ADVERTISEMENT

‘സ്റ്റാർട്ടപ്പുകളെക്കുറിച്ച് എല്ലാവരും വളരെ റൊമാന്റിക് ആയാണു കരുതുന്നത്. കോളജ് ഡ്രോപ് ഔട്ട്സ് സൃഷ്ടിച്ച സാങ്കേതിക അത്ഭുതങ്ങളും എല്ലാവരും എണ്ണിപ്പറയുന്നു. പ്രായം 30 കടക്കും മുൻപു ചിലരൊക്കെ വൻ സംരംഭങ്ങൾ കെട്ടിപ്പൊക്കിയിട്ടുണ്ടെന്നതു നേരു തന്നെ. പക്ഷേ, ഓർക്കുക, അത്തരം മാതൃകകൾ അപൂർവമാണ്! ചരിത്രം പരിശോധിച്ചാൽ, 40 വയസ്സ് കടന്ന ശേഷമാണു മഹാഭൂരിപക്ഷം പേരും വിജയകരമായ സംരംഭങ്ങൾ സൃഷ്ടിച്ചതെന്നു കാണാം. അൽപ സ്വൽപം അനുഭവ പരിചയം കൂടി ബിസിനസ് വിജയത്തിന് ആവശ്യമാണ്! ’ – സിംഗപ്പൂർ ആസ്ഥാനമായ ഒലാം ഇന്റർനാഷനൽ ലിമിറ്റഡ് സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സണ്ണി വർഗീസിന്റെ വാക്കുകൾ. കാർഷിക വ്യവസായ മേഖലയിലെ പ്രമുഖരാണ് ഒലാം.

ജന്മം കൊണ്ടു കേരളീയനെങ്കിലും അദ്ദേഹം ജനിച്ചതും പഠിച്ചതും വളർന്നതും കേരളത്തിനു പുറത്താണ്. പിതാവിന്റെ നാട് മാന്നാറിലാണ്. അമ്മയുടേതു മാവേലിക്കരയിലും. പക്ഷേ. ജനിച്ചതു ബെംഗളൂരുവിൽ, പഠിച്ചു വളർന്നതു തിരുച്ചിറപ്പള്ളിയിലും അഹമ്മദാബാദിലുമൊക്കെ.

സംരംഭകത്വം: 20 കളിലും 40 കളിലും

വളരെ ചെറുപ്രായത്തിൽത്തന്നെ സംരംഭകരാകണം എന്നു നിർബന്ധിക്കേണ്ടതില്ല, അതിനു കഴിഞ്ഞില്ലെങ്കിൽ വിഷമിക്കേണ്ട കാര്യവുമില്ല. അൽപം കൂടി കാത്തിരുന്നാൽ, എവിടെയെങ്കിലും കുറച്ചുകാലം ജോലി ചെയ്താൽ കിട്ടുന്ന അനുഭവ സമ്പത്തു പ്രധാനമാണ്. അതുകൊണ്ടാണു നാൽപതുകൾ സംരംഭങ്ങൾ ആരംഭിക്കാൻ മികച്ച സമയമായി ഞാൻ കരുതുന്നത്. എന്നാൽ, വിവാഹവും കുടുംബവും ഉൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങളും ചുമതലകളും അക്കാലത്തു പലർക്കും വൈഷമ്യങ്ങൾ ഉണ്ടാക്കാറുണ്ട്. കോളജ് വിട്ടിറങ്ങി നേരെ സ്വന്തം സംരംഭത്തിലേക്കു ചുവടുവയ്ക്കുന്നവർക്ക് അത്തരം പരിമിതികൾ ഇല്ലെന്ന നേട്ടമുണ്ട്. 

