ADVERTISEMENT

പ്രളയം ബാക്കി വച്ചതായാലും ഒണം ആഘോഷിക്കാൻ നാടൻ പച്ചക്കറികളും പഴങ്ങളുമായി കിഴക്കൻ മേഖലയിലെ കർഷകർ നഷ്ടങ്ങളുടെ കണക്കെടുപ്പുകളവസാനിപ്പിച്ച് വിപണിയിൽ സജീവമായി കഴിഞ്ഞു. കിഴക്കൻ മേഖലയിലെ പരമ്പരാഗത കർഷകർ പ്രളയം അവശേഷിപ്പിച്ച മണ്ണിലെ അധ്വാനവുമായി നാട്ടിലെ സ്വതന്ത്ര കർഷക വിപണികളിലെത്തുന്നുണ്ട് .

ഓണത്തിനൊരു മുറം പച്ചക്കറിയുമായി സ്കൂളുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ സംഘടനകളുമൊക്കെ രംഗത്തിറങ്ങിയപ്പോഴും പിന്നോട്ടു പോകാത്ത കർഷകന് പ്രളയം തീർത്ത വേദനകളിൽ ആശ്വാസമാകുകയാണ് കാർഷിക വിപണികളിലെ ആവേശം. നാശമുണ്ടായതും നേട്ടമുണ്ടാക്കിയതും നേന്ത്രക്കായ പ്രളയത്തിൽ വലിയ തോതിൽ നാശമുണ്ടായത് വാഴകൃഷിക്കാണ്.

എന്നാൽ ഓണവിപണിയിൽ ഏറെ തിളക്കമുള്ളതിപ്പോഴും നേന്ത്രക്കായയ്ക്കാണ്. ഏക്കറുകണക്കിനു കൃഷിയിടങ്ങളിലാണ് വാഴകൃഷി നടന്നിരുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഴപ്പഴവും പച്ചക്കായയും ചെലവാകുന്ന സമയം ഓണക്കാലമാണ്. ഏറ്റവും കൂടുതല്‍ ആവശ്യം നേന്ത്രക്കായക്കാണ്.

വില കൂടിയാലും മായവും വിഷവും കലരാത്ത വാഴപഴം കിട്ടണമെന്നു ശഠിക്കുന്ന മലയാളികളാണ് കർഷകരുടെ പ്രതീക്ഷ. കാർഷിക വിപണികൾ നല്ല വിലയ്ക്ക് നേന്ത്രക്കായ വിറ്റുപോകുന്നുമുണ്ട്. മുൻപ് ഓണവിളവെടുപ്പിന് മുന്നിട്ടിറങ്ങുന്ന നമ്മുടെ കർഷകന് പലപ്പോഴും വിലത്തകർച്ചയുടെ കണ്ണീരായിരുന്നു സമ്പാദ്യം.

പ്രളയം തകർത്ത വാഴകൃഷിയിൽ അവശേഷിച്ചതിന് ഇക്കൊല്ലം നല്ല വില തന്നെ കിട്ടുന്നുണ്ടെന്നും കർഷകർ പറയുന്നു. ഇടനിലക്കാരെ ഒഴിവാക്കിയുള്ള സ്വതന്ത്ര കാർഷിക വിപണികളും ,കർഷക കൂട്ടായ്മകളുമൊക്കെ ഈ വിശ്വാസം ശരി വയ്ക്കുകയും ചെയ്യുന്നു.

പച്ചക്കറിക്ക് തീവില

ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുമായി എല്ലാവരും രംഗത്തിറങ്ങിയിരുന്നെങ്കിലും പ്രളയം എല്ലാം തകർത്തു. ശേഷിച്ച പച്ചക്കറിക്കൊക്കെ വിപണിയിൽ നല്ല വിലയാണ്. പച്ചക്കറി വില ഓണക്കാലത്ത് എപ്പോഴം ഉയർന്നു തന്നെ നിൽക്കുമെന്ന പ്രതീക്ഷ ഇക്കൊല്ലവും തെറ്റിയിട്ടില്ല.

വീടുകളിലും വിവിധ സംഘടനകളുമൊക്കെ ചെയ്യുന്ന പച്ചക്കറി കൃഷിയുടെ വിളകൾ വിപണിയിലേക്കെത്തുക അപൂർവ്വമായിരിക്കുമെന്നതാണ് കർഷകർക്കു ആത്മവിശ്വാസമാകുന്നത്. പയറും, പടവലവും, വെണ്ടയ്ക്കയും തക്കാളിയും, വഴുതനങ്ങയും കൂടാതെ കൂർക്ക കൃഷിയും ഇക്കൊല്ലം വ്യാപകമായിട്ടുണ്ട്. കോടനാട്, മലയാറ്റൂർ, പായിപ്ര മേഖലയിൽ കൂർക്ക കൃഷിയും വ്യാപകമാണ്.

മറ്റൊരു കാലത്തുമില്ലാത്ത വിധത്തിലാണ് ജൈവപച്ചക്കറികൾക്കായി ജനം അന്വേഷണം നടത്തുന്നത്. വിഷരഹിത പച്ചക്കറി കടകളാണ് നാടുതോറിമിപ്പോൾ. ഓണക്കാലമായതോടെ വിഷരഹിതപച്ചക്കറികൾക്കുള്ള പ്രാധാന്യവും വർധിച്ചിരിക്കുന്നു. വിഷരഹിതപച്ചക്കറിയെന്നാൽ വിലകൂടിയ പച്ചക്കറിയെന്നു കൂടി കൂട്ടിവായിക്കേണ്ടി വരുന്നതും കർഷകർക്ക് ഗുണമായി.

വിലിയിടിവിൽ നിന്നു കരകയറാൻ പൈനാപ്പിൾ

കടുത്ത വിലയിടിവിൽ നിന്നുള്ള മോചനമാണ് പൈനാപ്പിൾ വിപണിയുടെ ഓണപ്രതീക്ഷ. ഓണത്തിനു പ്രത്യേകം പൈനാപ്പിൾ വിഭവങ്ങൾ തന്നെ ഒരുക്കാറുണ്ട്. നിലവിൽ 20–21 രൂപയാണ് പൈനാപ്പിൾ വില. ഇതു 30 നു മുകളിലേക്കു കടക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന കർഷകർക്ക് വലിയ ബാധ്യതയാണ് ഇടയ്ക്കിടക്കുണ്ടാകുന്ന വിലയിടിവു നൽകുന്നത്. ഈ കടബാധ്യതകളിൽ നിന്നുള്ള മോചനകാലമായിരിക്കും ഓണകാലമെന്ന വിശ്വാസത്തിലാണിവർ. സദ്യയിൽ പൈനാപ്പിൾ ചേർത്ത വിഭവങ്ങൾ ഒഴിവാക്കാനാകാത്തവയാണ്. എന്തായാലും ഓണ വിപണി ലക്ഷ്യമിട്ട് പൈനാപ്പിൾ കർഷകർ വിളവെടുപ്പ് ആവേശത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com