sections
MORE

നവസംരംഭകരുടെ വിജയകഥകൾ

Baljeet-Gujral-Mathew-John-and-Ankit-Agarwal
SHARE

കൊച്ചിയിൽ ടൈകോൺ സംരംഭക സമ്മേളനത്തിനെത്തിയ നവസംരംഭകരുടെ വിജയകഥകളിലൂടെ...

ബൽജീത് ബുള്ളറ്റ്ജീത്

Baljeet-Gujral
ബൽജീത് ഗുജ്റാൾ

സ്വിസ് ബാങ്കിലെ ആറക്ക ശമ്പളമുളള  ജോലി ഉപേക്ഷിച്ചു ബൽജീത് ഗുജ്റാൾ എൻഫീൽഡ് റൈഡേഴ്സ് എന്ന പേരിൽ മോട്ടോർ സൈക്കിൾ ടൂർ കമ്പനി തുടങ്ങാൻ കാരണം ബുളളറ്റിനോടും യാത്രകളോടുമുളള അടങ്ങാത്ത അഭിനിവേശം മാത്രമായിരുന്നു. 8 വർഷം മുൻപായിരുന്നു ആ എടുത്തു ചാട്ടം.തിരിഞ്ഞു നോക്കുമ്പോൾ ചാട്ടം പിഴച്ചില്ലെന്നും കൃത്യമായിരുന്നുവെന്നും  ബൽജീത് പറയുന്നു.

അധ്യാപക ജോലി ഉപേക്ഷിച്ചു ഭാര്യ പൂർണിമയും ബൽജീത്തിനൊപ്പം ഇറങ്ങിയപ്പോൾ എൻഫീൽഡ് റൈഡേഴ്സ് എന്ന കമ്പനിക്കു കീഴിൽ 7 ഉപ സംരംഭങ്ങളുമായി.

ബുളളറ്റുമായി ലോകം ചുറ്റാൻ ആഗ്രഹിക്കുന്നവർക്കു കംപ്ലീറ്റ് പാക്കേജ് ഒരുക്കുന്നതാണു ബൽജീത്തിന്റെ സംരംഭം. മോട്ടോർ സൈക്കിൾ, താമസം, മെക്കാനിക്കുകളുടെ സേവനം തുടങ്ങി റൈഡർ ആഗ്രഹിക്കുന്നതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കും. സ്വന്തമായി വാഹനം ഇല്ലാത്തവർക്കു നൽകാനായി 50 ബുളളറ്റുകളും കമ്പനിക്കുണ്ട്. ആദ്യ വർഷം ബൈക്കുകൾ വാങ്ങാനായി 25 ലക്ഷം രൂപ ചെലവായപ്പോൾ കഴിഞ്ഞ വർഷത്തെ വരുമാനം  5 കോടി രൂപയാണ്. സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം 40 ആയി. 20 ദിവസം നീളുന്ന കൊച്ചി– ലഡാക്ക് യാത്രയ്ക്കു ഒരു ലക്ഷം രൂപയാണു ചെലവു വരിക. താമസത്തിനായി ഓയോ, ബുളളറ്റ്  റിപ്പയറിങ്ങിന് എൻഫീൽഡ് എന്നിവയുമായി കരാർ ഒപ്പു വച്ചിട്ടുണ്ട്. തങ്ങളുടെ കസ്റ്റമേഴ്സിൽ 60 ശതമാനവും വിദേശികളാണെന്നു ബൽജീത് പറയുന്നു. ഇന്ത്യയിൽ നിന്നുളള ഉപയോക്താക്കളിൽ കൂടുതലും  കേരളത്തിൽ നിന്നും  പഞ്ചാബിൽ നിന്നുമാണ്. ബുളളറ്റ് പ്രേമികളുളള സംസ്ഥാനങ്ങളായതിനാൽ ഇവിടങ്ങളിൽ നിന്നു ധാരാളം പേരാണു ഇവരുടെ സേവനം ഉപയോഗിക്കുന്നത്. 

