ഉള്ളിവില പൊള്ളുന്നു; ഇറക്കുമതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ

Onion
SHARE

ന്യൂഡൽഹി ∙ ഉള്ളി വില വീണ്ടും കുതിച്ചുയരുന്നതിനിടെ, ഇറക്കുമതി അടക്കം ദ്രുത നടപടികളുമായി കേന്ദ്രം. ഡൽഹിയിലെ ചില്ലറ വിപണിയിൽ വില കിലോഗ്രാമിന് 80 രൂപയിലേക്കു വരെ ഉയർന്നു. 7 ദിവസത്തിനിടെ 45% വരെയാണ് വില വർധന. ഒക്ടോബർ ഒന്നിനു കിലോഗ്രാമിന് 55 രൂപയായിരുന്നു വില. അടിയന്തര യോഗം ചേർന്ന സർക്കാർ, അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ടു അടിയന്തര ഇറക്കുമതി നടപടി തുടങ്ങി.

80 കണ്ടെയ്നർ സവാള ഉടനടി ഇറക്കുമതി ചെയ്യും. 100 കണ്ടെയ്നർ പിന്നാലെ എത്തും. ഒപ്പം, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിലെ പുതിയ വിളവെടുപ്പ്, വിപണിയിലെത്തിക്കാൻ പ്രത്യേക സംഘങ്ങളെയും ചുമതലപ്പെടുത്തി. മഹാരാഷ്ട്രയിൽ നാഫെഡ് എംഡിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണു ചുമതല. കാർഷിക ഗ്രാമങ്ങളിൽ നിന്ന് ഉള്ളി ശേഖരണത്തിലും ചരക്കുനീക്കത്തിനും അടക്കം നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ ഇവർ ഇടപെടും.

കർണാടകയിലേക്കും രാജസ്ഥാനിലേക്കും വെവ്വേറെ സംഘങ്ങളെത്തും. കയറ്റുമതിക്കും സ്റ്റോക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള സർക്കാരിന്റെ മുൻ നടപടികൾ ഫലംകണ്ടില്ല എന്നാണു പ്രതിസന്ധി വ്യക്തമാക്കുന്നത്. പ്രധാന ഉള്ളി ഉൽപാദക സംസ്ഥാനങ്ങളിൽ അപ്രതീക്ഷിത മഴ സൃഷ്ടിച്ച വിളനാശമാണ് വിപണിയിൽ പ്രതിസന്ധി തീർക്കുന്നത്. പ്രത്യേകിച്ചും ഉള്ളിവില രാഷ്ട്രീയ പ്രത്യാഘാതം പോലും സൃഷ്ടിക്കുന്ന ഡൽഹിയിൽ. ഒരു വർഷത്തിനിടെ 3 പ്രാവശ്യം ഇവിടെ വിലയ്ക്ക് അപ്രതീക്ഷിത കുതിപ്പുണ്ടായി.

English Summary: Onion prices skyrocket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA