ADVERTISEMENT

കൊച്ചി∙ ഗൂഗിളിന്റെ ഏഷ്യ– പസിഫിക് മേഖലയിലെ ഏറ്റവും വലിയ സമ്മേളനമായ ഗൂഗിൾ പ്ലേ ടൈമിൽ പ്രഭാഷണം നടത്തുന്ന ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ് ഉടമയായി മലയാളി. റിയാഫൈ ടെക്നോളജീസ് സിഇഒയും സഹസ്ഥാപകനുമായ അങ്കമാലി സ്വദേശി ജോൺ മാത്യു (29) സിംഗപ്പൂരിൽ  ഇന്നലെ നടന്ന പ്ലേടൈം കോൺഫറൻസിൽ റിയാഫൈയുടെ വിജയരഹസ്യം പങ്കുവച്ചു. ഗൂഗിളിന്റെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന വേദിയിലാണു പ്രത്യേക ക്ഷണിതാവായി ജോൺ പ്രസംഗിച്ചത്.  ഗൂഗിളിന്റെ എബി ടെസ്റ്റിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്, ആപ്പിലൂടെയുള്ള വരുമാനത്തിൽ 10 മടങ്ങു വളർച്ച കൈവരിച്ചതിന്റെ അനുഭവം പങ്കുവയ്ക്കാനാണ് ജോണിനു ക്ഷണം ലഭിച്ചത്.

ആപ് ഡവലപ്പർമാർക്കു പ്രതീക്ഷയേകുന്നതാണ് ജോണിനു ലഭിച്ച അംഗീകാരം. കേരള സ്റ്റാർട്ടപ് മിഷന്റെ കളമശേരി സ്റ്റാർട്ടപ് സമുച്ചയത്തിൽ ഇൻക്യുബേറ്റ് ചെയ്ത കമ്പനിയാണ് റിയാഫൈ ടെക്നോളജീസ്. പാചകം അനായാസമാക്കാനും വൈവിധ്യമാർന്ന രുചികൾ പരീക്ഷിക്കാനുമെല്ലാം അവസരമൊരുക്കുന്ന റിയാഫൈയുടെ കുക്ക്ബുക് ആപ്പിനു ലോകമെമ്പാടും സ്വീകാര്യതയുണ്ട്. ജോൺ മാത്യു, ജോസഫ് ബാബു, എം.നീരജ്, ബെന്നി സേവ്യർ, കെ.വി.ശ്രീനാഥ്, ബിനോയ് ജോസഫ് എന്നിവർ 2013ൽ തുടങ്ങിയതാണ് റിയാഫൈ.

കുക്ക്ബുക് ആപ്

60 ലക്ഷം പേരാണ് ആപ് ഇപ്പോൾ ഉപയോഗിക്കുന്നത്. 21 ഭാഷകളിലായി 127 രാജ്യങ്ങളിലുള്ളവർ ഇഷ്ടവിഭവങ്ങൾ ഒരുക്കാൻ കുക്ക്ബുക്കിന്റെ സഹായം തേടുന്നു. പാചക ആപ്പുകളിൽ രാജ്യത്ത് ഒന്നാംസ്ഥാനവും, ലോകത്തു രണ്ടാംസ്ഥാനവും. സ്മാർട്ഫോണിലും സ്മാർട്‍‌വാ‌‌ച്ചിലും ആൻഡ്രോയ്ഡ് ടിവിയിലും കുക്ക്ബുക് ലഭിക്കും.

മുൻപും ഗൂഗിളിന്റെ അംഗീകാരം

കലിഫോർണിയയിൽ നടന്ന കഴിഞ്ഞ ഗൂഗിൾ ഐ/ഒ (ഇൻപുട്, ഔട്പുട്) കോൺഫറൻസിലും റിയാഫൈ ടെക്നോളജീസിന്റെ കുക്ക്ബുക്കിന് അംഗീകാരം ലഭിച്ചിരുന്നു. റിയാഫൈയുടെ സാങ്കേതിക നേട്ടം വിഡിയോ സ്റ്റോറിയായി അവതരിപ്പിച്ചു. ലോകത്തെ 8 ലക്ഷം ഡവലപ്പർമാരിൽനിന്നാണ് റിയാഫൈ തിര‍ഞ്ഞെടുക്കപ്പെട്ടത്.

60 ലക്ഷം പേർ ഉപയോഗിക്കുന്ന ഈ റെസിപ്പി ആപ്പിന്റെ വലുപ്പം ഗൂഗിളിന്റെ ആപ് ബൻഡ്ൽ വിദ്യ ഉപയോഗിച്ച് ഗണ്യമായി കുറച്ചതിനായിരുന്നു അംഗീകാരം. ഗൂഗിളിന്റെ തന്നെ സംഘം കേരളത്തിലെത്തിയാണ് വിഡിയോ ചിത്രീകരിച്ചത്. 2015 മുതൽ ഗൂഗിളിന്റെ പല ആഗോള സമ്മേളനങ്ങളിലും റിയാഫൈ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഗൂഗിളിന്റെ ഏർലി ആക്സസ് പ്രോഗ്രാം അടക്കമുള്ള സ്റ്റാർട്ടപ് പ്രോൽ‌സഹാനപദ്ധതികളിലും പങ്കാളിയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com