പ്രാദേശികമായി ബൈക്ക് വാടകയ്ക്കു നൽകുന്നവരുണ്ടെങ്കിലും ഭക്ഷണവും താമസവും ബുളളറ്റ് തിരികെ നാട്ടിലെത്തിക്കുന്നതുൾപ്പെടെ എല്ലാ കാര്യങ്ങളും ചെയ്യുമെന്നതാണു തങ്ങളെ വ്യത്യസ്തരാക്കുന്നതെന്നു ബൽജീത് പറയുന്നു. മൂന്നരക്കോടി രൂപയുടെ പുതിയ നിക്ഷേപവും കമ്പനിക്കു ലഭിച്ചിട്ടുണ്ട്. പതിവ് ലഡാക്ക്, രാജസ്ഥാൻ, ഗോവ യാത്രകൾക്കു പുറമേ ഉത്തരേന്ത്യയിൽ നിന്നു കന്യാകുമാരി വരെ കോസ്റ്റൽ റൈഡാണു പുതിയ ആകർഷണം. കൂടാതെ ഭൂട്ടാൻ, നേപ്പാൾ‍, ശ്രീലങ്ക യാത്രകളും 9 രാജ്യങ്ങളിലൂടെ  ബൈക്ക് യാത്രയും പുതിയ പരിപാടികളിലുണ്ട്. വീസയുൾപ്പെടെയുളള കാര്യങ്ങൾ കമ്പനി നോക്കിക്കൊളളും. ബുളളറ്റോടിക്കാൻ പരിശീലന പരിപാടി മുതൽ പുറമേ എസ്‌യുവികളിൽ യാത്ര ചെയ്യുന്നവർക്കുളള പാക്കേജുകൾ വരെ നീളുന്ന സംരംഭങ്ങളാണു ഉപകമ്പനികളുടെ കീഴിലുളളത്. വരും വർഷങ്ങളിൽ കൂടുതൽ വിപുലീകരണ പദ്ധതികളും ബൽജീത്തിന്റെ മനസ്സിലുണ്ട്. 

മധുരത്തേൻ വരുമാനത്തേൻ

Mathew-John
മാത്യു ജോൺ

ഊട്ടിക്കടുത്തു കോത്തഗിരിയിൽ കാട്ടുതേൻ ശേഖരിക്കുന്ന ഇരുളർക്കും കുറുമ്പർക്കും ജീവിതം അത്ര മധുരതരമല്ലായിരുന്നു. ഒരു കിലോ തേനിനു 16 രൂപ മാത്രം ലഭിച്ച കാലമുണ്ടായിരുന്നു ഈ ആദിവാസി സമൂഹങ്ങൾക്ക്. എന്നാൽ ഇന്ന് മാത്യു ജോൺ നേതൃത്വം നൽകുന്ന കീ സ്റ്റോൺ ഫൗണ്ടേഷൻ തേനിന്റെ ഗുണനിലവാരം അനുസരിച്ചു തേനിനു കിലോഗ്രാമിനു 300 രൂപയോളം അവർക്കു നൽകുന്നു. ഏറ്റവും താഴെ തട്ടിലുളള തൊഴിലാളികൾക്കു ന്യായമായ വില ഉറപ്പാക്കാനുളള ശ്രമത്തിന്റെ ഭാഗമായാണു ഫൗണ്ടേഷൻ ഗോത്ര സമൂഹങ്ങൾക്കു മികച്ച വില നൽകാൻ തയാറായത്.

ലാസ്റ്റ് ഫോറസ്റ്റ് എന്ന ബ്രാൻഡിലാണു വന ഉൽപന്നങ്ങൾ കമ്പനി ആമസോൺ ഉൾപ്പെടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിൽപന നടത്തുന്നത്. ഗ്രോത സമൂഹങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതോടൊപ്പം അവർക്കു സ്ഥിര വരുമാനത്തിനുളള വഴിയും ഈ സംരംഭം തുറന്നു നൽകിയിട്ടുണ്ട്. പാതി മലയാളിയാണെങ്കിലും മാത്യു ജോൺ ജനിച്ചതും വളർന്നതും ഉത്തരേന്ത്യയിലായിരുന്നു. 6500 കുടുംബങ്ങളാണു നീലഗിരി ജില്ലയിൽ ഫൗണ്ടേഷനുമായി സഹകരിക്കുന്നത്. 1600 പേർ ഉൽപന്നങ്ങൾ ശേഖരിച്ചു കലക്‌ഷൻ സെന്ററുകളിൽ എത്തിക്കുന്നു. ഫൗണ്ടേഷൻ 25 വർഷമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും  ലാസ്റ്റ് ഫോറസ്റ്റ് എന്ന പേരിൽ ഉൽപന്നങ്ങൾ വിപണിയിലെത്തിയിട്ടു ഏതാനും വർഷങ്ങളേ ആയിട്ടുളളു.

