ADVERTISEMENT

സ്വന്തം നിലയിലും കുടുംബത്തിനും സംരക്ഷണം നല്കുന്നതിനുള്ള ലളിതമായ ഇൻഷുറൻസ് പദ്ധതിയാണ് ടേം പ്ലാൻ എന്നതിൽ സംശയമില്ല. കുറഞ്ഞ വാർഷിക പ്രീമിയം നല്കി നിർഭാഗ്യകരമായ മരണസമയത്ത് കുടുംബത്തിന് മികച്ച സാമ്പത്തിക സംരക്ഷണം നല്കുന്നതാണ് ഈ പ്ലാൻ.
കുറഞ്ഞ പ്രീമിയത്തിന് ഉയർന്ന രീതിയിൽ ഇൻഷുറൻസ് കവർ നല്കുന്ന ടേം ലൈഫ് പ്ലാൻ ഉപയോഗപ്പെടുത്തി കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി ആദ്യംതന്നെ തെരഞ്ഞെടുക്കാൻ കഴിയുന്ന പ്ലാൻ ഇതുതന്നെ എന്നു പറയാം.

പോളിസി ഉടമ നിർഭാഗ്യവശാൽ മരണപ്പെട്ടു കഴിഞ്ഞാൽ കുടുംബത്തിന് ഉടനെയും ദീർഘകാലത്തേക്കുമുള്ള സാമ്പത്തിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള മികച്ച പദ്ധതിയാണെങ്കിലും പോളിസി കാലാവധിക്ക് അപ്പുറം പ്രീമിയം അടയ്ക്കുന്നയാൾ ജീവിച്ചിരുന്നാൽ ഒരു ഗുണവുമില്ല എന്നതാണ് ഇതിനെതിരെയുള്ള പരാതി.

ഇക്കാര്യം പരിഹരിക്കുന്നതിനായി ലൈഫ് ഇൻഷുറൻസ് കമ്പനികൾ ടേം ഇൻഷുറൻസ് പ്ലാനിനൊപ്പം പുതിയതായി ’ടേം റിട്ടേൺ ഓൺ പ്രീമിയം’ (TROP ട്രോപ്) പുതിയതായി കൂട്ടിച്ചേർത്തിരിക്കുന്നത് ഈ പ്ലാനിന് കൂടുതൽ സ്വീകാര്യത നല്കും. പോളിസി ഉടമ മരണപ്പെട്ടാൽ നോമിനിക്ക് എല്ലാവിധ കവറേജും നല്കുന്നതിനൊപ്പം അധിക പ്രീമിയം നല്കിയാൽ പോളിസി കാലാവധിക്കു ശേഷവും പോളിസി ഉടമ ജീവിച്ചിരിക്കുകയാണെങ്കിൽ ടേം റിട്ടേൺ ഓൺ പ്രീമിയം അനുസരിച്ച് പോളിസി കാലാവധിയിൽ അടച്ച മുഴുവൻ പ്രീമിയവും തിരികെ ലഭിക്കും. പോളിസി കാലാവധിക്ക് ശേഷവും ജീവിച്ചിരിക്കുന്നതിനുള്ള പ്രത്യേക പ്രതിഫലമായി ഇതിനെ കാണാം. ലൈഫ് ഇൻഷുറൻസിനൊപ്പം, കാലാവധി കഴിഞ്ഞു ജീവിച്ചിരുന്നാൽ പ്രീമിയത്തിന് റിട്ടേണും ലഭിക്കുന്ന ഇരട്ട ഗുണഫലങ്ങളുള്ള ഈ പോളിസി ഇപ്പോൾ കൂടുതൽ ആകർഷകമായിരിക്കുന്നു.

30 വയസ്സുള്ള ഒരു യുവാവ് ഒരു കോടി രൂപ സം അഷ്വേഡുള്ള ടേം പ്ലാനിൽ 30 വർഷത്തേക്ക് നിക്ഷേപിക്കുന്നുവെന്നു കരുതുക. കാലാവധി കഴിയുമ്പോൾ തിരികെ ഒന്നും ലഭിക്കാത്ത നോൺ ട്രോപ് ആണ് സ്വീകരിച്ചതെങ്കിൽ വാർഷികപ്രീമിയമായി 7900 രൂപയാണ് അടയ്ക്കേണ്ടത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഒരു കോടി രൂപ ലൈഫ് കവറേജ് ആയി ലഭിക്കും.

