ADVERTISEMENT

ഇത്തവണ ഓണമാഘോഷിക്കാൻ ഗൾഫ് മലയാളികൾക്ക് നാട്ടിൽനിന്ന് 1800ടൺ പഴങ്ങളും പച്ചക്കറികളും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നായി വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് 4 മുതൽ ഇന്നു വരെ അയയ്ക്കുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും കണക്കാണിത്.  

ഓണത്തിന്റെ പ്രധാന ദിനങ്ങളായ ഉത്രാടം, തിരുവേണം ദിവസങ്ങളിലേക്ക് ഗൾഫിലെ മലയാളികളുടെ തീൻമേശയിലെ വിഭവങ്ങൾക്കുള്ള പച്ചക്കറികൾ അയയ്ക്കുന്നത് പ്രധാനമായും ഈ 7 ദിവസങ്ങളിലാണ്. ഏറ്റവുമധികം പച്ചക്കറികൾ ഇത്തവണയും കൊച്ചി വഴിയാണ്. ഏഴു ദിവസങ്ങളിലായി 1050 ടൺ. തിരുവനന്തപുരത്തുനിന്ന് 450 ടണ്ണും കോഴിക്കോട്ടു നിന്നും 300 ടൺ പച്ചക്കറികളും അയയ്ക്കുന്നുണ്ട്.

കൊച്ചിയിൽനിന്നു പ്രതിദിനം അയയ്ക്കുന്ന പച്ചക്കറി ശരാശരി 100 ടൺ ആണ്. ഓണത്തോടനുബന്ധിച്ചുള്ള ഏഴു ദിവസങ്ങളിൽ ശരാശരി 50 ടൺ വീതം അധികമായി അയയ്ക്കുന്നും. തിരുവനന്തപുരത്തുനിന്ന് ദിവസേനയുള്ള ശരാശരി കയറ്റുമതി 40 ടൺ ആണ്. ഓണാഘോഷങ്ങൾക്കായി ശരാശരി 25 ടൺ വീതം അധികം അയയ്ക്കുന്നുണ്ട്. കോഴിക്കോട്ടു നിന്നു ദിനംപ്രതിയുള്ള കയറ്റുമതി ശരാശരി 30 ടൺ ആയിരുന്നത് ഓണദിനങ്ങളിൽ  45 ടൺ വരെയായി.

മുൻ വർഷങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്നുള്ള പച്ചക്കറി കയറ്റുമതിയിൽ കാര്യമായ കുറവനുഭവപ്പെടുന്നുണ്ട്. ഓണത്തിനുള്ള കയറ്റുമതിയും അതിനനുസരിച്ച് കുറഞ്ഞുവെങ്കിലും ഗൾഫ് മലയാളികൾക്ക് ഓണക്കാലത്തേക്കാവശ്യമായ തനത് ഇനങ്ങളെല്ലാം ഓർഡറനുസരിച്ച് അയയ്ക്കുന്നുണ്ടെന്ന് കയറ്റുമതിക്കാർ ചൂണ്ടിക്കാട്ടുന്നു.

തികയാത്ത ഇനങ്ങളിൽ പലതും ഇപ്പോൾ കേരളത്തിലേതിനു സമാനമായവ മറ്റു രാജ്യങ്ങളിൽനിന്നു ഗൾഫിലെത്തുന്നുണ്ടെന്നതിനാൽ ഈ ഓണത്തിനും പച്ചക്കറികൾ ഗൾഫ് മലയാളികൾക്ക് ബുദ്ധിമുട്ടില്ലാതെ ലഭിക്കും.
നേന്ത്രക്കായ, മത്തൻ, ചേന, മാങ്ങ, മുരിങ്ങ, കത്തിരിക്ക, കോവൽ, കാരറ്റ്, പയർ, വെള്ളരി, സവോള, നാരങ്ങ, തേങ്ങ, വാഴയില, മല്ലി, പുതിനയിലകൾ തുടങ്ങിയവയാണ് ഓണക്കാലത്ത് ആവശ്യക്കാരേറെയുള്ള കയറ്റുമതിയിനങ്ങൾ. ഇതിൽ നേന്ത്രക്കായ ഒഴികെയുള്ള ഇനങ്ങൾ ഗൾഫിൽ ഇപ്പോൾ കേരളത്തിൽ നിന്നല്ലാതെ പല വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്നുണ്ട്.

ശ്രീലങ്കയിൽ നിന്നും കേരളത്തിലെ അതേ ഗുണനിലവാരവും രുചിയുമെല്ലാമുള്ള പച്ചക്കറികൾ ഇപ്പോൾ വ്യാപകമായി ഗൾഫ് മാർക്കറ്റിലെത്തുന്നുണ്ട്. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും മറ്റും നേന്ത്രക്കായ ഗൾഫ് വിപണിയിലെത്തുന്നുണ്ടെങ്കിലും കേരളത്തിൽ നിന്നുള്ള ഗുണമേൻമയേറിയ പച്ചക്കായയുടെ മേന്മകളൊന്നുമതിനില്ലാത്തതിനാൽ കേരളത്തിൽ നിന്നുള്ള കായയ്ക്ക് ഗൾഫിൽ മലയാളികൾ മാത്രമല്ല ആരാധകർ. അതേ സമയം കേരളത്തിലെ പ്രളയവും മറ്റും മൂലം പച്ചക്കായ ഈ വർഷവും ആവശ്യത്തിന് കിട്ടാനില്ലെന്ന് കയറ്റുമതിക്കാർ പറഞ്ഞു.

പച്ചക്കറി കയറ്റുമതിയിലെ കുറവു മൂലം ഈ വർഷം പ്രത്യേക കാർഗോ സർവീസുകളില്ല. എമിറേറ്റ്സ് തിരുവനന്തപുരത്തുനിന്ന് പ്രത്യേക കാർഗോ സർവീസിനായി ശ്രമം നടത്തിയെങ്കിലും ആവശ്യത്തിന് ഡിമാൻഡില്ലാതിരുന്നതിനാൽ ഉപേക്ഷിച്ചു. കൊച്ചിയിൽ നിന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളായി പ്രത്യേക സർവീസുകളില്ല.

നിപ്പ വൈറസ് ബാധ മൂലം കേരളത്തിൽനിന്ന് സൗദിയിലേക്കുള്ള പച്ചക്കറി കയറ്റുമതിക്കുണ്ടായിരുന്ന നിരോധനം പിന്നീട് നീക്കിയെങ്കിലും കയറ്റുമതി പഴയതു പോലെ സജീവമായിട്ടില്ല. നിരോധനമില്ലെങ്കിലും മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും വർഷം തോറും കുറഞ്ഞു വരുന്ന അവസ്ഥയാണ്. യൂറോപ്പ്, അമേരിക്കൻ സെക്ടറുകളിലേക്കുള്ള പച്ചക്കറി കയറ്റുമതി ഏതാണ്ട് നിലച്ച മട്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com