുടെ അംഗങ്ങൾക്കു കൈത്തറി ഉൽപന്നം വാങ്ങുന്നതിനു പ്രത്യേക കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ടെന്നു കൈത്തറി നെയ്ത്തു സഹകരണ സംഘം എച്ച് 47 സെക്രട്ടറി പി.എ.സോജൻ പറഞ്ഞു.

സാരികൾക്കാണ് ഇത്തവണ കൂടുതൽ ഡിമാൻഡ്. സെറ്റ് മുണ്ട്, കളർമുണ്ട് എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. വിൽപന കൂടുന്ന സാഹചര്യത്തിൽ കൈത്തറി മേഖലയിൽ മിനിമം കൂലി നടപ്പാക്കുന്നതിനു അധികാരികളുമായി സംഘടനകൾ ബന്ധപ്പെട്ടിട്ടുണ്ട്. ഓണം കഴി‍ഞ്ഞാൽ നടപടിയുണ്ടായേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com