ADVERTISEMENT

ന്യൂഡൽഹി ∙ മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിന്റെ ഭാഗമാകുന്നതിനെതിരെ മോദി സർക്കാരിനു മേൽ സമ്മർദമേറുന്നു. കരാറിൽ ഉൾപ്പെടണമോ വേണ്ടയോ എന്നതിൽ ഇനി രാഷ്ട്രീയ തീരുമാനമാണു വേണ്ടതെന്നും നാളെ ബാങ്കോക്കിൽ ആർസിഇപി രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെ ചർച്ചയിൽ അതു വ്യക്തമാക്കിയേക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
കരാറിനെതിരെ ആഭ്യന്തര വ്യവസായ ഉൽപാദന മേഖലകളിൽ നിന്നു ശക്തമായ എതിർപ്പുണ്ട്. കരാറിന്റെ ഭാഗമാകരുതെന്ന് സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടിനെ അനുകൂലിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഇന്നലെ രംഗത്തുവന്നു. എന്നാൽ, ബിജെപിയിൽ അഭിപ്രായ ഭിന്നതയുണ്ട്.

പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ആർസിഇപിയെക്കുറിച്ച് ചർച്ച നടന്നു. സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ഇനിയും വ്യക്തതയായിട്ടില്ലെന്നാണ് സർക്കാർവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണ് ആർസിഇപിയുടെ പ്രഖ്യാപിത ലക്ഷ്യം. ചൈനീസ് ഉൽപന്നങ്ങളുടെ കുത്തൊഴുക്ക്, പാലുൽപന്ന വിപണിയിൽ ന്യൂസില‍ൻഡും ഓസ്ട്രേലിയയും മേൽക്കൈ നേടാനുള്ള സാധ്യത തുടങ്ങി ഇന്ത്യയിലെ ചെറുതും വലുതുമായ സംരംഭങ്ങൾക്ക് കനത്ത ആഘാതമാകുന്നതാണ് ആർസിഇപിയെന്നാണ് വിലയിരുത്തപ്പെടുന്നത്. കൃഷി ഉൾപ്പെടെയുള്ള ഉൽപാദന, വ്യവസായ മേഖലകൾക്കുണ്ടാകുന്ന ആഘാതം വലിയ തോതിൽ തൊഴിൽ നഷ്ടത്തിനും വഴിവയ്ക്കും.

വാണിജ്യ മന്ത്രാലയത്തിലെ ഏതാനും ഉദ്യോഗസ്ഥർക്കും ഉപദേശകർക്കുമൊഴികെ ആർക്കാണ് ആസിഇപിയിൽ താൽപര്യം? ആർസിഇപിയിൽ ഉൾപ്പെടുന്നില്ലെന്നാണ് കഴിഞ്ഞ ജുലൈ വരെ സർക്കാർ സൂചിപ്പിച്ചിരുന്നത്.  മേക്ക് ഇൻ ഇന്ത്യ എന്നു സർക്കാർ പറഞ്ഞു, ഇത് കിൽ ഇന്ത്യ സമീപനമാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു സർക്കാർ പറഞ്ഞു. ഇത് കർഷകരുടെ വരുമാനം ഇല്ലാതാക്കുന്ന കരാറാണ്.

ചൈനീസ് ഉൽപന്നങ്ങളുടെ അനിയന്ത്രിതമായ വരവുണ്ടായാൽ അതിനെ തടയാനുള്ള അവകാശ വ്യവസ്ഥ (ഓട്ടോ ട്രിഗർ) കരാറിൽ  ഉൾപ്പെടുത്താമെന്ന  നിർദേശം വാണിജ്യ മന്ത്രാലയം മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ലോക വ്യാപാര സംഘടനയിലും ഇത്തരം വ്യവസ്ഥകൾ ചർച്ച ചെയ്തിട്ടുള്ളതാണെന്നും പ്രധാന രാജ്യങ്ങളൊന്നും തന്നെ അനുകൂലിച്ചിട്ടില്ലെന്നും  സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

16 രാജ്യങ്ങൾ പങ്കാളികൾ

10 ആസിയാൻ രാജ്യങ്ങൾ, ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസീലൻഡ് – ഇങ്ങനെ 16 രാജ്യങ്ങളാണ് പങ്കാളികൾ.
ലോക ജനസംഖ്യയുടെ 45%, ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 25%, ആഗോള വ്യാപാരത്തിന്റെ 30%, നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 26% – ഇതാണ് ആർസിഇപിയുടെ പരിധിയിൽ വരുന്നത്.   കരാർ സംബന്ധിച്ച പ്രഖ്യാപനം അടുത്ത മാസം ഉണ്ടാകണമെന്ന ലക്ഷ്യത്തിലാണ് ബാങ്കോക്കിൽ നാളെ മുതൽ 12വരെ ചർച്ച നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com