ADVERTISEMENT

Q- സ്രോതസ്സിൽ പിടിച്ച ആദായ നികുതി സർക്കാരിലേക്ക് അടയ്ക്കാൻ വൈകി. പിന്നീട് പലിശസഹിതം തുക അടച്ചു. ആദായ നികുതി നിയമപ്രകാരം ഇനിയെന്നെങ്കിലും നടപടി ഉണ്ടാകാൻ സാധ്യതയുണ്ടോ?

A- സ്രോതസ്സിൽ പിടിക്കുന്ന നികുതി സർക്കാരിന്റെ പണമാണ്. അതു സർക്കാരിലേക്ക് അടയ്ക്കാതെ കൈവശം സൂക്ഷിക്കുന്നത് വളരെ ഗൗരവമുള്ള കുറ്റമായാണു നിയമം കാണുന്നത്. സ്രോതസ്സിൽ നികുതി പിടിക്കാൻ ബാധ്യതയുണ്ടായിട്ടും പിടിക്കാതിരുന്നാൽ 201 (1എ) വകുപ്പ് പ്രകാരം പലിശനിരക്ക് പ്രതിമാസം ഒരു ശതമാനമാണ്. പക്ഷേ പിടിച്ചത് അടയ്ക്കാൻ വൈകിയാൽ പ്രതിമാസ പലിശനിരക്ക് ഒന്നര ശതമാനമാണ്.

അതായത് വാർഷിക പലിശനിരക്കു താരതമ്യം ചെയ്യുമ്പോൾ 6% അധികം പലിശയാണ് നൽകേണ്ടത്. 201 (1) വകുപ്പ് അനുസരിച്ച് സ്രോതസ്സിൽ നികുതി പിടിക്കാൻ ബാധ്യസ്ഥനായ ആളെ (കമ്പനിയുടെ പ്രധാന ഓഫിസർ ഉൾപ്പെടെ) ‘അസസ്സീ ഇൻ ഡീഫോൾട്ട്’ ആയി കണക്കാക്കും. അതായത് വരുമാനം ലഭിക്കുന്നയാൾക്കാണ് സാധാരണ നികുതി അടയ്ക്കാൻ ബാധ്യതയെങ്കിലും സ്രോതസ്സിൽ പടിക്കാൻ ബാധ്യതയുണ്ടായിട്ടും പിടിക്കാതെ ഇരിക്കുന്നപക്ഷം, നികുതിത്തുക പിടിക്കാൻ ബാധ്യസ്ഥരായവരിൽനിന്നു വസൂലാക്കും എന്നർത്ഥം.

(തുക ലഭിച്ചയാൾ തന്റെ വരുമാനത്തിൽ തുക ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് ഫോം 26 എയിൽ സാക്ഷ്യപ്പെടുത്തിയാൽ പക്ഷേ 201 പ്രകാരമുള്ള നടപടി ഒഴിവാക്കും. ആദായ നികുതി നിയമത്തിലെ 40എ(1)(എ) പ്രകാരം സ്രോതസ്സിൽ നികുതി പിടിക്കാത്ത കേസുകളിലും പിടിച്ച തുക റിട്ടേൺ സമർപ്പിക്കാൻ അനുവദിച്ചിട്ടുള്ള സമയത്തിനകമല്ലെങ്കിലും അടയ്ക്കാത്ത കേസുകളിലും തുകയുടെ 30% ചെലവായി അനുവദിക്കില്ല (ഏത് വർഷത്തിലാണോ തുക അടച്ചത് ആ വർഷത്തിൽ പക്ഷേ ചെലവനുവദിക്കും).

ശിക്ഷകൾ ഇതോടെ അവസാനിക്കുന്നില്ല. 276 ബി വകുപ്പ് പ്രകാരം സ്രോതസ്സിൽ പിടിച്ച നികുതി സർക്കാരിലേക്ക് അടയ്ക്കാത്ത പക്ഷം പിഴയോടുകൂടെ 3 മാസം മുതൽ 7 വർഷം വരെ തടവുശിക്ഷയും വിധിക്കാം.

(മതിയായ കാരണങ്ങൾ ബോധിപ്പിച്ചാൽ പിഴ ഒഴിവാക്കാമെന്ന് 278 എഎ വകുപ്പിൽ പറയുന്നുണ്ടെങ്കിലും ഓഫിസർക്കു കാരണം തൃപ്തികരമാണെന്നു ബോധ്യപ്പെടേണ്ടതുണ്ട്) 278 ബി വകുപ്പ് പ്രകാരം കമ്പനിയാണ് ആദായ നികുതി നിയമപകാരമുള്ള കുറ്റം ചെയ്യുന്നതെങ്കിൽ കമ്പനിയുടെ കാര്യങ്ങൾക്ക് ചാർജുള്ളയാൾ കുറ്റം ചെയ്തതായി കണക്കാക്കി നടപടികൾ എടുക്കാവുന്നതാണ്.
(സ്രോതസിൽ പിടിച്ച 50 ലക്ഷത്തോളം രൂപയുടെ നികുതി സർക്കാരിലേക്ക് അടയ്ക്കാത്തതിന് ഒരു കേസിൽ 6 മാസത്തേക്കുള്ള ജയിൽ ശിക്ഷയാണ് ഡയറക്ടർക്കു നൽകിയത്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com