ADVERTISEMENT

ന്യൂഡൽഹി∙ സ്വകാര്യ കമ്പനികൾക്കു മേലുള്ള നികുതി (കോർപറേറ്റ് നികുതി) കുറയ്ക്കാൻ വ്യവസ്ഥ ചെയ്യുന്ന നികുതി ഭേദഗതി ബിൽ ലോക്സഭ പാസാക്കി. വ്യവസായങ്ങൾക്ക് ഊർജമേകാനും രാജ്യത്തു നിക്ഷേപം ഉയർത്താനും ബിൽ വഴിയൊരുക്കുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കഴി‍ഞ്ഞ സെപ്റ്റംബറിൽ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനു പകരമാണു ബിൽ.

മോദി ഭരണത്തിനു കീഴിൽ സാമ്പത്തിക സ്ഥിതി അവതാളത്തിലായെന്നു പ്രതിപക്ഷവും രാജ്യം വികസന പാതയിലാണെന്നു ഭരണപക്ഷവും വാദപ്രതിവാദങ്ങൾ നിരത്തിയ ചർച്ചയ്ക്കൊടുവിൽ ശബ്ദവോട്ടോടെയാണു സഭ ബിൽ പാസാക്കിയത്. മഹാരാഷ്ട്ര സംഭവത്തോടെ പക്ഷം മാറിയ ശിവസേനയും സർക്കാരിനെതിരെ തിരിഞ്ഞു. ബിൽ വരുംദിവസങ്ങളിൽ രാജ്യസഭയിൽ അവതരിപ്പിക്കും.

വ്യവസായികൾ കേന്ദ്ര സർക്കാരിനെ ഭയപ്പെടുന്നുവെന്ന് ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജ് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തിനു ചർച്ചയ്ക്കിടെ നിർമല മറുപടി പറഞ്ഞു. വിമർശനങ്ങൾ കേൾക്കുകയും സ്വാഗതം ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സർക്കാരാണിത്. അവയിൽനിന്ന് ഒളിച്ചോടുന്നത് തന്റെ സംസ്കാരമല്ല. സർക്കാർ വിമർശനങ്ങൾക്കെതിരാണെന്ന വാദം അനീതിയാണ്.

ബലമില്ലാത്തവൾ (നിർബല) എന്നു പ്രതിപക്ഷം തന്നെ വിളിച്ചു; നിർബലയല്ല, സബലയാണു (ബലമുള്ളവൾ) താൻ. മറ്റ് ഏഷ്യൻ രാജ്യങ്ങൾ കോർപറേറ്റ് നികുതി കുറച്ച സാഹചര്യത്തിൽ, ഉയർന്ന നികുതി ഇന്ത്യയ്ക്കു ക്ഷീണം ചെയ്യും. വ്യവസായ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാനാണു നികുതി കുറയ്ക്കുന്നത് – നിർമല പറഞ്ഞു.

എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, എ.എം. ആരിഫ്, ഇ.ടി. മുഹമ്മദ് ബഷീർ, തോമസ് ചാഴികാടൻ തുടങ്ങിയവർ ചർച്ചയിൽ പ്രസംഗിച്ചു. പ്രേമചന്ദ്രൻ അവതരിപ്പിച്ച ഭേദഗതി സഭ ശബ്ദവോട്ടോടെ തള്ളി.

ബില്ലിലെ മുഖ്യ വ്യവസ്ഥകൾ:

–  കമ്പനി ചട്ടപ്രകാരം റജിസ്റ്റർ ചെയ്ത കമ്പനികൾക്ക് ഇളവ്.
– വനിലവിലുള്ള കമ്പനികളുടെ നികുതി 34.97 ശതമാനത്തിൽ നിന്ന് 25.1% ആകും.
– പുതുതായി ആരംഭിക്കുന്ന കമ്പനികളുടേത് 29.12ൽ നിന്ന് 17.16% ആകും. 2019 ഒക്ടോബർ ഒന്നിനു മുൻപ് റജിസ്റ്റർ ചെയ്യുകയും 2023 മാർച്ച് 31നു മുൻപ് പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്ന കമ്പനികളാണ് ഇതിലുൾപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com