ADVERTISEMENT

ജിഎസ്ടിആർ 1 നും ലേറ്റ് ഫീ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. 2017 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെയുള്ള ജിഎസ്ടിആർ 1 ഫയൽ ചെയ്യാനുള്ള അവസരം 17 ന് അവസാനിക്കും. ജിഎസ്ടി റിട്ടേണിലെ താരതമ്യേന സങ്കീർണമായ ജിഎസ്ടിആർ 1 റിട്ടേൺ ഫയൽ ചെയ്യാനുള്ളത് ഇനിയും 40 ശതമാനത്തിലേറെ വ്യാപാരികളാണ്. കഴിഞ്ഞ 2 വർഷത്തെ ജിഎസ്ടിആർ 1 ഫയലിങ്ങിനു ജനുവരി 10 വരെ സമയം അനുവദിച്ചത് കഴിഞ്ഞ ജിഎസ്ടി കൗൺസിലാണ്.

പിന്നീട് 7 ദിവസം കൂടി നീട്ടിനൽകി. കൂടുതൽ വിവരങ്ങൾ കൃത്യമായി എന്റർ ചെയ്യേണ്ട ജിഎസ്ടിആർ 1 ഫയൽ ചെയ്യാൻ വ്യാപാരികൾക്ക് ലഭിക്കുന്നത് ഒരു മാസത്തിൽത്താഴെ. അവസാന ദിവസങ്ങളിൽ നെറ്റ്‌വർക്ക് തിരക്കും അനുഭവപ്പെടുന്നുണ്ട്. ത്രൈമാസവ്യവസ്ഥയിൽ ജിഎസ്ടിആർ1 ഫയൽ ചെയ്തിരുന്ന വ്യാപാരികൾക്കു മാസംതോറും ഫയൽ ചെയ്യുന്ന രീതിയിലേക്കു മാറാനുള്ള അവസരവും ഇതുവരെ സർക്കാർ നൽകിയിട്ടില്ല. ഒട്ടേറെ വ്യാപാരികൾ ഇതുമൂലം വലിയ പിഴത്തുക നൽകേണ്ട സാഹചര്യമുണ്ടാകും. കൂടാതെ ഇ–വേ ബില്ലും മുടങ്ങും.

നാലിരട്ടി പിഴ

ജിഎസ്ടി ആരംഭിച്ചപ്പോൾ മുതലുള്ള പെൻഡിങ് ജിഎസ്ടിആർ1 റിട്ടേണുകൾ തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൗൺസിൽ പ്രത്യേക സമയം അനുവദിച്ചത്. കൃത്യസമയത്ത് റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ജിഎസ്ടിആർ3ബി പോലെ ജിഎസ്ടിആർ1 നും പിഴ സമ്പ്രദായം ഇതോടെ നിലവിൽ വന്നു. വിറ്റുവരവ് ഒന്നരക്കോടിയിൽ താഴെയുള്ള വ്യാപാരികൾ ജിഎസ്ടിആർ1, 3 മാസത്തിലൊരിക്കൽ ഫയൽ ചെയ്താൽ മതിയെന്നായിരുന്നു വ്യവസ്ഥ. ഇപ്പോഴും ഈ നിയമം നിലനിൽക്കുന്നുണ്ട്. ഇവർക്ക് ജിഎസ്ടിആർ1 ഫയലിങ് മാസംതോറുമെന്ന രീതിയാക്കണമെങ്കിൽ അടുത്ത സാമ്പത്തിക വർഷം ആരംഭിക്കണം. അതുവരെ ദിവസംതോറുമുള്ള പിഴ അടയ്ക്കണം.

