ADVERTISEMENT

തിരുവനന്തപുരം∙ മൂല്യവർധിത നികുതി (വാറ്റ്) കുടിശികയുടെ പേരിൽ വ്യാപാരികൾക്ക് ഉദ്യോഗസ്ഥർ നോട്ടിസ് അയച്ചതു സർക്കാർ നയത്തിന്റെ ഭാഗമല്ലെന്നും പിൻവലിക്കാൻ നിയമനടപടി സ്വീകരിക്കുമെന്നും നിയമസഭയിൽ മന്ത്രി തോമസ് ഐസക്. വ്യാപാരികളെ ഉൗരാക്കുടുക്കിലാക്കിയ സംഭവം സർക്കാർ വിശദമായി അന്വേഷിക്കുമെന്നും പ്രതിപക്ഷത്തെ വി.ഡി.സതീശന്റെ അടിയന്തരപ്രമേയ നോട്ടിസിനു മന്ത്രി മറുപടി നൽകി.

മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. വ്യാപാര മേഖലയെ തകർത്ത നടപടി ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവച്ചു മന്ത്രി ഒഴിഞ്ഞുമാറരുതെന്നു പ്രതിപക്ഷ നേതാവിനു വേണ്ടി കെ.സി.ജോസഫ് ചൂണ്ടിക്കാട്ടി. വ്യാപാരിയുടെ ആത്മഹത്യയുടെ പൂർണ ഉത്തരവാദി ധനമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.

ശരിയാണ്; പരിഹാരമുണ്ടാക്കും: ഐസക്

ഉദ്യോഗസ്ഥർ നോട്ടിസ് അയച്ചത് ഒരു പരിശോധനയുമില്ലാതെയാണെന്ന് ഐസക് സമ്മതിച്ചു. സോഫ്റ്റ്‍വെയറിലെ പിശകും ഒരു കാരണമാണ്. ജനറേറ്റ് ബട്ടൺ അമർത്തിയാലേ നോട്ടിസ് കാണാൻ കഴിയുമായിരുന്നുള്ളൂ എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. അങ്ങനെയല്ലെന്നു വകുപ്പ് ഉന്നതർ അറിയിച്ചു. യാന്ത്രികമായി ഇങ്ങനെ ചെയ്തതു ബാധകമാകില്ലെന്നു സർക്കാർ വീണ്ടും വ്യക്തമാക്കുകയാണ്. നിയമവകുപ്പുമായി ചർച്ച ചെയ്തു പരിഹാരനടപടി സ്വീകരിക്കും.

പത്തനംതിട്ട തണ്ണിത്തോട്ടിലെ വ്യാപാരിയുടെ ആത്മഹത്യ കുരുമുളകിനു വിലയിടിഞ്ഞതുമായി ബന്ധപ്പെട്ടാണെന്നാണ് അന്വേഷണത്തിൽ ബോധ്യമായത്. പൊലീസ് റിപ്പോർട്ടു കൂടി ലഭിക്കണം. ചരക്ക്, സേവന നികുതി വൈകി അടയ്ക്കുന്ന വ്യാപാരികളുടെ ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് ഒഴിവാക്കാനാകില്ല. ഇക്കാര്യത്തിൽ നോട്ടിസ് അയയ്ക്കുന്നതു തുടരുമെന്നും മന്ത്രി അറിയിച്ചു.

ഒന്നും നോക്കാതെ 52000 പേർക്ക് നോട്ടിസ്: സതീശൻ

ഒരു പഠനവും നടത്താതെ സംസ്ഥാനത്തെ 52,000 വ്യാപാരികൾക്കാണു നികുതി വകുപ്പ് നോട്ടിസ് അയച്ചതെന്നു വി.ഡി.സതീശൻ ആരോപിച്ചു. ഒരു രൂപ പോലും കുടിശികയില്ലാത്ത വ്യാപാരിക്കു പോലും 17 കിലോമീറ്റർ വാഹനം ഓടിച്ചു ചെന്നു നികുതി ഉദ്യോഗസ്ഥർ നോട്ടിസ് നൽകി. നോട്ടിസുകൾ ഇനിയും പിൻവലിച്ചിട്ടില്ല. നിയമപരമായി നിലനിൽക്കുന്ന ഈ നോട്ടിസുകൾ ഡമോക്ലിസിന്റെ വാളു പോലെയാണ്. 2006-’11 ലെ ധനമന്ത്രിയുടെ നിഴൽ മാത്രമാണ് ഇപ്പോഴത്തെ ഐസക്കെന്നും സതീശൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com