ADVERTISEMENT

ഒരു ഏജന്റോ അ‍ഡ്വൈസറോ വഴി ഇൻഷുറൻസ് പോളിസി വാങ്ങിയ ശേഷം അതിന്റെ രേഖകൾ വായിക്കുമ്പോഴാണ് നിങ്ങൾ ഉദ്ദേശിച്ചിരുന്ന അതേ രീതിയിലുള്ള പോളിസിയല്ല അതെന്നു മനസിലാകുന്നത്. എന്താണിവിടെ ചെയ്യുക? ഇൻഷുറൻസ് കമ്പനിക്കുള്ള പണം നൽകിപ്പോയല്ലോ, പോളിസി ലഭിച്ചുകഴിഞ്ഞല്ലോ എന്നെല്ലാം ഓർത്ത് ഇവിടെ വേവലാതിപ്പെടേണ്ടതില്ല. ഇൻഷുറൻസ് രംഗത്തെ നിയന്ത്രണങ്ങളുടെ 'ഭാഗമായുള്ള 'ഫ്രീ-ലുക്' പിരീഡ് ഇവിടെ നിങ്ങൾക്കു തുണയായെത്തും.

കമ്പനി പോളിസി നൽകിയതിനു ശേഷവും ന്യായമായ രീതിയിൽ ഇൻഷൂറൻസ് പരിരക്ഷയെ കുറിച്ച് വിശകലനം നടത്താൻ ലഭിക്കുന്ന അവസരമാണ് ഈ ഫ്രീ-ലുക് പിരീഡ്. ഏജന്റുമാരോ ബ്രോക്കർമാരോ വഴിയോ  ബാങ്ക് അഷ്വറൻസ് രീതിയിലോ എടുക്കുന്നവയിൽ പോളിസി രേഖ ലഭിച്ച് 15 ദിവസത്തിനകം ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഓൺലൈനായുള്ള പോളിസികൾക്ക് ഫ്രീ-ലുക് കാലാവധി 30 ദിവസമായി ദീർഘിപ്പിച്ചിട്ടുണ്ട്.

പോളിസി രേഖകൾ ലഭിച്ചാൽ ഉടൻ തന്നെ അതു കൃത്യമായി വായിച്ചു മനസ്സിലാക്കുക എന്നതാണ് ഫ്രീ-ലുക് പിരീഡ് ആനുകൂല്യം പ്രയോജനപ്പെടുത്താനായി ഏറ്റവും ആദ്യമായി ചെയ്യേണ്ടത്. ആനുകൂല്യങ്ങളുടെ വിവരണം, പോളിസി സർട്ടിഫിക്കറ്റ്, അതോടൊപ്പമുള്ള ഒപ്പിട്ടു നൽകിയിരിക്കുന്ന മറ്റു രേഖകൾ എന്നിവയെല്ലാം അതോടൊപ്പം നൽകണം. അതിൽ എന്തെങ്കിലും  സംശയം തോന്നുകയോ തെറ്റു കണ്ടെത്തുകയോ ചെയ്താൽ ഇൻഷൂർ ചെയ്ത സ്ഥാപനവുമായി ബന്ധപ്പെടണം. ഇതിനു ശേഷവും നിങ്ങൾ സംതൃപ്തരല്ലെങ്കിൽ ഫ്രീ-ലുക് പിരീഡ് ആനുകൂല്യം പ്രയോജനപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നതായി ഇൻഷൂറൻസ് കമ്പനിയെ രേഖാമൂലം അറിയിക്കണം.

അതേ പോളിസിയിൽ മാറ്റങ്ങൾ വരുത്താനോ പോളിസി റദ്ദാക്കാനോ നിങ്ങൾക്ക് സാധിക്കും. ഫ്രീ-ലുക് പിരീഡ് പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്നതായി എഴുതി നൽകുന്ന അപേക്ഷ ലഭിച്ചതായുള്ള രസീത് കമ്പനിയിൽനിന്നു കിട്ടി എന്ന് ഉറപ്പാക്കുന്നത് ഭാവിയിൽ എന്തെങ്കിലും തർക്കമുണ്ടാകുന്നത് ഒഴിവാക്കാൻ സഹായിക്കും. ഒന്നോർക്കുക, ഒരിക്കൽ പോളിസി തിരികെ നൽകിയാൽ ഒരു സാഹചര്യത്തിലും അതു പിന്നീടു പുതുക്കാനാവില്ല. മറ്റൊരു പുതിയ പോളിസി വാങ്ങുക മാത്രമേ അതിനു ശേഷം സാധ്യമാകൂ.

പോളിസി റദ്ദാക്കിയ ശേഷമുള്ള റീഫണ്ടിന്റെ കാര്യത്തിലും ശ്രദ്ധിക്കണം. വൈദ്യ പരിശോധന, സ്റ്റാംപ് ഡ്യൂട്ടി, പരിരക്ഷ നൽകിയിരുന്ന കാലത്തേക്കുള്ള ആനുപാതിക പ്രീമിയം തുടങ്ങിയ ചെലവുകൾ അഡ്ജസ്റ്റ് ചെയ്ത ശേഷമുള്ള തുകയായിരിക്കും നിങ്ങൾക്കു തിരികെ നൽകുക.
എന്തായാലും ഇൻഷൂറൻസ് വാങ്ങുന്നവർക്കു ലഭിക്കുന്ന അധിക സൗകര്യമാണ് ഫ്രീ-ലുക് പിരീഡ്. അതോടൊപ്പം തന്നെ ലൈഫ് ഇൻഷുറൻസ് അടക്കമുള്ള സുപ്രധാന സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ശ്രദ്ധാപൂർവമായ ആലോചനയ്ക്കു ശേഷം വേണം അതു കൈക്കൊള്ളാൻ എന്നും ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com