അനുകരണം വേണ്ട 

ഏതു സംരംഭമാണെങ്കിലും വിജയിച്ച മാതൃകകളെ പകർത്തുന്ന രീതി ഗുണം ചെയ്യണമെന്നില്ല. അനുകരണമല്ല ആവശ്യം. പ്രസക്തമായതും വേറിട്ടു നിൽക്കുന്നതുമായ ആശയവും നടപ്പാക്കലുമാണു പ്രധാനം. തീർച്ചയായും വേറിട്ടു നിൽക്കുന്ന സേവനമോ ഉൽപന്നമോ നൽകിയാൽ വിപണി സ്വീകരിക്കും. 

സർഗാത്മകതയെ അംഗീകരിക്കുക

സംരംഭ വിജയത്തിനു ക്രിയേറ്റിവിറ്റി പ്രധാനമാണ്. അതിനെ അംഗീകരിക്കുക, വ്യത്യസ്തമായി ചിന്തിക്കുന്നവരെ ഉൾക്കൊള്ളുക. പലപ്പോഴും ക്രിയേറ്റിവായ സംരംഭകർ വ്യത്യസ്തരുമായിരിക്കും! നാം ഒരു ബിസിനസ് ചെയ്യുമ്പോൾ, അല്ലെങ്കിൽ സൃഷ്ടിപരമായി എന്തെങ്കിലും ചെയ്യുമ്പോൾ അതിനോട് അങ്ങേയറ്റം താൽപര്യമുണ്ടായിരിക്കണം. അങ്ങേയറ്റം ശ്രദ്ധ നൽകണം. സ്വന്തം പണമിറക്കി ബിസിനസാകുമ്പോൾ എല്ലാ കാര്യത്തിലും കണ്ണും കാതുമെത്തിക്കാൻ കഴിയണം. 

വേണ്ട ബ്യൂറോക്രസിവൽക്കരണം 

പലപ്പോഴും കഠിനാധ്വാനവും തീവ്രമായ അഭിനിവേശവും ചേരുമ്പോൾ മികച്ച സംരംഭങ്ങൾ ജനിക്കും. മികച്ച കമ്പനികളായി അവ വളരും. പക്ഷേ, പതിയെപ്പതിയെ കമ്പനികൾ ‘പ്രഫഷനലൈസ്’ ചെയ്യപ്പെടും. വൈകാതെ ബ്യൂറോക്രസിവൽക്കരണം സംഭവിക്കും. അതോടെ, സംരംഭകത്വം ഇല്ലാതാകും. 

എവരി ഡേ ഈസ് ഡേ വൺ!

ആപ്പിൾ കമ്പനിയാണ് ഉദാഹരണം. ആരംഭിച്ചിട്ട് എത്രയോ കാലമായി. പക്ഷേ, ആദ്യ ദിനത്തിൽ ഉണ്ടായിരുന്ന അതേ ആവേശമാണ് അവർക്ക് ഇപ്പോഴും. പുതിയ പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നു. ഒരേ പുതുമയും ചെറുപ്പവും! എവരി ഡേ ഈസ് ഡേ വൺ! 

ഇന്ത്യ – സിംഗപ്പൂർ

താരതമ്യം അനാവശ്യമാണ്. ഇന്ത്യ അതിബൃഹത്തായ, 130 കോടി ജനങ്ങളുള്ള, വിഭിന്ന സംസ്കാരങ്ങളുള്ള രാജ്യമാണ്. സിംഗപ്പൂരാകട്ടെ, ചെറിയൊരു നഗര രാഷ്ട്രമാണ്. സ്വയം പുതുക്കുന്നതാണു സിംഗപ്പൂരിന്റെ പ്രത്യേകത. അഴിമതിയോടു സന്ധി ചെയ്യാത്ത രാജ്യമാണ്. സർക്കാരിലും ജുഡീഷ്യറിയിലും അഴിമതിയില്ല. ഇന്ത്യ പുരോഗമിക്കുകയാണ്. മില്ലനിയൽസിന്റെ ഊർജത്തിൽ. എങ്കിലും, മുന്നേറാൻ ഇനിയും ഏറെ ദൂരം ബാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com