കേരളത്തിൽ വയനാട്ടിലും നിലമ്പൂരിലും പരിശീലന പരിപാടികൾ നടത്തുന്നുണ്ടെങ്കിലും ഉൽപന്നങ്ങൾ ശേഖരിക്കുന്നില്ല. മൂന്നരക്കോടി രൂപയാണു കമ്പനിയുടെ കഴിഞ്ഞ വർഷത്തെ വിറ്റുവരവ്. ആദിവാസി വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, സ്ഥിര വരുമാനത്തിനു വഴി തുറക്കുക എന്ന ലക്ഷ്യങ്ങളായിരുന്നു സംരംഭത്തിനു പിന്നിൽ. തേൻ കൂടാതെ തേനീച്ച കൂടിന്റെ മെഴുകിൽ നിന്നു ലിപ് ബാം, സോപ്പ്,  മറ്റു വന ഉൽപന്നങ്ങൾ, സുഗന്ധ വ്യജ്ഞനങ്ങൾ തുടങ്ങി വലിയൊരു ഉൽപന്ന നിര തന്നെ ലാസ്റ്റ് ഫോറസ്റ്റിനുണ്ട്. ബ്രാൻഡിങ്, വിപണി കണ്ടെത്തൽ, മാർക്കറ്റ് സപ്പോർട്ട് എന്നീ രംഗങ്ങളിലാണു ഫൗണ്ടേഷൻ സഹായം നൽകുന്നത്.

അങ്കിതിന്റെ പുഷ്പാർച്ചന

റോബിൻ ടി. വർഗീസ്

Ankit-Agarwal
അങ്കിത് അഗർവാൾ

ഗംഗയിലൂടെ ഒഴുകി വരുന്ന ലക്ഷക്കണക്കിനു പൂക്കൾ എന്തു ചെയ്യാമെന്ന ആലോചനയാണ് ഫ്ളവർ സൈക്കിൾ എന്ന കമ്പനിയുടെ പിറവിക്കു പിന്നിൽ. രാജ്യത്തെ വളരെ വ്യത്യസ്തമായ സ്റ്റാർട്ടപ് സംരംഭങ്ങളിലൊന്നാണു ഫ്ളവർ സൈക്കിൾ. ഗംഗ കടന്നു പോകുന്ന വഴിയിൽ യുപിയിലെ കാൻപുർ മുതൽ ഉന്നാവ് വരെ 140 കിലോമീറ്റർ ദൂരം നദിയിൽ നിന്നു പൂക്കൾ ശേഖരിച്ചു അതിൽനിന്ന് അഗർബത്തികളും മണ്ണിൽ ലയിക്കുന്ന തെർമോക്കോളും നിർമിക്കുകയാണു കമ്പനി ചെയ്യുന്നത്. കമ്പനി സിഇഒ അങ്കിത് അഗർവാൾ സംസാരിക്കുന്നു:

വനിതകൾക്കൊരു കൈത്താങ്ങ്, പ്രകൃതിക്കും

പൂക്കൾ ശേഖരിക്കുന്നതു മുതൽ അഗർബത്തി നിർമിക്കുന്നതു വരെ ഒട്ടേറെ വനിതകൾക്കു ജോലി കൊടുക്കുന്ന സംരംഭം കൂടിയാണിത്. ചാർക്കോൾ ഉപയോഗിക്കാത്ത അഗർബത്തികളാണിവ. സുഗന്ധ തൈലങ്ങളിൽ മുക്കിയാണു വിവിധ മണങ്ങളിലുളള അഗർബത്തികൾ നിർമിക്കുന്നത്. തികച്ചും പ്രകൃതി ദത്തമാണു ഇവ. പൂക്കളുടെ അവശിഷ്ടം ഉപയോഗിച്ചു ആദ്യം കംപോസ്റ്റ് നിർമിച്ചിരുന്നെങ്കിലും വൈകാതെ മണ്ണിൽ ലയിക്കുന്ന തെർമോക്കോളിന്റെ നിർമാണത്തിലേക്കു ചുവടു മാറ്റുകയായിരുന്നു. മാനേജമെന്റ് ബിരുദധാരിയായ അൻകിത് അഗർവാളും കരൺ രസ്തോഗിയും ചേർന്നാണു കമ്പനിക്കു തുടക്കമിട്ടതെങ്കിലും  അങ്കിത് ഒറ്റയ്ക്കാണു ഇപ്പോൾ കമ്പനിക്കു നേതൃത്വം നൽകുന്നത്. 

നദികളിൽ ഉപേക്ഷിക്കപ്പെടുന്ന പൂക്കൾ

രാജ്യത്തെ നദികളിൽ പ്രതിവർഷം ഏകദേശം 80 ലക്ഷം മെട്രിക് ടൺ പൂക്കൾ ഒഴുക്കി വിടുന്നുണ്ടെന്നാണു ഇവർ കണക്കാക്കിയിട്ടുളളത്. ഗംഗയിൽ പൂക്കൾ‍ ഒഴുക്കുന്നതിനാൽ അവ അഴുകി വെളളത്തിന്റെ ഗുണനിലവാരം കുറയുകയും മൽസ്യ സമ്പത്തിനു ഭീഷണിയാകുകയും ചെയ്യുന്നുണ്ട്. പൂക്കളിലെ രാസകീടനാശിനകളുടെ ഉപയോഗം നദിയോരങ്ങളിൽ താമസിക്കുന്നവരിൽ കാൻസറിനു കാരണമാകുന്നുണ്ടെന്ന കണ്ടെത്തലാണു നിർണായകമായത്. ഗംഗയ്ക്കു പുറമേ തിരുപ്പതി ക്ഷേത്രത്തിലും പൂക്കൾ ശേഖരിച്ചു അഗർബത്തികളും തെർമോക്കോളും കമ്പനി നിർമിക്കുന്നുണ്ട്. ശബരിമലയിലും പദ്ധതി നടപ്പാക്കാൻ ആലോചനയുണ്ടെന്നു അങ്കിത് പറഞ്ഞു.

ഇന്ത്യൻ പൂ വിപണി 6 ശതമാനം വാർഷിക വളർച്ചയുളള മേഖലയായതിനാൽ ശോഭനമായ ഭാവിയാണു ഇവർ മുന്നിൽ കാണുന്നത്. വനിതകളുടെ സ്വയം സഹായ സംഘങ്ങളാണു പൂക്കൾ ശേഖരിക്കാൻ രംഗത്തുളളത്. വൈകാതെ മണ്ണിൽ ലയിച്ചു േചരുന്ന ലതർ ഉൽപന്നങ്ങൾ നിർമിക്കാനും പദ്ധതിയുണ്ടെന്നു അങ്കിത് പറയുന്നു.ഇതിന്റെ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണ്. ഐഐടികളിൽ വിവിധ മൽസരങ്ങളിൽ പങ്കെടുത്തു ലഭിച്ച 72,000 രൂപയായിരുന്നു കമ്പനിയുടെ മൂലധനം. ഇപ്പോൾ വിവിധ കമ്പനികൾ ഈ സ്റ്റാർട്ടപ്പിൽ പണം നിക്ഷേപിച്ചിട്ടുണ്ട്.  

5000 പേർക്കു ജോലി 

ഗംഗയ്ക്കു പുറമേ കാൻപുരിലെ 39 ക്ഷേത്രങ്ങളിൽ നിന്നു ഉപേക്ഷിക്കുന്ന പൂക്കൾ കമ്പനി ശേഖരിക്കുന്നു. പ്രധാനമായും റോസും ജമന്തിയുമാണു കിട്ടുന്നത്. ഫൂൽ എന്ന ബ്രാൻഡിൽ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉൽപന്നങ്ങൾ വാങ്ങാൻ കിട്ടും. 2022 ആകുമ്പോളേക്കും 5000 വനിതകൾക്കു ജോലി കൊടുക്കുക എന്നതാണു ലക്ഷ്യമെന്നു അൻകിത് പറയുന്നു. വാരാണസി, മഥുര, വൃന്ദാവൻ എന്നിവിടങ്ങളിൽ പുതിയ യൂണിറ്റുകൾക്കു പദ്ധതിയുണ്ട്. സമൂഹത്തിന്റെ താഴേക്കിടയിലുളള വനിതകൾക്കു മെച്ചപ്പെട്ട തൊഴിൽ ലഭിക്കുന്നതോടൊപ്പം ഗംഗ സംരക്ഷണത്തിന്റെ അമൂല്യമായ പാഠങ്ങളും ഈ സംരംഭം മുന്നോട്ടു വയ്ക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA