sections
MORE

തികയുമോ റിട്ടയർമെന്റ് കരുതൽ ധനം

pension-plan
SHARE

Q- റിട്ടയർമെന്റിനായി സ്വരൂപിച്ച കരുതൽ ധനം ജീവിത പങ്കാളിയുടെയും ജീവിതകാലച്ചെലവിനു പര്യാപ്തമാണെന്ന് എങ്ങനെ ഉറപ്പാക്കാം?

A- വരുമാനമുള്ള കാലത്ത് മിച്ചം പിടിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും ഊന്നൽ നൽകിക്കൊണ്ടാണ് റിട്ടയർമെന്റ് സമ്പാദ്യ പദ്ധതികളെല്ലാം വിഭാവന ചെയ്തിരിക്കുന്നത്. പെൻഷനാകുന്നതോടെ അതുവരെ കരുതിയ സമ്പാദ്യം, ജീവിതാവസാനം വരെ ഒരു നിശ്ചിത തുക മാസംതോറുമോ അല്ലെങ്കിൽ തെരഞ്ഞെടുക്കുന്ന ഇടവേളകളിലോ ആനുവിറ്റിയായി ലഭിച്ചുകൊണ്ടിരിക്കുന്ന തരത്തിൽ ഏതെങ്കിലും ഒരു ആനുവിറ്റി പ്ലാനിൽ ഒരുമിച്ച് നിക്ഷേപിക്കാം.

പെൻഷനറുടെ കാലശേഷം ജീവിത പങ്കാളിക്ക് ആനുവിറ്റി തുക തുടർന്നു ലഭിക്കുന്ന രീതിയിലും രണ്ടു പേരുടെയും കാലശേഷം നിക്ഷേപത്തുക അനന്തരാവകാശിക്ക് തിരികെ ലഭിക്കുന്ന രീതിയിലും വ്യത്യസ്ത  ആനുവിറ്റികൾ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഉൾപ്പെടെ വിപണനം നടത്തുന്നുണ്ട്. ശരാശരി 6% മുതൽ 8% വരെ മാത്രമാണ് ആനുവിറ്റികളിൽനിന്ന് ലഭിക്കുന്ന വരുമാനം.

ആനുവിറ്റിയായി ലഭിക്കുന്ന തുകയിൽനിന്നു നികുതി നൽകേണ്ടി വരുമെന്നതും ആരോഗ്യ സംരക്ഷണം ഉൾപ്പെടെ ജീവിതച്ചെലവുകൾ വർഷംതോറും ഉയരുന്നുണ്ടെന്നതും ആനുവിറ്റി തുക പര്യാപ്തമാകുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. മിച്ചസമ്പാദ്യം പൂർണമായും ആനുവിറ്റിയിൽ മാത്രം നിക്ഷേപിക്കുന്നത് ഗുണകരമാകില്ല. ഓരോ വർഷവും ജീവിതച്ചെലവിനായി പിൻവലിക്കേണ്ടി വരുന്ന തുക, മൂലധനത്തിനു ലഭിക്കുന്ന വളർച്ചനിരക്കിൽനിന്നു നികുതി കുറച്ചശേഷം കിട്ടുന്ന തുകയെക്കാൾ ഉയർന്നിരുന്നാൽ മൂലധനത്തിൽ കുറവുണ്ടാകുമെന്ന് മനസ്സിലാക്കണം.

ജീവിതഘട്ടങ്ങൾ അടിസ്ഥാനമാക്കണം

ജീവിതത്തിൽ റിട്ടയർമെന്റ് ഘട്ടം എന്നു പൊതുവെ കരുതുന്നതിനു പകരമായി റിട്ടയർമെന്റ് ഘട്ടത്തെ വീണ്ടും ഉപഘട്ടങ്ങളായി തിരിച്ച് ആലോചിക്കണം. റിട്ടയർ ചെയ്തതിനുശേഷമുള്ള ആദ്യ 5 വർഷങ്ങൾ, രണ്ടാമത്തെ 10 വർഷങ്ങൾ, അതിനുശേഷം വരുന്ന സായന്തനഘട്ടം എന്നിങ്ങനെ പ്രധാനമായും മൂന്നായി തിരിക്കാം. ആദ്യ 5 വർഷങ്ങളിൽ ഉയർന്ന വരുമാനം ലഭിക്കുന്ന കടപ്പത്രങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, നികുതി രഹിത ബോണ്ടുകൾ എന്നിങ്ങനെയുള്ള ആസ്തികളിൽ റിട്ടയർമെന്റ് മൂലധനം നിക്ഷേപിക്കുന്നതിനും പരമാവധി വളർച്ച നിരക്ക് ഉറപ്പാക്കുന്നതിനും ശ്രദ്ധിക്കണം.

