ADVERTISEMENT

കേരളത്തിലെ കോടതി ഫീസുകൾക്കും വ്യവഹാര മൂല്യനിർണയത്തിനും വേണ്ടിയുള്ള 1959ലെ നിയമത്തിലെ നിർദിഷ്ട വകുപ്പ് പ്രകാരം  കേരള സംസ്ഥാനത്തെ ജനങ്ങൾക്ക്‌ കാര്യക്ഷമമായ നിയമ സഹായവും അതു നൽകാൻ നിയോഗിക്കപ്പെട്ട നിയമജ്ഞരുടെ സാമൂഹിക ക്ഷേമവും  ലക്ഷ്യമിട്ട് നിലവിൽ വന്നതാണ്‌ കേരള ലീഗൽ ബെനിഫിറ്റ് ഫണ്ട്. ഓരോ സാമ്പത്തിക വർഷവും ഫണ്ടിൽ ലഭ്യമായ തുക മുൻപറഞ്ഞ രണ്ടു വിഭാഗത്തിനും വീതിക്കാൻ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു.

ഫണ്ടിനുള്ള വ്യവസ്ഥ 1960ൽ വന്നെങ്കിലും ട്രസ്റ്റ്‌ നിലവിൽ വന്നപ്പോഴേക്കും 2000 ആയി. ഏതെങ്കിലും നിയമപ്രകാരം അധികാരിയുടെ തീർപ്പി ൽ അതൃപ്തിയുണ്ടായാൽ പരിഹാരമായി മുകളിൽ  കമ്മിഷണറുടെ മുൻപാകെയോ ട്രൈബ്യൂണലിലോ അപ്പീൽ ഫയൽ ചെയ്യണമെങ്കിൽ ലീഗ ൽ ബെനിഫിറ്റ് ഫണ്ടിലേക്ക് ഇപ്പോൾ തർക്കത്തിലുള്ള തുകയുടെ ഒരു ശതമാനം അടയ്ക്കണം. ഇത് കൂടാതെ മുക്തിയാർ അഥവാ വക്കാലത്തിനുള്ള കോടതി ഫീസിന്റെ പകുതിയും ഈ ഫണ്ടിലേക്ക് വരവുവയ്ക്കുന്നുണ്ട്. സാധാരണ കോർട്ട് ഫീ സ്റ്റാംപ് ആയാണ് ഇതടയ്ക്കുക. കോർട്ട് ഫീ സ്റ്റാംപിനുള്ള തുക പണമായോ കൂടുതലാണെങ്കിൽ ചെക്ക്/ ഡ്രാഫ്റ്റ്‌ ആയോ സ്വീകരിക്കും.

അഡ്വക്കറ്റ് ജനറൽ (എക്സ് ഒഫീഷ്യോ ചെയർമാൻ), ലോ സെക്രട്ടറി (സെക്രട്ടറിയും കൺവീനറും), ബാർ കൗൺസിലിന്റെ സെക്രട്ടറിയും 2 അംഗങ്ങളും, റവന്യൂ സെക്രട്ടറി, ഹൈക്കോടതി നിർദ്ദേശിക്കുന്ന അംഗം ഇവരാണ് മേൽപറഞ്ഞ ട്രസ്റ്റിന്റെ കമ്മിറ്റി അംഗങ്ങൾ. 

ജിഎസ്ടി അപ്പീലുകൾ

കേരളത്തിൽ ഇപ്പോൾ സ്റ്റേറ്റ് ജിഎസ്ടി അപ്പീലുകൾക്കും പ്രസ്തുത ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക് തുക അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. അതായത് അപ്പീൽ അതോറിറ്റി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനാെണങ്കിൽ ഡ്യൂട്ടി ബാധകമാണ്. അപ്പീൽ അതോറിറ്റി കേന്ദ്ര സർക്കാ ർ ഉദ്യോഗസ്ഥനാെണങ്കിൽ തുക അടയ്ക്കേണ്ട. 

അങ്ങനെ അപ്പീൽ അതോറിറ്റി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനാകുമ്പോ ൾ മാത്രമാണ് ഡ്യൂട്ടി ബാധകമെങ്കിൽ, കേന്ദ്ര നികുതി അപ്പീൽ അതോറിറ്റിയും സംസ്ഥാന നികുതി അപ്പീൽ അതോറിറ്റിയും തമ്മിൽ നടപടിയിൽ ഒരു വേർതിരിവ് ഉണ്ടാകുന്നു. ഇത് ശരിയല്ല. ജിഎസ്ടി ഒരു രാജ്യം ഒരു നികുതി എന്ന പ്രമാണം പിന്തുടരുന്നതാണല്ലോ. ചട്ടങ്ങളും അങ്ങിനെ തന്നെ വേണം. കേരളത്തിൽ ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക് തുക അടയ്ക്കണമെന്നും മറ്റൊരു സംസ്ഥാനത്തു വേണ്ടെന്നും വരുന്നത് എന്തായാലും നല്ലതല്ല.

