ADVERTISEMENT

കൊച്ചി ∙ മൊബൈൽ പ്രീപെയ്ഡ് നിരക്കുകൾ ഉയർത്തിയത് എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികളുടെ വരുമാനം കാര്യമായി വർധിപ്പിക്കും. എയർടെലിന്റെ ത്രൈമാസ വരുമാനം 2400 കോടി രൂപയും വോഡഫോൺ ഐഡിയയുടേത് 2100 കോടിയും വർധിക്കുമെന്ന് ജെഎം ഫിനാൻഷ്യൽ കണക്കാക്കുന്നു. എന്നാൽ വരുമാനത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന റിലയൻസ് ജിയോ 40% നിരക്കുവർധന നടപ്പാക്കുമ്പോൾ വരുമാന വർധന 3900 കോടി രൂപയാകാമെന്നും ഗവേഷക ഏജൻസി പറയുന്നു.

വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ വോഡഫോൺ ഐഡിയ 31.73%, റിലയൻസ് ജിയോ 30.26%, എയർടെൽ 27.74% എന്നിങ്ങനെയാണ് സെപ്റ്റംബറിലെ നിലയെങ്കിലും വരുമാനത്തിന്റെ കാര്യത്തിൽ ജിയോയ്ക്കു വലിയ മുൻതൂക്കമുണ്ട്. ഏപ്രിൽ–സെപ്റ്റംബർ കാലത്ത് മൊബൈൽ ടെലികോം വരുമാനത്തിന്റെ 34.2% ജിയോയ്ക്കാണ്. എയർടെലിന് 30.6%. വരിക്കാരുടെ എണ്ണത്തിൽ ഒന്നാമതുള്ള വോഡഫോൺ ഐഡിയ 29.5% വിഹിതത്തോടെ മൂന്നാമതാണ്.

പോസ്റ്റ്പെയ്ഡിനു വർധനയില്ല

എയർടെലിനും വോഡഫോണിനും നിരക്കുവർധനയുടെ നേട്ടം താരതമ്യേന കുറയ്ക്കുന്ന മറ്റൊരു ഘടകം പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് നിരക്കുവർധന ബാധകമാക്കിയിട്ടില്ലെന്നതാണ്. എണ്ണം ആകെ വരിക്കാരുടെ 5 ശതമാനമേ കാണൂ എങ്കിലും എയർടെലിനും വോഡഫോണിനും അവരിൽനിന്നുള്ള വരുമാനം, ആകെ വരുമാനത്തിന്റെ നാലിലൊന്നു വരും. നിരക്കുകൾ പ്രീപെയ്ഡിനെക്കാൾ ഉയർന്നതായതാണു കാരണം. പ്രീപെയ്ഡിന്റെ ഇരട്ടി മുതൽ 5 മടങ്ങുവരെയാണ് കൂടുതൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളുടെയും ബിൽ തുക.

ജിയോയ്ക്കാണെങ്കിൽ പോസ്റ്റ് പെയ്ഡ് ചില കോർപറേറ്റ് കണക്‌ഷനുകളിൽ ഒതുങ്ങും. അതായത് ജിയോ നടപ്പാക്കുന്ന വർധന അവരുടെ 99% വരിക്കാർക്കും ബാധകമാകും. അങ്ങനെ നിരക്കുവർധനയിലൂടെയുള്ള വരുമാനവർധന ജിയോയ്ക്ക് കൂടുതലായിരിക്കും. ഡേറ്റ ഉപയോഗത്തിന്റെ കാര്യത്തിലും ഇപ്പോൾ ജിയോയാണു മുന്നിൽ. ആ നിലയ്ക്കും ഉയർന്ന നിരക്കുകൾ അവരെ കൂടുതൽ സഹായിക്കും.

ആർപു..റ്‌റോ....

നിരക്കുവർധനയോടെ, ഓരോ ഉപയോക്താവിൽനിന്നുമുള്ള ശരാശരി പ്രതിമാസ വരുമാനം (ARPU ആർപു) ഏകദേശം 21% ഉയരുമെന്ന് വിപണി ഗവേഷണ ഏജൻസികൾ പറയുന്നു. ഇപ്പോൾ 128 രൂപ നേടുന്ന എയർടെലിന് നിരക്കു വർധനയോടെ വരുമാനം 156 രൂപയാകുമെന്നും വോഡഫോൺ ഐഡിയയുടേത് 107 രൂപയിൽനിന്ന് 131 രൂപയാകുമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തി. ജിയോയുടെ ഇപ്പോഴത്തെ ആർപു 120 രൂപയാണ്. ഇനിയും നിരക്കു വർധനകൾ പ്രതീക്ഷിക്കാമെന്നും അതോടെ ഈ സാമ്പത്തിക വർഷം തന്നെ ‘ആർപു’ ഇപ്പോഴത്തെക്കാൾ 30% ഉയരാമെന്നും ജെഫറീസ്, എംകെ ഗ്ലോബൽ എന്നീ ഏജൻസികൾ വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com