ADVERTISEMENT

Q-  2018–19 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ ഇനിയും ഞാൻ ഫയൽ ചെയ്തിട്ടില്ല. ഇപ്പോൾ ഫയൽ ചെയ്താൽ പലിശ അല്ലെങ്കിൽ പിഴ വല്ലതും നൽകേണ്ടി വരുമോ? നികുതി ബാധകമായ വരുമാനത്തിൻമേൽ ഉള്ള നികുതി മുഴുവൻ ഞാൻ 2019 മാർച്ച് മാസത്തിനകം തന്നെ ഞാൻ അടച്ചിട്ടുണ്ട്. വാസ്തവത്തിൽ 1500 രൂപ അധികം അടച്ചിട്ടുണ്ട്. ഈ തുക റീഫണ്ട് ലഭിക്കുമോ?

A-  2018–19 സാമ്പത്തിക വർഷം അതായത് അസസ്മെന്റ് വർഷം 2019–20 ലേക്കുള്ള റിട്ടേൺ ഫയൽ ചെയ്യുന്നതിന് അനുവദിച്ചിട്ടുള്ള നിശ്ചിത തീയതി 2019 ജൂലൈ 31 ആയിരുന്നത് ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. (ഓഡിറ്റ് ബാധകമായവർക്ക് നിശ്ചിത തീയതി 2019 സെപ്റ്റംബർ 30ൽ നിന്നും ഒക്ടോബർ 31 വരെയും നീട്ടിയിരുന്നു).

റിട്ടേൺ ഫയൽ ചെയ്യാൻ വൈകിയാൽ 234 എ വകുപ്പ് പ്രകാരം നിശ്ചിത തീയതി മുതൽ പ്രതിമാസം ഒരു ശതമാനം നിരക്കിൽ പലിശ നൽകണം. ബാക്കി നികുതി അടയ്ക്കാനുള്ള തുകയിന്മേലാണ് 234 എ പലിശ കണക്കാക്കുന്നത്. ബാക്കി നികുതി അടയ്ക്കാനില്ലെങ്കിൽ 234 എ പലിശ നൽകേണ്ടതില്ല എന്നർത്ഥം. നികുതിദായകർ മുൻകൂറായി നികുതിയുടെ നിശ്ചിത ശതമാനം നിർദ്ദിഷ്ട തീയതിക്കകം അടയ്ക്കേണ്ടതുണ്ട്. (ടിഡിഎസ് കുറയ്ക്കാം).

 ജൂൺ 15നകം 15% സെപ്റ്റംബർ പതിനഞ്ചിനകം 45% ഡിസംബർ 15നകം 75 ശതമാനവും മാർച്ച് 15നകം മുഴുവൻ നികുതിയും അഡ്വാൻസ് ടാക്സായി കെട്ടിയിരിക്കണം. ബാധകമായ നികുതിയുടെ 90 ശതമാനമെങ്കിലും അടച്ചിട്ടില്ലെങ്കിൽ ബാക്കി അടയ്ക്കാനുള്ള നികുതിയിന്മേൽ ഏപ്രിൽ മുതൽ പ്രതിമാസം ഒരു ശതമാനം നിരക്കിൽ 234 ബി വകുപ്പ് പ്രകാരം പലിശ നൽകണം. ഈ കേസിൽ ബാക്കി നികുതി അടയ്ക്കാനില്ലാത്തതിനാൽ 234 ബി പലിശയും നൽകേണ്ടിവരില്ല. മാർച്ചിനകം മുഴുവൻ നികുതിയും അടച്ചു തീർത്തെങ്കിലും ഗഡുക്കളായിഅടയ്ക്കേണ്ട തുകയിൽ കുറവു വന്നിട്ടുണ്ടെങ്കിൽ 234 ഡി വകുപ്പുപ്രകാരം ആദ്യത്തെ മൂന്നു ഗഡുക്കളുടെ കാര്യത്തിൽ മൂന്നു മാസത്തേക്ക് പ്രതിമാസം ഒരു ശതമാനം നിരക്കിലും അവസാനത്തെ അതായത് മാർച്ച് മാസത്തെ ഗഡുവിലാണ് കുറവെങ്കിൽ ഒരു മാസത്തേക്ക് ഒരു ശതമാനം നിരക്കിൽ പലിശ നൽകണം. താങ്കളുടെ കേസിൽ ഗഡുക്കൾ കൃത്യമായി അടച്ചിട്ടുണ്ടെങ്കിൽ 234 സി പലിശയും നൽകേണ്ടിവരില്ല.

പക്ഷേ റിട്ടേൺ നൽകാൻ വൈകിയതിന് 234 എഫ് വകുപ്പുപ്രകാരം ഫീസ് നൽകണം (പിഴയുടെ സ്വഭാവമുള്ള ലേറ്റ് ഫീസാണിത്) 2019 ഡിസംബർ 31നകം റിട്ടേൺ ഫയൽ ചെയ്യുന്നപക്ഷം 5000 രൂപയുടെ പിഴ നൽകിയാൽ മതി. അതിനു ശേഷമാണെങ്കിൽ 10000 രൂപയാണ് ലേറ്റ് ഫീസ്. (താങ്കളുടെ മൊത്ത വരുമാനം 5 ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ 1000 രൂപയാണു ലേറ്റ് ഫീസ്.)

നികുതി മുഴുവൻ അടച്ചിട്ടുണ്ടെങ്കിൽപോലും ലേറ്റ് ഫീസ് ബാധകമാണ്. അതിനാൽ താങ്കൾ 1500 രൂപ അധികമടച്ചിട്ടുള്ളതു മേൽപറഞ്ഞ ലേറ്റ് ഫീസിലേക്കു വകയിരുത്തി ബാക്കി ലേറ്റ് ഫീസ് കൂടി അടച്ചുവേണം റിട്ടേൺ ഫയൽ ചെയ്യാൻ (വരുമാനം 5 ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ 1000 രൂപ ലേറ്റ് ഫീസിലേക്ക് വകയിരുത്തി 500 രൂപ റീഫണ്ട് ലഭിക്കും. അതായത് അഡ്വാൻസ് ടാക്സ് ഗഡുക്കൾ കൃത്യമായി അടയ്ക്കുകയും 234 സി പലിശ നൽകേണ്ടതായി ഇല്ലാതിരിക്കുകയും ചെയ്താൽ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com