ജിഎസ്ടി രാജ്യവ്യാപകമായാണ് നടപ്പിലാക്കിയത്. അതിനുള്ള നടപടികളിലോ ചർച്ചകളിലോ ഒരിക്കലും കേരളീയർക്കുള്ള ഈ അധിക ബാധ്യത വിഷയമായി വന്നില്ല. ലീഗൽ ബെനിഫിറ്റ് ഫണ്ടിന്റെ ധാർമിക ലക്ഷ്യങ്ങൾ രാജ്യമെമ്പാടും പ്രായോഗികത വരുന്നതുമാണ്. എന്നാ ൽ കേരളത്തിൽ മാത്രമായി അപ്പീൽ ചെലവ് കൂടുന്നു.

സാധാരണ ഇത്തരം ഫീസ്‌ നിശ്ചയിക്കുമ്പോൾ ഒരു പരിധിയും ഏർപ്പെടുത്താറുണ്ട്. ഇവിടെ അതുമില്ല. അപ്പീൽ തുകയുടെ ഒരു ശതമാനം, അതെത്ര വലുതായാലും അടയ്ക്കേണ്ടതുണ്ട്. 

ഫണ്ട് വിനിയോഗം

ലീഗൽ ബെനിഫിറ്റ് ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച് ഇനി പറയാം. ഇതിലേക്കുള്ള പിരിവു യഥാർഥത്തിൽ സർക്കാരിനുള്ള ഫീസ്‌ അല്ല. അതിന്റെ ഗുണഭോക്താക്കൾ വ്യവഹാരികളായ പൊതുജനം അല്ല. കേരളാ ലോ സെക്രട്ടറിയറ്റിന്റെ വെബ്സൈറ്റ് പ്രകാരം മേൽപറഞ്ഞ രണ്ടു ലക്ഷ്യങ്ങൾക്കും കൂടി തുക തുല്യമായാണു വീതം വയ്ക്കേണ്ടതെന്നു പറയുന്നെങ്കിലും അങ്ങനെ ഉണ്ടായില്ല.

നിയമസഭയിൽ ഇതു സംബന്ധമായ ഒരു ബിൽ അവതരിപ്പിച്ച നേരം അതിന്റെ പങ്കുവയ്ക്കലും വ്യക്തമാക്കിയിരുന്നു. എങ്ങനെയെന്നാൽ, കേരള അഡ്വക്കറ്റ് വെൽഫെയർ ഫണ്ട്, അഡ്വക്കറ്റ് ക്ലാർക്ക് വെൽഫെയർ ഫണ്ട് എന്നിവയ്ക്കാണ് സിംഹഭാഗവും വീതം വെച്ചത്. 10% മാത്രം ആണ് വ്യവഹാരികൾക്ക് സാങ്കേതിക സഹായത്തിനു ബാക്കിവയ്ക്കുക. നിയമസഭയിൽ പ്രസ്തുത വീതം ഇരുപതാക്കാനുള്ള ശ്രമം പരാജയപ്പെടുകയാണുണ്ടായത്.

ട്രസ്റ്റ്‌ അംഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ഇല്ല. ഫണ്ട് ഓഡിറ്റ്‌ നടത്തുന്നത് ലോക്കൽ ഫണ്ട് ഓഡിറ്റ്‌ വകുപ്പു വഴി പോരാ. സിഎജി ഓഡിറ്റ്‌ ഉപയോഗപ്പെടുത്തി ഫണ്ടിന്റെ വരവുചെലവു കണക്കുകൾ തിട്ടപ്പെടുത്തി നിയമസഭ മുൻപാകെ വയ്ക്കണം. കണക്കുകൾ കൈകാര്യം ചെയ്യുമ്പോൾ ഒരു അക്കൗണ്ടന്റ് അംഗം കൂടി വേണം. ഫണ്ടിലേക്കു തുക അടയ്ക്കാൻ ഇ-സ്റ്റാംപ് അഥവാ ഡിജിറ്റൽ സംവിധാനവും ഏർപ്പെടുത്തണം.

സർക്കാർ നികുതി, നികുതി ഇതര പിരിവുകൾ നടത്തുന്നതും അതിന്റെ ചെലവുകളും സുതാര്യം ആയിരിക്കണം. ലീഗൽ ബെനിഫിറ്റ് ഫണ്ടിന്റെ വരവു ചെലവു കണക്കുകൾ ഓഡിറ്റ്‌ ചെയ്തത് പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കുകയും വേണം.

ചാർട്ടേഡ് അക്കൗണ്ടന്റുമാരാണു ലേഖകർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com