ട്രോപ് വേരിയന്റ് അനുസരിച്ച് വാർഷിക പ്രീമിയം തുകയിൽ 8000 രൂപകൂടി ചേർത്ത് 15,900 രൂപ അടയ്ക്കുകയാണെങ്കിൽ പോളിസി കാലാവധി കഴിഞ്ഞും ജീവിച്ചിരിക്കുന്നവർക്ക് 4,77,000 രൂപ ഉറപ്പായും ലഭിക്കും. ഇത് ഇരട്ടനേട്ടമാണ് നല്കുന്നത്.
മികച്ച ഗുണഫലം ഉറപ്പാക്കുന്ന ട്രോപ് പ്ലാൻ അനുസരിച്ച് ഉപയോക്താവിന് ടേം ഇൻഷുറൻസിനൊപ്പം സേവിങ്സ് ബാങ്കിൽ നിഷ്ക്രിയമായി കിടക്കാമായിരുന്ന തുക കൂടി ഉപയോഗപ്പെടുത്തുമ്പോൾ മികച്ച തുക ഒറ്റത്തവണയായി തിരികെ ലഭിക്കും. അടച്ച മുഴുവൻ പ്രീമിയവും തിരികെ ലഭിക്കുമെന്നതിനാൽ പോളിസി കാലാവധിക്ക് ശേഷം ഈ തുക ഭാവിയിലേക്കുള്ള കരുതലാകും.

സാധാരണ ടേം ഇൻഷുറൻസ് പ്ലാനിലേതിനേക്കാൾ ഇരട്ടിത്തുകയാണ് പ്രീമിയമായി അടയ്ക്കുന്നതെങ്കിലും ട്രോപ് ഗുണഫലം കൂടി ഉൾപ്പെടുത്തുമ്പോൾ പോളിസി കാലാവധിക്കുശേഷം മികച്ചൊരു റിട്ടേൺ മൊത്തം തുകയായി ലഭിക്കും. പ്രത്യേകിച്ച് ജോലിയിൽനിന്ന് വിരമിക്കുന്ന കാലത്ത് മികച്ചൊരു തുക ഒന്നിച്ചു ലഭിക്കുന്നുവെന്നത് അക്കാലത്ത് ഏറെ ഗുണകരമാകും.

സാധാരണ ടേം ഇൻഷുറൻസ് പ്ലാനിനേതിനെക്കാൾ ചെലവേറിയതാണ് ടേം പ്ലാനിനൊപ്പം ട്രോപ് ഗുണഫലം കൂടിയുള്ളത് എന്ന കാര്യം ഓർത്തിരിക്കുക. അതുകൊണ്ടുതന്നെ ഒരാളുടെ സാമ്പത്തികസ്ഥിതികൂടി പരിഗണിച്ചിട്ടുവേണം നിലവിലുള്ള ടേം പോളിസി ഇൻഷ്വറൻസുകൾ ഉപേക്ഷിക്കാൻ തീരുമാനിക്കാൻ. പോളിസി കാലാവധിക്കു മുമ്പായി ടേം പോളിസികൾ നിർത്തിവച്ചാൽ ഗുണഫലം ലഭിക്കില്ല എന്ന കാര്യവും ഓർക്കുക. ശ്രദ്ധാപൂർവം വേണം ട്രോപ് ഗുണഫലങ്ങളുള്ള ടേം ഇൻഷുറൻസ് പ്ലാനിൽ നിക്ഷേപിക്കാൻ. പോളിസി കാലാവധിക്കു ശേഷവും ജീവിച്ചിരിക്കുമ്പോൾ പ്രീമിയം തുകയായി അടച്ച ആകെത്തുക തിരികെ ലഭിക്കുമെന്നതാണ് പ്രധാനമായും പരിഗണിക്കേണ്ട കാര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com