ADVERTISEMENT

ന്യൂഡൽഹി∙ വെള്ളക്കുപ്പികൾക്കു പകരം കടലാസ് കാർട്ടണുകളോ മറ്റോ ഉപയോഗിക്കുന്നതിന്റെ സാധ്യത ബുധനാഴ്ചയ്ക്കകം അറിയിക്കണമെന്ന് പ്രമുഖ മിനറൽ വാട്ടർ നിർമാതാക്കളോടു കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യപൊതുവിതരണ മന്ത്രി റാം വിലാസ് പാസ്വാൻ ആവശ്യപ്പെട്ടു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇതു നടപ്പാക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയ സമിതി രൂപീകരിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച മാർഗരേഖയുണ്ടാക്കാൻ മിനറൽ വാട്ടർ നിർമാതാക്കൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്, എഫ്‌എസ്എസ്എഐ, ഐആർസിടിസി തുടങ്ങിയവരുടെയും ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രി വിളിച്ചിരുന്നു. എവിടെയും മാലിന്യങ്ങളിൽ ഭൂരിഭാഗവും പ്ലാസ്റ്റിക്കാണെന്ന് മന്ത്രി പറഞ്ഞു. പേപ്പർ കുപ്പികളിലും ചെറിയ അളവു വരെ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതു കൊണ്ട് അതും പൂർണമായ പരിഹാരമാണെന്നു പറയാനാവില്ല. ചെലവു കുറഞ്ഞതും ആശ്രയിക്കാവുന്നതുമായ ബദലാണു വേണ്ടത്. ബുധനാഴ്ചയ്ക്കകം നിർദേശങ്ങൾ നൽകാനാണു കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് മന്ത്രിതല സമിതിക്കും പ്രധാനമന്ത്രിയുടെ ഓഫിസിനും അയച്ചു കൊടുക്കും.

മിനറൽ വാട്ടർ കമ്പനികൾ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കാണ് കൂടുതലും ഉപയോഗിക്കുന്നതെന്ന് ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് നാച്ചുറൽ മിനറൽ വാട്ടർ ഇൻഡസ്ട്രി സെക്രട്ടറി ബെഹ്റാം മേത്ത പറഞ്ഞു. 92 ശതമാനം കമ്പനികളും ഇത്തരം കുപ്പികളാണ് ഉപയോഗിക്കുന്നത്. ലോകം മുഴുവൻ ഇത് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്ലാസ്റ്റിക് അനുബന്ധ വ്യവസായങ്ങളിൽ 7 കോടി ആൾക്കാർ ജോലി ചെയ്യുന്നുണ്ട്. 7.5 ലക്ഷം കോടിയാണ് ഇത്തരം വ്യവസായങ്ങളുടെ ആസ്തി. പ്ലാസ്റ്റിക് നിരോധിക്കുന്നതു സമ്പദ്‌വ്യവസ്ഥയെയും ജോലികളെയും ബാധിക്കില്ലെന്നും ബദൽമാർഗങ്ങൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പാസ്വാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com