ADVERTISEMENT

ബിസിനസിൽനിന്നോ ഭൂമി ഇടപാടിൽനിന്നോ നല്ലൊരു തുക കൈവശം എത്തുന്നു. അതല്ലെങ്കിൽ സമ്മാനമായി ലഭിക്കുന്ന തുകയോ ജോലിയിൽനിന്നു വിരമിക്കുമ്പോൾ ലഭിക്കുന്ന തുകയോ ആവാം. എന്തുമാകട്ടെ, ഈ തുക വരുമാനം ആർജിക്കുന്ന വിധം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളിലൊന്ന് ഇതാണ്: ‘എസ്‌ടിപി’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സിസ്‌റ്റമാറ്റിക് ട്രാൻസ്‌ഫർ പ്‌ളാൻ.

എസ്‌ടിപി എന്നതു മ്യൂച്വൽ ഫണ്ട് പദ്ധതിയാണ്. ഇതനുസരിച്ച് ഒരു നിക്ഷേപ പദ്ധതിയിൽ മൊത്തമായി തുക മുടക്കുന്നു. അതേസമയം, ഈ നിക്ഷേപത്തിൽനിന്നു തവണകളായി മറ്റൊരു നിക്ഷേപ പദ്ധതിയിലേക്കു പണം വഴിതിരിച്ചുവിടുകയും ചെയ്യുന്നു. ഈ സമ്പ്രദായമാണു സിസ്‌റ്റമാറ്റിക് ട്രാൻസ്‌ഫർ പ്‌ളാൻ. മുടക്കുമുതൽ എത്രയെന്നു നിക്ഷേപകനു തീരുമാനിക്കാം.  ട്രാൻസ്‌ഫറുകളുടെ എണ്ണവും നിക്ഷേപകൻ നിർദേശിക്കുന്നതുപോലെ.

അതായത്, നിക്ഷേപകൻ നിർദേശിക്കുന്നത്ര യൂണിറ്റുകൾ ഒരു പദ്ധതിയിൽനിന്നു മറ്റൊന്നിലേക്കു മാറ്റപ്പെടുന്നു. ഡെറ്റ് ഫണ്ടിൽ 25 ലക്ഷം രൂപ മൊത്തമായി നിക്ഷേപിക്കുന്നുവെന്നു കരുതുക. മാസം തോറും ഒരു ലക്ഷം രൂപയുടെ യൂണിറ്റുകൾ ഇക്വിറ്റി ഫണ്ടിലേക്കു മാറ്റാൻ നിക്ഷേപകനു നിർദേശിക്കാം. രണ്ടു പദ്ധതിയും ഒരേ ഫണ്ട് ഹൗസിന്റേതായിരിക്കണമെന്നതു നിർബന്ധം.
   
ഇക്വിറ്റി ഫണ്ടിലേക്കു മാസം തോറും മാറ്റാനായി ഡെറ്റ് ഫണ്ടിൽ ബാക്കിനിൽക്കുന്ന നിക്ഷേപത്തിനു ബാങ്ക് നിക്ഷേപത്തെക്കാൾ മികച്ച വരുമാനം ലഭിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട നേട്ടം. മറ്റൊരു നേട്ടം കൂടിയുണ്ട്. ഇക്വിറ്റി ഫണ്ടിൽ തവണകളായി നിക്ഷേപിക്കാനും അങ്ങനെ ഓഹരി നിക്ഷേപത്തിന്റെ മെച്ചം അനുഭവിക്കാനും സാധിക്കുന്നു എന്നതാണ് അത്.

1  മൂന്നു തരം പദ്ധതികൾ

സിസ്‌റ്റമാറ്റിക് ട്രാൻസ്‌ഫർ പ്‌ളാൻ മൂന്നു തരത്തിലുണ്ട്: 1. ഫിക്‌സ്‌ഡ് എസ്‌ടിപി. 2. ക്യാപ്പിറ്റൽ അപ്രീസിയേഷൻ എസ്‌ടിപി. 3. ഫ്‌ളെക്‌സി എസ്‌ടിപി.

2 ഫിക്‌സ്‌ഡ് എസ്‌ടിപി

എല്ലാ തവണകളിലൂടെയും ഒരേ തുക തന്നെയാണു  ട്രാൻസ്‌ഫർ ചെയ്യുന്നതെങ്കിൽ അത്തരം പദ്ധതിയെ ഫിക്‌സ്‌ഡ് എസ്‌ടിപി എന്നു വിളിക്കും. അതായത്, ഒരേ തുകയ്‌ക്കു തുല്യമായ യൂണിറ്റുകൾ തന്നെയായിരിക്കും ഓരോ തവണയും ഒരു പദ്ധതിയിൽനിന്നു മറ്റൊരു പദ്ധതിയിലേക്കു മാറ്റുക. ഏറ്റവും ലളിതമായ പദ്ധതിയും ഇതാണ്. ഭൂരിപക്ഷം നിക്ഷേപകരുടെ കാര്യത്തിലും ഈ പദ്ധതിയാണു നേട്ടത്തിനു സഹായകമാകുന്നത്.

3  ക്യാപ്പിറ്റൽ അപ്രീസിയേഷൻ എസ്‌ടിപി

ഡെറ്റ് ഫണ്ടിലെ നിക്ഷേപത്തുകയിന്മേൽ ലഭിക്കുന്ന മൂലധന വർധന മാത്രമാണു തവണകളായി ഇക്വിറ്റി ഫണ്ടിലേക്കു മാറ്റപ്പെടുന്നതെങ്കിൽ അതിന് ക്യാപ്പിറ്റൽ അപ്രീസിയേഷൻ എസ്‌ടിപി എന്നു പറയുന്നു. മൂലധനം ആദ്യ ഫണ്ടിൽ സുരക്ഷിതമായിരുന്നുകൊള്ളും എന്നതാണ് ഇതിന്റെ പ്രത്യേകത.

4 ഫ്‌ളെക്‌സി എസ്‌ടിപി

തവണത്തുകയുടെ അളവിൽ  നിശ്‌ചിതത്വം പാലിക്കുന്നില്ലെങ്കിൽ പദ്ധതിയെ ഫ്‌ളെക്‌സി എസ്‌ടിപി എന്നു വിളിക്കുന്നു. അതായത്, ഒരേ തുകയ്‌ക്കു തുല്യമായ യൂണിറ്റുകളല്ല ഓരോ തവണയും ഒരു പദ്ധതിയിൽനിന്നു മറ്റൊരു പദ്ധതിയിലേക്കു മാറ്റുക.

5 നികുതി ബാധ്യത

ഒരു പദ്ധതിയിൽനിന്നു മറ്റൊന്നിലേക്കു തുക മാറ്റുമ്പോൾ മാറ്റപ്പെടുന്ന തുകയിന്മേൽ മൂലധന നേട്ടത്തിനുള്ള നികുതി ബാധ്യത വരാം. എങ്കിലും ബാങ്ക് നിക്ഷേപത്തെയും മറ്റും അപേക്ഷിച്ചു മെച്ചം എസ്‌ടിപി തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com