ADVERTISEMENT

കൊച്ചി∙ മലയാളിയുടെ സർഗാത്മകതയും സംരംഭകത്വവും സമന്വയിപ്പിക്കാൻ കൊച്ചിയിൽ സെന്റർ ഫോർ ഡിസൈൻ എക്സലൻസ് വരുന്നു. ഡിസൈൻ, സമൂഹ മാധ്യമ രംഗങ്ങളിലെ പ്രശസ്ത കമ്പനികളായ ടെക്നി കളർ, ഓട്ടോഡെസ്ക്ക്, അഡോബി, ഫെയ്സ്ബുക് തുടങ്ങിയവ ഡിസൈൻ കേന്ദ്രത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചു. ബോൾഗാട്ടിയിൽ നടക്കുന്ന ഡിസൈൻ വീക്ക് സമ്മേളനത്തിലും ഇതു ചർച്ചയായി. ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ അനിമേഷൻ ചിത്രങ്ങൾ നിർമ്മിച്ച ടെക്നികളറിന്റെ ബെംഗളൂരു ഓഫിസിലെ 5500 പേരിൽ 2600 കലാകാരൻമാർ മലയാളികളാണെന്ന് സിഇഒ ബിരെൻ ഘോഷ് പറഞ്ഞു. 

കളമശേരിയിൽ സ്റ്റാർട്ടപ് മിഷൻ നടത്തുന്ന ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ളക്സിലാണ് ഡിസൈൻ സെന്റർ ഓഫ് എക്സലൻസും (ഡിസിഇ) ആരംഭിക്കുക. ഐടി രംഗത്ത് ഇൻക്യുബേറ്റർ സൗകര്യം നൽകുംപോലെ ഡിസൈൻ രംഗത്ത് ഇൻക്യുബേറ്റർ സൗകര്യവുമായിട്ടായിരിക്കും തുടക്കം. ക്യാമറകളും എഡിറ്റിങ്, സൗണ്ട് റെക്കോർഡിങ് സൗകര്യവും ഡിസൈനിങ് സോഫ്റ്റ്‌വെയറുകളും കംപ്യൂട്ടറുകളും ഉണ്ടായിരിക്കും. സർഗാത്മക കഴിവുകളുള്ളവർക്കു വന്നു സ്റ്റാർട്ടപ് ആരംഭിക്കാം.

കേരളത്തിനു ചേർന്ന രീതിയിലുള്ള ഐടി വികസനം എന്ന തത്വമാണ് ഇതിനു പിന്നിലുള്ളതെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. നിർമ്മിത ബുദ്ധിയിൽ (എഐ) അധിഷ്ഠിതമായ വ്യവസായങ്ങൾ വന്നാലും സർഗാത്മകതയെ മറികടക്കാൻ കഴിയില്ല എന്ന വസ്തുതയും കേരളത്തിന് ഡിസൈൻ രംഗം അനുകൂലമാക്കുന്നു. നിലവിൽ ഫ്രാൻസിലെ സ്റ്റേഷൻ എഫ് എന്ന സ്റ്റാർട്ടപ് സൗകര്യമാണ് ലോകത്തെ ഏറ്റവും വലുത്.

3.5 ലക്ഷം ചതുരശ്രയടി വിസ്തീർണമാണവിടെ. പഴയൊരു റയിൽവേ സ്റ്റേഷൻ രൂപമാറ്റം വരുത്തിയെടുത്തതാണത്. എന്നാൽ കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ളക്സും 2020ൽ പണി പൂർത്തിയാകുന്ന ബി ബ്ളോക്കും എസ്ടിപിഐ നിർമ്മിക്കുന്ന സി ബ്ളോക്കും ചേരുമ്പോൾ അഞ്ചുലക്ഷം ചതുരശ്രയടിയിലേറെ വിസ്തീരണമുണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റാർട്ടപ് സൗകര്യമാക്കി മാറ്റാം. ഏപ്രിലിൽ ആരംഭിക്കുകയാണു ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com