ADVERTISEMENT

കൊച്ചി ∙ നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചി – മംഗളൂരു പ്രകൃതിവാതക (എൽഎൻജി) പൈപ് ലൈൻ മാർച്ച് 31ന് അകം പൂർണമായി കമ്മിഷൻ ചെയ്യുന്നതോടെ കേരള സർക്കാരിനു നികുതി ഇനത്തിൽ പ്രതിവർഷം ഏകദേശം 985 കോടി രൂപ ലഭിക്കാൻ വഴിയൊരുങ്ങും.

പൈപ് ലൈൻ പൂർണമാകുന്നതോടെ കോയമ്പത്തൂരിലെയും മംഗളൂരുവിലെയും വ്യവസായ ശാലകൾക്കു വാതകം ലഭ്യമാകും. പ്രതിദിന ഉപയോഗം 60 ലക്ഷം ക്യുബിക് മീറ്റർ ആയി ഉയർന്നേക്കും. എങ്കിൽ സർക്കാരിന്റെ നികുതി വരുമാനം ഉയർന്ന് 985 കോടിയിലെത്തും. നിലവിലെ വാതക വിലയുടെയും നികുതി നിരക്കുകളുടെയും അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.

വ്യവസായ മേഖലയ്ക്കു ലാഭോർജം

ഇന്ധനച്ചെലവു ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന എൽഎൻജിയുടെ ലഭ്യത വ്യവസായ മേഖലയ്ക്കു പുതിയ ഊർജം നൽകുമെന്നാണു വിലയിരുത്തൽ. നിലവിൽ കൊച്ചിയിലെ വ്യവസായശാലകളാണു വാതകത്തിന്റെ പ്രധാന ഉപയോക്താക്കൾ.

കഴിഞ്ഞ ദിവസത്തെ ഉപയോഗം 38 ലക്ഷം ക്യുബിക് മീറ്റർ. പൈപ് ലൈൻ പൂർണമാകുന്നതോടെ വ്യാവസായിക ഇന്ധനത്തിനു പുറമേ, വാഹന ഇന്ധനമായും (സിഎൻജി), പാചക വാതകമായുമുള്ള (സിറ്റി ഗ്യാസ് പദ്ധതിയിലൂടെ ലഭിക്കുന്ന പിഎൻജി) ഉപയോഗവും വർധിക്കും. 

3 നദികൾ കടന്നു മംഗളൂരുവിലേക്ക്

444 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ് ലൈനിന്റെ ആദ്യ ഘട്ടം കൊച്ചിയിൽ നിന്നു പാലക്കാടു ജില്ലയിലെ കൂറ്റനാടു വരെ കഴിഞ്ഞ വർഷം കമ്മിഷൻ ചെയ്തിരുന്നു. കൂറ്റനാട് – മംഗളൂരു ലൈനാണ് ഇപ്പോൾ കമ്മിഷൻ ചെയ്യാൻ ഒരുങ്ങുന്നത്. കൂറ്റനാട് – സേലം – ബെംഗളൂരു പാതയുടെ ഭാഗമായ വാളയാർ ലൈൻ ജൂൺ 30 ന് അകം കമ്മിഷൻ ചെയ്യും.  

പ്രാദേശിക എതിർപ്പുകളും പ്രളയക്കെടുതികളും മൂലമാണു പൈപ് ലൈൻ പൂർണമാകാൻ വർഷങ്ങളോളം വൈകിയത്. ഇപ്പോൾ നേരിടുന്ന തടസ്സം നദികളിലൂടെയുള്ള പൈപ്പിടലാണ്. മംഗളൂരുവിലെ നേത്രാവതിയിലും കാസർകോട് ജില്ലയിലെ ചന്ദ്രഗിരിയിലും കോഴിക്കോട്ടെ കുറ്റ്യാടിയിലും പൈപ്പിടൽ വൈകി. മാർച്ച് ആദ്യവാരം ഈ ജോലികളും പൂർത്തിയാക്കിയ ശേഷമാകും കമ്മിഷനിങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com