എസ്ജിഎസ്ടിയും സിജിഎസ്ടിയും ചേർന്ന് 200യാണ് രൂപ ദിവസം പിഴ. ഒരു മാസം 10,000 രൂപ എന്ന പരിധിയുണ്ട്. 3ബി കുടിശികയ്ക്ക് 50 രൂപയായിരുന്നു. ജിഎസ്ടിആർ1 നും ലേറ്റ് ഫീ വരുന്നതോടെ 3ബി ഫയലിങ് കൂടി വൈകാനും സാധ്യതയുണ്ട്. 3 ബി നേരത്തെ ഫയൽ ചെയ്ത് ലേറ്റ് ഫീസ് അടച്ചവർക്ക് റീഫണ്ട് നൽകാമെന്ന വാഗ്ദാനം സർക്കാർ നൽകിയിരുന്നു. എന്നാൽ ഈ വാഗ്ദാനം പാലിച്ചിട്ടില്ല. ജിഎസ്ടിആർ1 പെൻഡിങ് ആണെങ്കിൽ ഇ–വേ ബിൽ ബ്ലോക്കാകുന്ന സാഹചര്യവുമുണ്ട്. നേരത്തെ 3ബി ഫയലിങ് മുടങ്ങിയാൽ മാത്രമേ ഇ–വേ ബിൽ തടയുമായിരുന്നുള്ളു.

സങ്കീർണം, ഫയലിങ്

വിറ്റുവരവ് എന്റർ ചെയ്ത് 3 ബി ഫയൽ ചെയ്യുന്നതുപോലെ ലളിതമല്ല, ജിഎസ്ടിആർ1. ഒട്ടേറെ വിവരങ്ങൾ തെറ്റുകൂടാതെ നൽകേണ്ടതുണ്ട്.
ഒരു മാസം 1000 ബില്ലുകളുള്ള വ്യാപാരിക്ക് ഓരോ ബില്ലിലെയും വിൽപന വിവരങ്ങൾ കൃത്യമായി നൽകണം. ഓരോ ബില്ലിലെയും പാർട്ടിയുടെ പേര്, പാർട്ടിയുടെ വിലാസം, ജിഎസ്ടി നമ്പർ, അളവ്, മൂല്യം, എസ്ജിഎസ്ടി, സിജിഎസ്ടി, ഐജിഎസ്ടി, ആകെത്തുക എന്നിവയെല്ലാം തെറ്റാതെ നൽകണം. ജിഎസ്ടി നമ്പരിൽ ഏതെങ്കിലും അക്കം തെറ്റിയാൽപ്പോലും ബില്ല് അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. ആയിരക്കണക്കിന് ബില്ലുകൾ പ്രതിമാസം ആവശ്യമായി വരുന്ന വ്യാപാരികളുണ്ട്. ഇവ കൃത്യമായി എന്റർ ചെയ്ത് റിട്ടേൺ ഫയൽ ചെയ്യുക ശ്രമകരവും കൂടുതൽ സമയം ആവശ്യമായതുമായ ജോലിയാണ്.

വിവരങ്ങൾ സബ്മിറ്റ് ചെയ്താലും ഫയലിങ് നടത്തിയില്ലെങ്കിൽ ലേറ്റ് ഫീസിൽ നിന്ന് ഒഴിവാകാനാകില്ല. എല്ലാ മാസവും ജിഎസ്ടിആർ1 ഫയൽ ചെയ്ത് ജിഎസ്ടിആർ2എ നോക്കി ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുക്കണമെന്നാണ് പുതിയ കൗൺസിലിന്റെ തീരുമാനം. ജിഎസ്ടിആർ1 ഫയലിങ് ത്രൈമാസത്തിൽ നടത്തിയിരുന്നവർ ഇപ്പോൾ മാസംതോറുമുള്ള രീതി ആക്കണമെന്ന് കൗൺസിലിനോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനമില്ല. ഇൻപുട് ടാക്സ് ക്രെഡിറ്റ് 3 മാസം വൈകുമെന്നതിനാൽ ഇത്തരം വ്യാപാരികളിൽ നിന്ന് പർച്ചേസ് ചെയ്യാൻ പലരും മടിക്കുന്ന സാഹചര്യവുമുണ്ട്. പുതിയ സാമ്പത്തിക വർഷത്തിലേക്കു കടക്കും മുൻപ് മാസംതോറും ജിഎസ്ടിആർ1 ഫയൽ ചെയ്യാനുള്ള സംവിധാനമെങ്കിലു സർക്കാർ വ്യാപാരികൾക്ക് ചെയ്തുകൊടുത്തേ മതിയാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com