sections
MORE

വായ്പാമേളയ്ക്ക് പോകുംമുൻപ്

representational-image-3
SHARE

ലോകമാസകലം ബാധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏൽപിക്കാവുന്ന ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തു നാനൂറോളം വായ്പാക്യാംപുകൾ സംഘടിപ്പിക്കുന്നത്. നമ്മുടേത് പ്രാഥമികമായി ഒരു ഉപഭോഗാധിഷ്ഠിത സമ്പദ്ഘടനയാണ്. ഇത്തരം ഒരു സമ്പദ്‌വ്യവസ്ഥയെ ലോകത്തെവിടെയെങ്കിലും നടക്കുന്ന ചെറുചലനങ്ങൾക്കു പോലും സ്വാധീനിക്കാനാകും. അതിനെ ചെറുക്കാൻ ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കണം. വൻകിട കോർപ്പറേറ്റുകളെക്കാൾ അതിനാവുക ചെറുകിട വ്യവസായങ്ങൾക്കാണ്. വായ്പാമേളകൾ സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായമോ വ്യാപാരമോ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കു സുവർണാവസരമാണ്. എന്നാൽ ഈ നല്ല അവസരം വളരെ സൂക്ഷിച്ചു വിനിയോഗിക്കണം. കാരണം, വാങ്ങുന്നത് വായ്പ ആണ്; തിരിച്ചടയ്‌ക്കേണ്ടതാണ്. 

പദ്ധതി വിഭാവനം എ. ത്രാണി:

പദ്ധതി വിഭാവനം ചെയ്യുമ്പോൾ ഏറ്റവുമാദ്യം പരിഗണിക്കേണ്ട കാര്യം, നിർദ്ദിഷ്ട വ്യവസായം വിജയകരമായി നടത്തിക്കൊണ്ടുപോകാൻ നമുക്ക് ത്രാണിയുണ്ടോ എന്നതാണ്. കച്ചവട മാതൃക രൂപകൽപന ചെയ്യാനും സംരംഭം വിജയകരമായി ആരംഭിക്കാനും അതുപോലെതന്നെ വിജയകരമായി നടത്തിക്കൊണ്ടുപോകാനും ഉള്ള കഴിവ് അത്യാവശ്യം. അന്ധമായ ആത്മവിശ്വാസത്തിന് പകരം ഉൽപാദനത്തിന്റെയും ഉൽപന്നത്തിന്റെയും വിപണനത്തിന്റെയും ഓരോ ഘടകങ്ങളെയും സൂക്ഷ്മമായി വിലയിരുത്തി അവയോരോന്നിനും വേണ്ട കഴിവുകൾ തനിക്കുണ്ടോ എന്നു കർശനമായി പരിശോധിച്ചു നേടുന്ന ആത്മവിശ്വാസമേ ഫലം ചെയ്യൂ. നിർദിഷ്ട വ്യവസായത്തിൽ മുൻപരിചയമോ അതില്ലെങ്കിൽ മതിയായ പരിശീലനമോ ഉണ്ടാകണം. 

ബി. പരിസ്ഥിതി പ്രശ്നങ്ങൾ:

പദ്ധതി നടപ്പാക്കുമ്പോഴും പ്രവർത്തിപ്പിക്കുമ്പോഴും വരാവുന്ന വിവിധ പരിസ്ഥിതി പ്രശ്നങ്ങൾ മുൻകൂട്ടി മനസ്സിലാക്കി അവയ്ക്ക് വിവിധ സർക്കാർ വകുപ്പുകൾ / ഏജൻസികൾ നിഷ്കർഷിക്കുന്ന കരുതൽ സംവിധാനം പദ്ധതിച്ചെലവിന്റെ ഭാഗമായി വിലയിരുത്തണം. ഓരോ വകുപ്പിൽനിന്നും ലഭിക്കേണ്ട അനുമതികൾ ലഭിച്ചിട്ടുണ്ടെന്നും അവയിലെ നിബന്ധനകൾ പാലിച്ചിട്ടുണ്ടെന്നും ഉറപ്പു വരുത്തണം.  

സി. സാങ്കേതിക ക്ഷമത:

ഉൽപാദനത്തിലോ വിപണനത്തിലോ സാങ്കേതിക വിദ്യയുടെ ഉപയോഗമുണ്ടെങ്കിൽ, ആ സാങ്കേതിക വിദ്യയുടെ ലഭ്യത, അനുയോജ്യത, ഭാവി, സമയാസമയങ്ങളിൽ പരിപോഷിപ്പിക്കാനുള്ള സംവിധാനം, മുടക്കുമുതൽ, ആവർത്തനച്ചെലവ് എന്നിവയെല്ലാം വിശദമായി പഠിക്കണം. അതുപോലെ, ഓരോ ഉൽപാദനഘടകത്തിന്റെയും ലഭ്യത, വില അല്ലെങ്കിൽ ചെലവ്, ഗുണനിലവാരം, കിട്ടാനുള്ള എളുപ്പം എന്നിവയും കൃത്യമായി വിശകലനം ചെയ്തു വേണം തീരുമാനം എടുക്കാൻ. വിപണിയിലേക്ക് ഉൽപന്നം എത്തിക്കാനുള്ള സംവിധാനവും അവയുടെ പ്രവർത്തനച്ചെലവും കണക്കിലെടുക്കണം. 

