ADVERTISEMENT

ന്യൂഡൽഹി ∙ സ്വർണത്തിന്റെ മാറ്റ് ഉറപ്പിക്കാൻ, ഗുണമേന്മാ മുദ്രയായ ‘ഹാൾമാർക്കിങ്’ രാജ്യത്തു നിർബന്ധമാക്കുന്നു. 2020 ജനുവരി 15നു തന്നെ വിജ്ഞാപനം ഇറക്കുമെങ്കിലും നടപ്പാക്കാൻ ഒരു വർഷത്തെ സാവകാശം നൽകും. 2021 ജനുവരി 15 മുതൽ രാജ്യത്തു ഹാൾമാർക്കുള്ള സ്വർണാഭരണം മാത്രമായിരിക്കുമെന്നു കേന്ദ്ര ഉപഭോക്തൃമന്ത്രി റാം വിലാസ് പാസ്വാൻ വ്യക്തമാക്കി. 

22 കാരറ്റ്, 20 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വർണാഭരണങ്ങൾക്കാണു ഹാൾമാർക്കിങ് നിർബന്ധമാക്കുക. നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാനാണ് ഒരു വർ‍ഷത്തെ സാവകാശം. ഒപ്പം രാജ്യത്തു ഹാൾമാർക്കിങ് അനുവദിക്കുന്ന അംഗീകൃത അസേയിങ് ആൻഡ് ഹാൾമാർക്കിങ് സെന്ററുകളുടെ എണ്ണം വർധിപ്പിക്കാനും നടപടിയുണ്ടാകും. നിലവിൽ 877 ഹാൾമാർക്കിങ് കേന്ദ്രങ്ങളാണുള്ളത്.

ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ സ്വർണാഭരണ വിപണി പൂർണമായും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) നിയമത്തിന്റെ പരിധിയിൽ വരും. ഇതുവഴി ഗുണമേന്മയില്ലാത്ത സ്വർണാഭരണം പിൻവലിക്കൽ, ജ്വല്ലറിയുടെയും നിർമാതാവിന്റെയും ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികൾക്കു വഴിയൊരുങ്ങും. സ്വർണത്തിനു പുറമെ, കലാമൂല്യമുള്ള ലോഹ വസ്തുക്കൾക്കും ഹാൾമാർക്കിങ് നിർബന്ധമാകും. ‘വൺ നേഷൻ, വൺ സ്റ്റാൻഡേഡ്’ നയത്തിന്റെ ഭാഗമായാണു നടപടി. നേരത്തേ, രാജ്യത്തു കുടിവെള്ള നിലവാരം ഏകീകരിക്കാനും സർക്കാർ നടപടി തുടങ്ങിയിരുന്നു.

ഹാൾമാർക്കിങ്– 4 ഘടകങ്ങൾ

1. ബിഐഎസ് മാർക്ക്
2.  പരിശുദ്ധി അടയാളപ്പെടുത്തുന്ന നമ്പർ
3.  അസേയിങ് ആൻഡ്  ഹാൾമാർക്കിങ് കേന്ദ്രത്തിന്റെ മുദ്ര
4. ജ്വല്ലറിയുടെയോ നിർമാതാവിന്റെയോ അടയാളം

 വിലപിടിപ്പുള്ള ലോഹങ്ങളിൽ നിർമിക്കുന്ന ആഭരണങ്ങളിൽ മറ്റു ലോഹങ്ങളുടെ ആനുപാതിക ചേരുവയാണ് ഹാൾമാർക്കിങ്ങിലൂടെ നിശ്ചയിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ അംഗീകൃത കേന്ദ്രങ്ങൾ സ്വർണാഭരണങ്ങളുടെ പരിശുദ്ധി പരിശോധിച്ചു മുദ്ര നൽകും. 
 2021 ജനുവരിയിൽ ഹാൾമാർക്കിങ് നിർബന്ധമാകുന്നതുവരെ ജനങ്ങൾ  വാങ്ങുന്ന സ്വർണത്തിന്  ഈ വ്യവസ്ഥ ബാധകമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com