ADVERTISEMENT

ഡൽഹിയിലെ വിഐപി ഓണാഘോഷമാണ്. ആഘോഷം നടത്തുന്നതു വിഐപിയും പങ്കെടുക്കുന്നതു വിവിഐപികളും. ഇലയിട്ടു കുറേ തൊടുകറികൾ വിളമ്പിയിട്ടുണ്ട്. ചോറും പരിപ്പും വരുമെന്നു പ്രതീക്ഷിച്ചപ്പോൾ വന്നത് അപ്പം കൂടെ വെജിറ്റബിൾ സ്റ്റ്യൂ. പായസം ഒരെണ്ണം മാത്രം. സദ്യയിൽ ഇങ്ങനെ പല മാറ്റങ്ങളും പരീക്ഷിക്കപ്പെടുന്നുണ്ട്. ഓണത്തിന് നോൺവെജ് സദ്യകൾ പതിവായതോടെ കേറ്ററിങ് കമ്പനികൾക്കു കോള് എന്നല്ലാതെന്തു പറയാൻ.

പരമ്പരാഗത സദ്യ മിക്കവർക്കും പിടിക്കുന്നില്ലെന്നു മാത്രമല്ല ആരോഗ്യത്തിനു ഹാനികരവുമായെന്നതാണു സത്യം. പച്ചടി,കിച്ചടി തുടങ്ങി എട്ട് തൊട്ടുകൂട്ടാനും പരിപ്പ്,സമ്പാർ തുടങ്ങി അഞ്ച് ഒഴിക്കാനും മൂന്നു പായസവും മിനി ഉഴുന്നുവടയും ശർക്കരവരട്ടിയും ഉപ്പേരിയും...പ്രമേഹക്കാർ മൂന്നു പായസവും തിരുവനന്തപുരത്താണെങ്കിൽ ബോളിയും തട്ടിയിട്ട് ഇൻസുലിൻ ഡോസ് കൂട്ടേണ്ട സ്ഥിതിയാകുന്നു.

മിക്കവരും സദ്യ അങ്ങിങ്ങ് നുള്ളിത്തിന്നിട്ട് ബാക്കി മുഴുവൻ ഇലമടക്കി വച്ചിട്ടു സ്ഥലം വിടുന്നു. ഇതൊക്കെ കൊല്ലങ്ങളായി അറിയാമെങ്കിലും മാറ്റം വന്നു തുടങ്ങിയത് ഇപ്പോൾ മാത്രമാണ്. സദ്യയിൽ കൂട്ടുകറി അഥവാ മസാലക്കറി വയ്ക്കുന്നിടത്ത് ചിക്കൻ കറി വച്ചുകൊണ്ടായിരുന്നു തുടക്കം. ചിക്കൻ പിരട്ടു പോലെ ഒഴുകാത്ത കറിയായിരിക്കണം. വിഭവങ്ങളുടെ എണ്ണവും കുറച്ചു. കാളനും ഓലനും ഒഴിവാക്കി, പായസം ഒന്നോ രണ്ടോ മാത്രമാക്കി.

ഓഫിസുകളിൽ ഓണാഘോഷം തുടങ്ങിയതോടെ കേറ്ററിങ്ങുകാർക്കു നിന്നു തിരിയാൻ നേരമില്ല. ഓണത്തിന് 10–12 ദിവസം നിത്യേന സദ്യ. റേറ്റ്  ഇലയൊന്നിന് 120–160 രൂപ. പായസത്തിന്റെ എണ്ണമനുസരിച്ച് 170 രൂപ വരെ പോകാം. സർവ ഇതരനാട്ടുകാരുമുള്ള സ്ഥലങ്ങളിൽ നോൺ വെജ് ഇല്ലെങ്കിൽ സദ്യയ്ക്ക് ഒരു ഗും ഇല്ല. ചിക്കൻ ഉണ്ടെങ്കിൽ 80 രൂപ എക്സ്ട്രാ. കൂടെ കുടമ്പുളിയിട്ടു വച്ച മീൻ കറിയുണ്ടെങ്കിലോ 70 രൂപ കൂടി. ചുരുക്കത്തിൽ ഇലയൊന്നിന് 250 രൂപ കവിയാം. സ്റ്റാർ ഹോട്ടലുകളിലാണെങ്കിൽ അവർ നിശ്ചയിക്കുന്ന റേറ്റാണ്. എത്ര വേണമെങ്കിലുമാവാം. ഒരിടത്ത് 1400 രൂപ. അങ്ങോട്ടു ചെല്ലാൻ ആരെയും നിർബന്ധിച്ചില്ലല്ലോ....

ഓണത്തിന് കേറ്ററിങ്ങുകാർക്കു മാത്രം എത്ര സദ്യ നടക്കും? ദിവസം സുമാർ 500 പേർക്ക് ഇലയൊന്നിനു ശരാശരി 130 രൂപ വീതം കണക്കാക്കിയാൽ കേരളത്തിലെ 2000 കേറ്ററിങ്ങുകാർ 10 ദിവസം ഓണസദ്യ നടത്തുമ്പോൾ തുക ഏറ്റവും കുറഞ്ഞ കണക്കനുസരിച്ചു പോലും 130 കോടിയാണ്. മാവേലീ കൂടെക്കൂടെ വരണേ...

ഒടുവിലാൻ∙ ഒരിടത്തെ ന്യൂജെൻ സദ്യ–ഇലയിട്ട് ശകലം ചോറ്, പിന്നെ പാസ്ത, ഉത്തരേന്ത്യൻ കുസ്കുസ് റൈസ്...പാസ്ത കഴിക്കാൻ സ്ക്വിഡ് കറി, കാബേജ് തോരനു പകരം ചെമ്മീൻ തോരൻ, മട്ടൺ ബോണ്ട, ചതുരവടിവിൽ ചിക്കൻ പോക്കറ്റ്. പിന്നെ ബാക്കി സദ്യവട്ടങ്ങളൊക്കെ ചെറിയ തോതിലുണ്ട്. അടപ്പായസവും നീലനിറത്തിൽ സേമിയ പായസവും. ഇലയൊന്നിന് 699 ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com