ഡി. സാമ്പത്തിക സാദ്ധ്യത: 

പൊതുസമ്പദ്‌വ്യവസ്ഥ അനുഗുണമാവുമ്പോഴേ പുതിയ ഒരു വ്യവസായത്തിൽ ഇറങ്ങാവൂ. നിർമിക്കാനുദ്ദേശിക്കുന്ന ഉൽപന്നം എത്രത്തോളം എണ്ണം/അളവ് വിപണിയിൽ നിലവിൽ ആവശ്യമുണ്ട്, നമ്മൾ ഉൽപാദിപ്പിക്കാൻ ഉദ്ദേശിക്കുന്ന എണ്ണമോ/ അളവോ കൂടി നിർദിഷ്ട വിപണിയിൽ എത്തിയാൽ, അത് അധികമാകുമോ എന്നെല്ലാം ചെറിയ ഗവേഷണം വേണം. നമ്മുടെ ഉൽപന്നം വിപണിയിൽ അധികമാകുമെങ്കിൽ മത്സരത്തിൽ നമ്മൾ തോൽക്കും. ഇനി അഥവാ രണ്ടും തുല്യമാണെങ്കിൽ, പുതിയതായി ഇനിയുമൊരാൾ ഇതേ ഉൽപന്നവുമായി വന്നാൽ, നമുക്ക് പിടിച്ചുനില്ക്കാനാകുമോ. വലിയ അളവിൽ ഡിമാൻഡുള്ള വിപണിയെ മാത്രമേ ലക്‌ഷ്യം വയ്ക്കാവൂ.  

ഇ. ധനകാര്യ ക്ഷമത: 

പ്രതീക്ഷിക്കുന്ന കച്ചവടം, അതിൽ നിന്നുള്ള ലാഭം (ശതമാനാടിസ്ഥാനത്തിലും തുകയടിസ്ഥാനത്തിലും) എന്നിവ കണക്കു കൂട്ടുന്നത് ന്യായമായ അനുമാനങ്ങളെ ആസ്പദമാക്കിയാവണം. അവ ഏതവസ്ഥയിലും സാധ്യമാകുന്നവ ആകണം. ഒരു പദ്ധതിയുടെ വിജയം,  അനുമാനങ്ങളുടെ യാഥാർഥ്യബോധത്തെ അനുസരിച്ചാണ്. അതുപോലെ, കൈമുതൽ (മാർജിൻ) എത്ര വേണ്ടിവരുമെന്നതും പഠിക്കണം. മാർജിൻ തുക ഒരിക്കലും കടം വാങ്ങിച്ചതാകുരുത്.  

എഫ്. വ്യവസായ സാദ്ധ്യത: 

ഒരു കച്ചവടം തുടങ്ങുമ്പോൾ എപ്പോഴും ഓർമയിൽ വയ്‌ക്കേണ്ട കാര്യം, പലിശച്ചെലവും നികുതിച്ചെലവും കഴിഞ്ഞുള്ള ലാഭത്തിൽനിന്നു വേണം മുതൽ അടയ്ക്കാൻ എന്നതാണ്. വ്യക്തികൾ ഉപജീവനോപാധി എന്ന നിലയിൽ നടത്തുന്ന സംരംഭങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബച്ചെലവിനും വ്യക്തിഗച്ചെലവിനും ഉള്ള തുക വകയിരുത്തിയ ശേഷം വരുന്ന തുകയേ മുതൽ അടയ്ക്കാൻ പ്രായോഗികമായി ഉണ്ടാവൂ. അതിനാൽ അതെല്ലാം കണക്കിലെടുത്തതിനു ശേഷം ബാക്കിയെത്ര കിട്ടുമെന്നും അത് അടയ്‌ക്കേണ്ട വായ്പാഗഡുവിനെക്കാൾ എത്ര അധികം വരുമെന്നും കണക്കുകൂട്ടണം. 

(ഹരിയാനയിലെ ഗുരുഗ്രാമത്തിൽ സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രെഡിറ്റ് ആൻഡ് റിസ്ക് മാനേജ്മെന്റിൽ ഫാക്കൽറ്റി ബോർഡ് അംഗമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA