ADVERTISEMENT

കൊച്ചി∙ ഉള്ളിയോ സവാളയോ അല്ല, വെളുത്തുള്ളിയാണ് ഇപ്പോൾ വീട്ടമ്മാമാരെ കൂടുതൽ കരയിക്കുന്നത്. നോൺവെജ് വിഭവങ്ങൾക്കും അച്ചാറുകൾക്കും അത്യാവശ്യ ചേരുവയായ വെളുത്തുള്ളിയുടെ വില കിലോഗ്രാമിന് 200 രൂപ കടന്നു. 170 രൂപയാണ് എറണാകുളം മാർക്കറ്റിൽ മൊത്തവില. 175 മുതൽ 250 രൂപ വരെ ചില്ലറവിലയുണ്ട്. വെളുത്തുള്ളി കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിൽ, പ്രതികൂല കാലാവസ്ഥമൂലം ഉൽപാദനം കുറഞ്ഞതാണു വില കൂടാൻ കാരണം.

ദിവസംതോറും വില കൂടുന്നു

സ്റ്റോക് എടുത്തു കടയിൽ വച്ചാൽ പ്രതിദിനം വെളുത്തുള്ളിയുടെ ഭാരം കുറയും. 10 കിലോഗ്രാം വെളുത്തുള്ളി മൊത്തവിൽപനക്കാരിൽനിന്നു വാങ്ങിയാൽ അടുത്ത ദിവസം ഇത് 9 കിലോഗ്രാമായി മാറും. ജലാംശം നഷ്ടപ്പെടുന്നതാണ് തൂക്കം കുറയാൻ കാരണം. അതുകൊണ്ട് നഷ്ടമുണ്ടാകാതിരിക്കാൻ ചില്ലറവിൽപനക്കാർക്കു വിലകൂട്ടി വിൽക്കേണ്ടിവരുന്നുണ്ടെന്നു വ്യാപാരികൾ പറയുന്നു. പ്രധാന പച്ചക്കറി മാർക്കറ്റുകളിൽ 175 രൂപയ്ക്കു മുതൽ വെളുത്തുള്ളി ലഭ്യമാണ്. 

വിലകൂട്ടുന്നതു കാലാവസ്ഥ

രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കുള്ള വെളുത്തുള്ളി  ഇറക്കുമതി ചെയ്യുന്നത്. മഹാരാഷ്ട്രയിലുണ്ടായ പ്രളയം ഉൽപാദനത്തെ സാരമായി ബാധിച്ചു. വിപണിയിൽ ലഭ്യത കുറവായതിനാൽ അടുത്ത സീസണിലെ വിളവു വിപണിയിലെത്തുന്നതുവരെ വിലയിൽ കാര്യമായ മറ്റമുണ്ടായേക്കില്ല.

4 ഇരട്ടി വില

വർഷാരംഭത്തിൽ 50–60 രൂപയായിരുന്നു വില. മാസങ്ങൾക്കുള്ളിൽ വില ഉയർന്നതു നാലിരട്ടിയിലേറെ. ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സവ സീസണിൽ കർണാടക ഉൾപ്പടെ അയൽ സംസ്ഥാനങ്ങളിൽ വില 280 രൂപ വരെ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com