ADVERTISEMENT

കൊച്ചി∙ ഒരു കോടി രൂപയുടെ ബാധ്യത മാത്രമായിരുന്നു സ്വന്തമായി ഒരു സംരംഭം തുടങ്ങാനുള്ള ആഗ്രഹത്തിനു പുറമേ ശാന്തി രഘുനന്ദനൻ എന്ന സാധാരണക്കാരിയായ വീട്ടമ്മയുടെ പക്കലുണ്ടായിരുന്നത്. കയ്യിൽ കാശില്ലാത്തപ്പോൾ സംരംഭകയാകാനുള്ള അതിമോഹം തോന്നിയതൊന്നുമല്ല.

മണ്ണുത്തിയിൽ കുറിക്കമ്പനി നടത്തിയിരുന്ന ഭർത്താവിനു വൻ നഷ്ടം വന്നപ്പോൾ താങ്ങാകാൻ എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിച്ചെന്നേയുള്ളൂ. പക്ഷേ, കാര്യമായി മൂലധനമൊന്നും സ്വരൂപിക്കാനായില്ല. ഇത്രയും കടമുള്ള ആളെ ആരു സഹായിക്കാൻ!

ആത്മധൈര്യം മാത്രം മുതല്‍മുടക്കി തൃശൂരിലെ കൃഷ്ണാപുരം  എന്ന ഗ്രാമത്തിലെ വീട്ടിൽ നിന്ന് 5 ലീറ്റർ വെളിച്ചെണ്ണ ഔഷധക്കൂട്ടുകൾ ചേർത്തു കാച്ചി സൈക്കിളിൽ കൊണ്ടുനടന്നു വിറ്റു ശാന്തി 2002ൽ സ്വയം സംരംഭകയായി. സിദ്ധവൈദ്യനായിരുന്ന മുത്തച്ഛന്റെ കയ്യിൽനിന്നു പകർന്നു കിട്ടിയ ഔഷധ ജ്ഞാനം ഇക്കാര്യത്തിൽ പ്രയോജനപ്പെട്ടു. 17 വർഷങ്ങൾക്കിപ്പുറം ഇരുന്നൂറോളം ഉത്പന്നങ്ങളും ഒരു കോടി രൂപയ്ക്കു താഴെ വാർഷിക വിറ്റുവരവുമുള്ള ശാന്തി ഹെർബൽ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണു ശാന്തി.

ഇരുപതോളം ഔഷധ ഇലകളും നെല്ലിക്കയും ചേർത്തു ചക്കിലാട്ടി ഉണ്ടാക്കിയ വെളിച്ചെണ്ണ സ്വന്തം നാട്ടുകാർ തന്നെ സ്വീകരിച്ചതോടെ ആത്മവിശ്വാസമായി. പ്രകൃതിദത്തമായ, കലർപ്പില്ലാത്ത ഉത്പന്നങ്ങളോടു ജനത്തിനുള്ള താൽപര്യം മനസ്സിലാകാനും ആദ്യ ഉത്പന്നം സഹായകമായി.

ഒരിക്കൽ ഉപയോഗിച്ച പലരും തേടി വന്ന് എണ്ണ വാങ്ങിപ്പോകാൻ തുടങ്ങിയതോടെ രണ്ടാമത്തെ ഉത്പന്നം അണിയറയിൽ ഒരുങ്ങി. രാമച്ചവും ചീവയ്ക്കയും ബദാമും ചേർത്തുള്ള മണ്ണുസോപ്പായിരുന്നു ഇത്. സംഭവം സൂപ്പർ ഹിറ്റായി. ശരീരത്തിന്റെ നിറം വർധിപ്പിക്കാനും സ്വാഭാവികമായ തണുപ്പു നിലനിർത്താനും ചർമത്തിന്റെ മൃദുത്വവും തിളക്കവും വർധിക്കാനും ഈ സോപ്പ് സഹായിക്കുമെന്നതിനാൽ വൻ ഡിമാൻഡാണുണ്ടായതെന്നു ശാന്തി പറയുന്നു.

ആവശ്യക്കാരേറിയതോടെ 2005ൽ ശാന്തി ഹെർബൽ പ്രോഡക്ട്സ് റജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങി. ശാന്തി നിർമിച്ച എണ്ണ ശിരോശാന്തി ഹെർബൽ ഓയിൽ എന്ന പേരിൽ വിപണിയിലെത്തി. മണ്ണുസോപ്പ് ശാന്തി മഡ് സോപ്പായി.
ഇന്ന് ഇരുന്നൂറോളം ഉത്പന്നങ്ങളാണു ശാന്തി ഹെർബൽസിന്റേതായി വിപണിയിലെത്തുന്നത്.

ഇതിൽ രണ്ടെണ്ണത്തിനു പേറ്റന്റും നേടാനായി. മഡ് സോപ്പിനും നെല്ലിക്ക, കറിവേപ്പില, ഇഞ്ചി, സംഭാരം എന്നിവ ചേർത്തുണ്ടാക്കുന്ന ഡെയ്‌ലി ഫ്രഷ് ഗൂസ്ബെറി സംഭാരത്തിനുമാണു പേറ്റന്റ് ലഭിച്ചത്. മാവില ടൂത്ത് പൗഡർ, ഹാംലാ ഡ്രിങ്ക്, ഹാംലാ ചില്ലി, ചെമ്പരത്തി സ്ക്വാഷ്, ഹെർബൽ സ്‌ലിം, കരിമ്പിൻ ശർക്കര ചേർത്ത നെല്ലിക്ക ജ്യൂസ്, കറുക ബ്രഹ്മി സ്പെഷൽ ജാം എന്നിങ്ങനെ പുതുമയുള്ള പ്രകൃതിദത്ത ഉത്പന്നങ്ങളാണു ശാന്തി വിപണിയിൽ എത്തിച്ചിട്ടുള്ളത്.  

മുൻപു വീട്ടിലായിരുന്നു ഉത്പന്നങ്ങൾ നിർമിച്ചിരുന്നതെങ്കിലും അടുത്തിടെ നടത്തറ കൊഴുക്കുള്ളി ഹരിതാനഗറിൽ കമ്പനിയുടെ നിർമാണ യൂണിറ്റ് ആരംഭിച്ചു. ഇപ്പോൾ എല്ലാ ജില്ലകളിലും സംസ്ഥാനത്തിനു പുറത്തും ശാന്തി ഹെർബൽ പ്രോഡക്ട്സ് എത്തുന്നുണ്ട്. വിദേശ വിപണിയിലേക്കും ഉത്പന്നങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണു ശാന്തി. തൃശൂരിൽ പച്ചക്കറി മൊത്തക്കച്ചവടം ചെയ്യുന്ന വിയ്യത്ത് രഘുനന്ദനനാണു ഭർത്താവ്. രാഹുലും ഗോകുലും മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com