ADVERTISEMENT

തിരുവനന്തപുരം∙ കൊച്ചിയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പെട്രോ കെമിക്കൽ പാർക്കുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങുന്നു. ഫാക്ടിന്റെ അമ്പലമുകൾ ഡിവിഷനിൽ നിന്നു 482 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ കിൻഫ്രയ്ക്ക് അനുമതി നൽകി. 977 കോടി രൂപയ്ക്കാണു ഫാക്ടിൽ നിന്നു ഭൂമി വാങ്ങുന്നത്. ഈ മാസം തന്നെ ഭൂമി കൈമാറ്റ നടപടി പൂർത്തിയാക്കാനാണു സർക്കാർ നിർദേശം.

ഫാക്ടിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയിലെ 170 ഏക്കർ ഭാരത് പെട്രോളിയം കമ്പനിക്കു (ബിപിസിഎൽ) കൈമാറാനും ധാരണയായിട്ടുണ്ട്. 450 കോടി രൂപയാണ് ഇതിനു വില നിശ്ചയിച്ചിരിക്കുന്നത്. ബാക്കി 527 കോടിയാണു ഭൂമിക്കു സംസ്ഥാന സർക്കാർ മുടക്കേണ്ടത്. പദ്ധതിക്കു പണം നൽകാൻ കിഫ്ബി ബോർഡ് ഓഫ് ഡയറക്ടേഴ്സ് നേരത്തെ അനുമതി നൽകിയിരുന്നു.

ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചെന്നും തുടർനടപടി ഉടൻ പൂർത്തിയാക്കുമെന്നും കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് പറഞ്ഞു. ഇതിനൊപ്പം തന്നെ ബിപിസിഎല്ലിനുള്ള ഭൂമി കൈമാറ്റവും നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പെട്രോ കെമിക്കൽ പാർക്ക് പദ്ധതി പ്രഖ്യാപിച്ചിട്ടു വർഷങ്ങളായെങ്കിലും ഭൂമി കൈമാറ്റത്തിനുള്ള കേന്ദ്രാനുമതി വൈകി. പുതിയ സർക്കാർ അധികാരമേറ്റ ശേഷം കഴിഞ്ഞ ജൂലൈയിലാണു ഭൂമി കൈമാറാൻ അംഗീകാരം ലഭിച്ചത്. ഭൂമി ഏറ്റെടുത്ത ശേഷം പെട്രോ കെമിക്കൽ പാർക്കിന്റെ അന്തിമ രൂപരേഖ തയാറാക്കും. 1300 കോടിയാണു പദ്ധതിക്ക് ആകെ ചെലവു പ്രതീക്ഷിക്കുന്നത്. 9000 പേർക്കു സ്ഥിര, താൽക്കാലിക ജോലി ലഭിക്കും.

350 ഏക്കറിൽ പെട്രോ കെമിക്കൽ പാർക്കും 40 ഏക്കറിൽ ഫാർമ പാർക്കും സ്ഥാപിക്കാനായിരുന്നു മുൻ തീരുമാനമെങ്കിലും ബിപിസിഎല്ലിനു 170 ഏക്കർ കൈമാറിയതോടെ ഇതിൽ മാറ്റം വരും. ബിപിസിഎല്ലിനു നൽകുന്ന ഭൂമിയിൽ പോളിയോൾ പ്ലാന്റ് ആണു സ്ഥാപിക്കുന്നത്. 11,130 കോടി രൂപയാണു മുടക്കുമുതൽ. തുടക്കത്തിൽ 800 തൊഴിലവസരങ്ങളുണ്ടാവും. വാഹനങ്ങളുടെ സീറ്റ്, മെത്ത, ഷൂ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുവാണ് പോളിയോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com