ADVERTISEMENT

തിരുവനന്തപുരം∙ കേരള ബാങ്ക് രൂപീകരണത്തിനുള്ള എല്ലാ തടസ്സവും നീങ്ങിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജീവനക്കാരുടെ ലയനം സംഘടനകളുമായി കൂടിയാലോചിച്ചു മാർച്ച് 31ന് അകം പൂർത്തീകരിക്കും. താൽക്കാലിക-കരാർ ജീവനക്കാർ, ദിവസവേതന ജീവനക്കാർ, കമ്മിഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ എന്നിവരുടെ കാര്യത്തിലും ഉചിതമായ തീരുമാനമുണ്ടാകും.

ഹൈക്കോടതിയിലെ 21 കേസുകളും തള്ളി. 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കാനുള്ള നടപടി ഉടൻ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു. കേരള ബാങ്ക് സിഇഒ ആയി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ പി.എസ്.രാജനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. 

കേരള ബാങ്ക് രൂപീകരണത്തോടെ നടപ്പിലാകുന്ന മാറ്റങ്ങൾ:

∙ ജില്ല-സംസ്ഥാന സഹകരണ ബാങ്കുകളിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഇല്ലാതാകും. സർക്കാർ നിയമിക്കുന്ന ഇടക്കാല സമിതിക്കാണു തുടർന്നുള്ള ഭരണച്ചുമതല.
∙ സഹകരണ സെക്രട്ടറി മിനി ആന്റണി, ധനസെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടർ റാണി ജോർജ് എന്നിവരാണ് ഇടക്കാല ഭരണസമിതി അംഗങ്ങൾ. സമിതി ഉടൻ യോഗം ചേരും. ഒരു വർഷമാണു കാലാവധി. ലയനം പൂർത്തീകരിച്ച ശേഷം ബൈലോ ഭേദഗതി വരുത്തി തിരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതിയെ കണ്ടെത്തും.

∙ ലയനശേഷമുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ ആദ്യ ജനറൽ ബോഡി ഉടൻ ചേർന്നു ബൈലോ ഭേദഗതികൾ ചർച്ച ചെയ്യും.
∙ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ ഉൽപന്നങ്ങളുടെയും സേവനത്തിന്റെയും ഏകീകരണം ഈ വർഷം തന്നെ പൂർത്തിയാക്കി ജനുവരി 1 മുതൽ നടപ്പാക്കും.
∙ ലോഗോ, കളർ സ്‌കീം എന്നിവ ആർബിഐ അനുമതിയോടെ പുറത്തിറക്കും.

∙ പുതിയ ബാങ്കിനു യോജിച്ച രീതിയിൽ ഉദ്യോഗസ്ഥ ഘടന നവീകരിക്കും. എല്ലാ ജീവനക്കാർക്കും 6 മാസത്തിനകം വിദഗ്ധ പരിശീലനം. ശമ്പള പരിഷ്‌കരണം, പ്രമോഷൻ, സ്ഥലംമാറ്റം എന്നീ കാര്യങ്ങളിൽ നയമുണ്ടാക്കും. ബാങ്കിങ് നയം ഉടൻ പ്രഖ്യാപിക്കും.
∙ കോർ ബാങ്കിങ് ഏകീകരണ ടെൻഡർ നടപടി സെപ്റ്റംബറോടെ പൂർത്തിയാക്കും. രണ്ടാംഘട്ടത്തിൽ പ്രാഥമിക കൃഷിവായ്പാ സംഘങ്ങളെ ഈ ശൃംഖലയിൽ ചേർക്കും.

‘കോടതി ഉത്തരവു കൊണ്ടു മാത്രം കേരള ബാങ്ക് നടപ്പാകില്ല’

തിരുവനന്തപുരം∙ ഹൈക്കോടതി ഉത്തരവു കൊണ്ടു മാത്രം കേരള ബാങ്ക് യാഥാർഥ്യമാകില്ലെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള. ബാങ്ക് രൂപീകരണത്തിനു തത്വത്തിലുള്ള അനുവാദമാണു നൽകിയിരിക്കുന്നത്. ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ അംഗങ്ങൾ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിക്കണമെന്നാണ് റിസർവ് ബാങ്ക് വ്യവസ്ഥ. ഇതു പാലിക്കാതെ ബാങ്കിന് അനുമതി നൽകാനാവില്ല. ആർബിഐ സ്വന്തം വ്യവസ്ഥ തള്ളി ബാങ്ക് രൂപീകരണത്തിന് അന്തിമാനുമതി നൽകിയാൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com