ജീവിതച്ചെലവിന് അത്യാവശ്യം വേണ്ടുന്ന തുക മാത്രം ലഭിക്കത്തക്ക രീതിയിൽ ആനുവിറ്റി നിക്ഷേപത്തിന്റെ അനുപാതം പരമാവധി കുറയ്ക്കുക. രണ്ടാം ഘട്ടത്തിൽ താരതമ്യേന നഷ്ട സാധ്യത കുറഞ്ഞ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ, സീനിയർ സിറ്റിസൺ നിക്ഷേപങ്ങൾ, ദേശീയ സമ്പാദ്യ പദ്ധതികൾ എന്നിവകളിലേക്ക് മൂലധനം കൂടുതലായി മാറ്റി വിന്യസിക്കാം.

ആനുവിറ്റി നിക്ഷേപം ആവശ്യാനുസരണം വർധിപ്പിക്കാം. സായന്തന ഘട്ടത്തിൽ ബാങ്ക് സ്ഥിരനിക്ഷേപങ്ങളിൽ അടിയന്തര ഘട്ടങ്ങളിലേക്ക് ആവശ്യമായ പണം ഉൾപ്പെടെ നിക്ഷേപിക്കാവുന്നതും ആനുവിറ്റിയുടെ പങ്ക് വീണ്ടും വർധിപ്പിക്കാവുന്നതുമാണ്. മെച്ചപ്പെട്ട മ്യൂച്വൽ ഫണ്ട് സ്‌കീമുകളിൽ സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാനുകളും ഉപയോഗപ്പെടുത്താം.

മൂലധനത്തിന്റെ ആയുസ്സ്

60 വയസ്സിൽ റിട്ടയർ ചെയ്ത ഒരാൾക്ക് 70 വയസ്സാകുമ്പോഴേക്ക് സ്വരുക്കൂട്ടിയ മൂലധനത്തിൽ മൊത്തത്തിൽ 15 ശതമാനത്തിലധികം കുറവ് വരാത്ത രീതിയിൽ വാർഷിക പിൻവലിക്കൽ ആകാം. ഓരോരുത്തരുടേയും ആരോഗ്യം, ലൈഫ് എക്‌സ്‌പെക്റ്റൻസി എന്നിവ കണക്കിലെടുത്ത് 80 വയസ്സാകുമ്പോഴേയ്ക്ക് 30 മുതൽ 50 ശതമാനം വരെ മൂലധനം പിൻവലിച്ച് ഉപയോഗിച്ചാലും ഭദ്രമായ നിലവാരത്തിലാണ്.

ജീവിത പങ്കാളിയുടെ പ്രായവും ആരോഗ്യ സ്ഥിതിയും കൂടി ഇതോടൊപ്പം പരിഗണിക്കേണ്ടതുണ്ട്. വളർച്ചനിരക്കും ഓരോ വർഷവും പിൻവലിക്കുന്ന തുകയുടെ ശതമാനവും ഒരുമിച്ചു പരിഗണിച്ചാൽ റിട്ടയർമെന്റ് മൂലധനത്തിന്റെ ആയുസ്സ് എത്രയുണ്ടാകുമെന്നു മനസ്സിലാക്കാം.

8% വളർച്ചനിരക്ക് ലഭിക്കുമ്പോൾ 15% കണ്ട് തുക വീതം വർഷം തോറും പിൻവലിച്ചാൽ ഏകദേശം 10 വർഷം കൊണ്ട് മൂലധനം ഇല്ലാതാകുമെന്നും ഇതേ വളർച്ചനിരക്കിൽ തന്നെ പിൻവലിക്കൽ 10 ശതമാനമായി പരിമിതപ്പെടുത്തിയാൽ 21 കൊല്ലത്തോളം മൂലധനം നിലനിൽക്കുമെന്നും തിരിച്ചറിയുക.

നയം വ്യക്തമാക്കണം

വിപണിയിലെ ഗുണകരമല്ലാത്ത വ്യതിയാനങ്ങൾ മൂലം മൂലധന നിക്ഷേപങ്ങൾക്ക് വരുമാനം കുറയുന്ന സാഹചര്യങ്ങളിൽ നിക്ഷേപ ആസ്തികൾ മാറ്റിപ്പിടിക്കണം. പണപ്പെരുപ്പ നിരക്ക് ഉയരുകയും ജീവിതച്ചെലവ് ഉയരുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ മെച്ചപ്പെട്ട വരുമാനമുള്ള ആസ്തികളെ ആശ്രയിക്കേണ്ടി വരും. സാമ്പത്തിക മാന്ദ്യവും മറ്റും ശല്യപ്പെടുത്തുന്ന സന്ദർഭങ്ങളിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി പിൻവലിക്കൽ ശതമാനം കുറച്ച് കരുതൽ നടപടികൾ എടുക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA