sections
MORE

റിട്ടയർമെന്റ് ആസൂത്രണം മ്യൂച്വൽ ഫണ്ട് വഴി

love
SHARE

ഏതൊരു ധനകാര്യ ആസൂത്രണത്തിന്റേയും മന്ത്രം 'നേരത്തെ തുടങ്ങുക' എന്നതാണ്. ദീർഘകാലത്തിൽ മികച്ച ധനകാര്യ ആരോഗ്യത്തോടെയിരിക്കുവാൻ ഇതു നിങ്ങളെ സഹായിക്കുന്നു. അതതു സമയത്ത്, പ്രത്യേകിച്ച് റിട്ടയർമെന്റ് ആകുമ്പോഴേക്കും, നിങ്ങളുടെ ധനകാര്യലക്ഷ്യങ്ങൾ എല്ലാം ആത്മവിശ്വാസത്തോടെ നേടാൻ സഹായിക്കും.

റിട്ടയർമെന്റ് ആസൂത്രണമെന്നത് വിശ്രമവേളയിലേ ആവശ്യത്തിനായി വെറും പണം സമ്പാദിക്കുകയെന്നതു മാത്രമല്ല, ഈ പണം ശരിയായി നിക്ഷേപം നടത്തുന്നുവെന്നു ഉറപ്പു വരുത്തുകകൂടിയാണ്. അതുവഴി നിങ്ങളുടെ നിക്ഷേപം അർത്ഥവത്തായ നിധിയായി വളർച്ച നേടിയെന്നു ഉറപ്പിക്കുകയും ചെയ്യാം.

റിട്ടയർമെന്റ് ആസൂത്രണത്തിനു 2 ഘട്ടങ്ങൾ

റിട്ടയർമെന്റ് ആസൂത്രണത്തിനു രണ്ടു ഘട്ടങ്ങളാണുള്ളത്. ആദ്യത്തേത് സ്വരൂപിക്കലും രണ്ടാമത്തേത് വിതരണവും. റിട്ടയർ ചെയ്തശേഷവും അതിനു മുൻപത്തെ ജീവിതശൈലി തുടരുന്നതിനാവശ്യമായ പണം ലഭ്യമാക്കത്തക്കവിധത്തിലുള്ള നിക്ഷേപം, സ്വരൂപിക്കൽ സമയത്ത്  നിക്ഷേപകർ നടത്തുന്നു. തങ്ങളുടെ വരുമാനം വർധിക്കുന്നതിനനുസരിച്ച് നിക്ഷേപം വർധിപ്പിച്ച് ഇത് ഉറപ്പാക്കുന്നു. സ്വരൂപിക്കൽ സമയത്ത് തങ്ങൾക്കു ലഭിക്കുന്ന വരുമാനം ( ശമ്പളം, ബിസിനസ് ലാഭം തുടങ്ങിയവ)  നിക്ഷേപം നടത്തി സഞ്ചിതനിധി രൂപപ്പെടുത്തുന്നു.

ജോലിയിൽനിന്നുള്ള വരുമാനം നിലച്ചശേഷവും റിട്ടയർമെന്റിനു മുമ്പുള്ള നിങ്ങളുടെ ജീവിതശൈലി തുടരുവാൻ വിതരണ ഘട്ടത്തിലെ നിശ്ചേതന വരുമാനം (നിക്ഷേപത്തിൽനന്നുള്ള വരുമാനം) നിങ്ങളെ സഹായിക്കുന്നു. ഈ ചാക്രിക ജീവിതത്തിനു വേണ്ടി പ്ലാൻ ചെയ്യുമ്പോൾ  അസറ്റ് അലോക്കേഷൻ, പണപ്പെരുപ്പം എന്നീ രണ്ടു ഘടകങ്ങൾക്കു വളരെ പ്രധാന്യമുണ്ട്. ഇവയ്ക്ക് ഒരു റിട്ടയർമെന്റ് പ്ലാനിനെ  വളർത്താനോ നശിപ്പിക്കാനോ കെൽപ്പുണ്ട്. ഇത്തരത്തിലുള്ള ചില വെല്ലുവിളികളെ അതിജീവിക്കുവാൻ ധനകാര്യ ഉപദേശകരും ആസൂത്രകരും സഹായം നൽകും. ഈ നിക്ഷേപ യാത്രയെവിമർശനത്തോടെ വിലയിരുത്തുകയും ഉപദേശം നൽകുകയും ചെയ്യും. ഇവയെ നിക്ഷേപകർ പരിഗണിക്കാതെ തള്ളിക്കളയരുത്.

റിട്ടയർമെന്റിനായി  ആസൂത്രണം ചെയ്യുമ്പോൾ ഈ മൂന്നു കാര്യങ്ങൾ മുഖ്യമായും പരിഗണിക്കണം. വയസ്, ലക്ഷ്യമിട്ടിരിക്കുന്ന സഞ്ചിത നിധി, അനുമാന റിട്ടേൺ എന്നിവയാണവ. നിക്ഷേപ കാലയളവ് വർധിക്കുന്തോറും നിക്ഷേപം കൂടുതൽ റിട്ടേൺ സൃഷ്ടിക്കാനുള്ള സാധ്യതയും വർധിക്കുന്നു. വലിയൊരു സഞ്ചിത നിധി സൃഷ്ടിക്കുവാൻ ഇരട്ടപ്പെരുക്കത്തിന്റെ  കരുത്ത്  ഉപയോഗപ്പെടുത്തുവാനും സാധിക്കും.

മ്യൂച്വൽ ഫണ്ട്

നിക്ഷേപകന്റെ ജീവിതചക്രത്തിലെ എല്ലാ നിക്ഷേപആവശ്യങ്ങളും നിറവേറ്റാൻ സാധിക്കുന്ന വിധത്തിൽ വൈവിധ്യമാർന്ന സൊലൂഷനുകൾ മ്യൂച്വൽ ഫണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഹൃസ്വകാലാവശ്യത്തിനായി ലിക്വിഡി ഫണ്ടിലോ അല്ലെങ്കിൽ സമ്പത്തു സൃഷ്ടിക്കാനായി ഇക്വിറ്റി ഫണ്ടിലോ  നിക്ഷേപം നടത്താം. ചുരുക്കത്തിൽ ഇന്ന് മ്യൂച്വൽ ഫണ്ടുകൾ  വിവിധ ആവശ്യങ്ങൾക്കുള്ള വൈവിധ്യമാർന്ന  ഉത്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഒന്നിൽനിന്ന് ഒന്നിലേക്ക് എളുപ്പത്തിൽ സ്വിച്ച്  ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

ഓഹരി, ഡെറ്റ്, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ആസ്തികളിൽ നിക്ഷേപിക്കാനുള്ള ഒറ്റ അസറ്റ് അലോക്കേഷൻ സൊലൂഷൻ മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകർക്കു മുന്നിൽ വയ്ക്കുന്നുണ്ട്. ഇവ നികുതിയുടെ കാര്യത്തിൽ കാര്യക്ഷമമാണെന്നു മാത്രമല്ല, ആസ്തികളെക്കുറിച്ചു പഠിച്ചു നിക്ഷേപം നടത്താൻ സമയമില്ലാത്തവർക്കു വൺ സ്റ്റോപ് സൊലൂഷനും നൽകുന്നു.

നേരത്തെ നിശ്ചയിച്ചിട്ടുള്ള നിക്ഷേപ മാതൃകയിലൂടെ വൈവിധ്യമാർന്ന ആസ്തികളിൽ നിക്ഷേപം നടത്തുന്നവയാണ് ഡൈനാമിക് അലോക്കേഷൻ മ്യൂച്വൽ ഫണ്ടുകൾ. വൈവിധ്യമാർന്ന ഘടകങ്ങൾ ഉപയോഗിച്ച് വിവിധ ആസ്തികളിൽ സജീവമായി  നിക്ഷേപം നടത്തുന്നതുവഴി വിപണി റിസ്‌ക് കുറച്ച് വരുമാന സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഒരാൾക്ക് വെറും 100 രൂപ മുതൽ (മ്യൂച്വൽ ഫണ്ട് പദ്ധതിയുടെ ഇനത്തേയും കമ്പനിയേയും ആശ്രയിച്ച്) ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കുവാൻ സാധിക്കും. ഏറ്റവും അനുകൂലമായ ഘടകം നിക്ഷേപത്തിനു പരമാവധി പരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ്.

ഇതിനുമുപരിയായി നിക്ഷേപകന്റെ ആവശ്യത്തിനനുസരിച്ച് ഫണ്ട് വാങ്ങുവാനും അതു വിറ്റു പണമാക്കുവാനുമുള്ള വൈവിധ്യമാർന്ന സൗകര്യങ്ങൾ (എൻട്രി- എക്‌സിറ്റ് സൊലൂഷനുകൾ) മ്യൂച്വൽ ഫണ്ട് കമ്പനികൾ ലഭ്യമാക്കിയിട്ടുണ്ട്. ഒരുമിച്ച് വലിയ തുക മ്യൂച്വൽ ഫണ്ട് യൂണിറ്റുകളിൽ നിക്ഷേപം നടത്താനുള്ള സൗകര്യമുണ്ട്. അല്ലെങ്കിൽ ഫണ്ട് ലഭ്യതയനുസരിച്ച് ക്രമ നിക്ഷേപ പദ്ധതി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ- എസ്‌ഐപി) രീതിയിൽ നിക്ഷേപം നടത്താം.

ക്രമമായി മാസ വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ക്രമ മടക്കിവാങ്ങൽ പദ്ധതി (സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ- എസ്ഡബ്‌ള്യുപി) ഉപയോഗിച്ച് എല്ലാ മാസവും യൂണിറ്റുകൾ പണമാക്കി മാറ്റാം. അതായത് നിക്ഷേപത്തിന്റെ ചെറിയ ഭാഗം ക്രമമായ കാലയളവിൽ (ഉദാഹരണത്തിന് മാസംതോറും) വരുമാനത്തിനായി പണമാക്കി മാറ്റാൻ സാധിക്കും.

റിട്ടയർമെന്റ് നിധി സ്വരൂപിച്ചിട്ടുള്ള നിക്ഷേപകർക്ക് ഏറ്റവും യോജിച്ച രീതിയാണിത്. പാരമ്പര്യ സമ്പാദ്യ പദ്ധതികളിൽനിന്നുള്ള പലിശ വരുമാനത്തെ അപേക്ഷിച്ച്  വളരെ നികുതിക്ഷമവുമാണിത്. അതുകൊണ്ട് എല്ലാക്കാലത്തേക്കും യോജിച്ച നിക്ഷേപ വാഹനമായി മ്യൂച്വൽ ഫണ്ടിനെ നിക്ഷേപകർക്കു നിശ്ചയമായും പരിഗണിക്കാം.

ചുരുക്കത്തിൽ, ചെറുപ്പത്തിലെ തുടങ്ങുകയാണെങ്കിൽ റിട്ടയർമെന്റ് ആസൂത്രണം വളരെ എളുപ്പമാണ്. ധനകാര്യ അച്ചടക്കം പാലിക്കുവാൻ ഇതു പഠിപ്പിക്കുകയും ചെയ്യും. നിക്ഷേപകരുടെ ധനകാര്യ യാത്രയിൽ മ്യൂച്വൽ ഫണ്ടുകൾ സഹായത്തിനെത്തുന്നുവെന്നു മാത്രവുമല്ല, വിജയകരമായി അവരുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA