sections
MORE

ബിപിസിഎൽ വിൽപന: കൂടുതൽ നിയമോപദേശം തേടുന്നു

bharat-petrol-logo
SHARE

ന്യൂഡൽഹി∙ ഭാരത് പെട്രോളിയം കോർപറേഷനിലെ (ബിപിസിഎൽ) കേന്ദ്രസർക്കാർ ഓഹരികൾ വിൽക്കുന്നതു സംബന്ധിച്ച തീരുമാനം കൂടുതൽ നിയമോപദേശത്തിനു വിടും. ഓഹരി വിൽപന സംബന്ധിച്ച 2003ലെ സുപ്രീംകോടതി ഉത്തരവും ഇനിയും നിയമപ്രശ്നങ്ങൾ വരാനിടയുള്ളതും കണക്കാക്കിയാണ് വിശദമായ നിയമോപദേശം തേടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പി) എന്നിവയുടെ സ്വകാര്യവൽക്കരണം നടപ്പാക്കുന്നത് പാർലമെന്റിന്റെ അംഗീകാരത്തോടെ വേണമെന്ന് 2003ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഈ കമ്പനികൾ ദേശസാൽക്കരിക്കാൻ എഴുപതുകളിൽ പാർലമെന്റ് പാസാക്കിയ നിയമം ഭേദഗതി ചെയ്താലേ സ്വകാര്യവൽക്കരണം നടപ്പാക്കാനാകൂ എന്നതായിരുന്നു കാരണം. ബിപിസിഎൽ ’76ലും എച്ച് പി ’74ലുമാണ് ദേശസാൽക്കരിച്ചത്. വാജ്പേയി സർക്കാർ എച്ച്പിയുടെ ഓഹരികൾ വിൽക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സുപ്രീംകോടതി ഉത്തരവുണ്ടായത്. പിന്നീട് 2016ൽ കേന്ദ്രം കൊണ്ടുവന്ന ‘നിലവിലുള്ള നിയമം റദ്ദാക്കലിനും ഭേദഗതിക്കുമുള്ള’ നിയമ പ്രകാരം ബിപിസിഎൽ ഏറ്റെടുക്കുന്നതടക്കമുള്ള നിയമങ്ങൾ റദ്ദാക്കിയിരുന്നു. ഇതടക്കം 187 പഴകിയ നിയമങ്ങളാണ് 2016ൽ റദ്ദായത്.

എസ്സോ, ബർമാ ഷെൽ, കാൽടെക്സ് ഇന്ത്യ തുടങ്ങിയവ ഏറ്റെടുത്ത നിയമങ്ങളും റദ്ദാക്കിയിരുന്നു. ഇതു മുൻനിർത്തിയാണ് ഇത്തവണ ബിപിസിഎല്ലിലെ സർക്കാരിന്റെ 53.29% ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ചത്. ഇതിന് സെക്രട്ടറിമാരുടെ യോഗം കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയിരുന്നു. 2016ലെ നിയമ പ്രകാരം ഓഹരി വിറ്റഴിക്കുന്നതിന് തടസ്സങ്ങളുണ്ടോ എന്നാകും നിയമജ്ഞർ പ്രധാനമായും പരിശോധിക്കുക. സൗദി അരാംകോയുൾപ്പെടെയുള്ള കമ്പനികൾ ബിപിസിഎല്ലിൽ താൽപര്യം പ്രകടിപ്പിച്ചതായാണു സൂചനകൾ.

ധനസമാഹരണത്തിനായാണ് ലാഭത്തിലുളള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാൻ സർക്കാർ തീരുമാനിച്ചത്. സാമ്പത്തിക മാന്ദ്യം മറികടക്കാൻ പ്രഖ്യാപിച്ച കോർപറേറ്റ് നികുതിയിളവിലൂടെയുണ്ടാവുന്ന 1.45 ലക്ഷം കോടി രൂപയുടെ നഷ്ടം മറികടക്കാനാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപന നടത്തുന്നത്. ഇതിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA